Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ ഉത്ഭവം: ചൈനയുടെ അന്വേഷണത്തിൽ പങ്കുചേരാന്‍ അനുമതി തേടി ഡബ്ല്യുഎച്ച്ഒ

ബീജിംഗ്- വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉല്‍ഭവം സംബന്ധിച്ച് ചൈന നടത്തുന്ന അന്വേഷണത്തില്‍ പങ്കുചേരാന്‍ ലോകാരോഗ്യ സംഘടന അനുമതി തേടി. അമേരിക്കന്‍ പ്രസിഡന്റ് ലോകാരോഗ്യ സംഘടനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ചൈന സ്വന്തം നിലയില്‍ നടത്തുന്ന അന്വേഷണത്തില്‍ പങ്കാളിയാകാന്‍ സംഘടന താല്‍പര്യം അറിയിച്ചിരിക്കുന്നത്. ഡബ്ല്യുഎച്ച്ഒ ചൈനക്കായി കുഴലൂത്ത് നടത്തുകയാണ് എന്നാണ് അവസാനമായി ട്രംപ് യുഎന്‍ സംഘടനയെ ആക്ഷേപിച്ചത്.

"കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ചൈനീസ് സർക്കാരിന്റെ ക്ഷണപ്രകാരം ഒന്നിച്ച് പ്രവർത്തിക്കാൻ ഞങ്ങള്‍ താൽപ്പര്യപ്പെടുന്നു" എന്നാണ് ലോകാരോഗ്യ സംഘടനയുടെ വക്താവ് താരിക്ക് ജസാരെവിക് കഴിഞ്ഞ ദിവസം പറഞ്ഞത്.

സംഘടനയുടെ ചൈനയിലെ പ്രതിനിധി ഡോ. ഗൗഡൻ ഗാലിയയും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുവന്നു. 'ചൈന ദേശീയതലത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് അറിയാമെങ്കിലും ഇതില്‍ പങ്കെടുക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്റെ കാഴ്ചപ്പാടിൽ ലോകാരോഗ്യ സംഘടനയെ ചൈനീസ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാന്‍ നല്ല കാരണങ്ങളൊന്നുമില്ല' ഗാലിയ പറഞ്ഞു. 

ചൈനയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്താവനകളാണ് ട്രംപിന്റെ നിരന്തര വിമര്‍ശനങ്ങള്‍ക്ക് ശേഷം ലോകാരോഗ്യ സംഘടനയില്‍നിന്ന് വരുന്നത് എന്നത് ശ്രദ്ധേയമാണ്. കൊറോണ വൈറസ് സ്വാഭാവികമായി സംഭവിച്ചതാണെന്നതിൽ തങ്ങൾക്ക് യാതൊരു സംശയവുമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും വൈറസിന്റെ യഥാർത്ഥ പ്രഭവകേന്ദ്രമായ വുഹാനില്‍ സ്ഥിതിചെയ്യുന്ന രണ്ട് വൈറൽ ലാബുകളിൽ നിന്നുള്ള രേഖകൾ പഠിക്കാൻ ലോകാരോഗ്യ സംഘടനയെ ഇതുവരെ അനുവദിച്ചിട്ടില്ലെന്ന കാര്യവും ഡോ.ഗാലിയ വ്യക്തമാക്കുന്നു.

അതേസമയം, യുഎന്‍ ആരോഗ്യ സംഘത്തിന്റെ ആവശ്യത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest News