പ്രവാസി ധനസഹായം: വിമാന ടിക്കറ്റ് നിർബന്ധമല്ല

തിരുവനന്തപുരം - നാട്ടിലെത്തിയ ശേഷം മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്കുള്ള ധനസഹായത്തിന് വിമാന ടിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയെന്ന് നോർക്ക അറിയിച്ചു.
ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്കാണ് 5000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്‌പോർട്ട് പേജ് അപ് ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു. കാലാവധി കഴിയാത്ത വിസ, പാസ്‌പോർട്ട് ഉള്ളവർക്കും ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റിന്റെ പകർപ്പ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ലെന്നും മെയ് അഞ്ച് വരെ അപേക്ഷ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 


 

Latest News