Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിനിമയങ്ങളുടെ മഹാഗാഥ

'നയതന്ത്രത്തിലെ ഗൃഹാതുരത്വം' എന്ന് ഏതെങ്കിലും രാഷ്ട്ര ബന്ധത്തെ വിശേഷിപ്പിക്കാമെങ്കിൽ അത് ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള, പൗരാണിക കാലത്തോളം ചെന്നെത്തുന്ന ഊഷ്മളമായ പാരസ്പര്യത്തെയാണ്. അഗാധവും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമായ ആ ബന്ധം നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്താൽ കൂടുതൽ തിളക്കമാർന്നതും അവിഛിന്നവുമായി നിലകൊണ്ടു. അറബികൾ മതപ്രചാരണത്തിനും കച്ചവടത്തിനുമായി പല ഭൂഖണ്ഡങ്ങൾ താണ്ടിയിട്ടുണ്ടെങ്കിലും ഇന്ത്യയുമായുള്ള അവരുടെ ബന്ധം ആ രണ്ട് ലക്ഷ്യങ്ങൾക്കുമപ്പുറം സാധുവും സ്വാഭാവികവുമായ സൗഹൃദമായി വളരുകയായിരുന്നു. കാവ്യാത്മകവും പലപ്പോഴും കാൽപനികവുമായ ഭാഷയിലല്ലാതെ വിവരിക്കാൻ കഴിയാത്തത്ര ഹൃദ്യവും ആസ്വാദ്യകരവുമായ തലത്തിലേക്ക് ആ സൗഹൃദ ബന്ധം വളർന്നു പന്തലിച്ചതുകൊണ്ടാണ് ഗൃഹാതുരമെന്ന് അതിനെ വിശേഷിപ്പിക്കേണ്ടി വരുന്നത്. 


രാഷ്ട്രങ്ങൾ തമ്മിലെന്നതിനേക്കാൾ, ജനതകൾ തമ്മിലുള്ള ബന്ധമാണ് ഇന്ത്യക്കും അറബ് നാടുകൾക്കുമുള്ളത്. മതവും സംസ്‌കാരവും വ്യാപാരവും പ്രവാസവുമെല്ലാം ഇടകലരുന്ന, വിനിമയങ്ങളുടെ മഹാഗാഥയാണത്. ചരിത്രം സാക്ഷിയായ അപൂർവ നിമിഷങ്ങളുടെ അസംഖ്യം ചിത്രണങ്ങൾ തീർത്ത ബന്ധം. മധ്യപൂർവ ദേശത്തിന്റെ സംസ്‌കാരവുമായി ഇന്ത്യക്കുള്ള ബന്ധത്തിന് ചരിത്രകാരന്മാർ നിശ്ചയിക്കുന്ന പ്രായം അയ്യായിരം ദീർഘവർഷങ്ങളുടേതാണ്. മതവൈരത്തിന്റെ കറുത്ത കണ്ണടകളിൽ കൂടി നോക്കുന്ന ഹിന്ദുത്വ തീവ്രവാദികൾ തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കുന്നത് ഈ വലിയ സാംസ്‌കാരിക ദർപ്പണത്തെയാണ്.


അഭൂതപൂർവമായ മാനുഷിക ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും അനവധി പ്രകാശനങ്ങൾക്ക് സാക്ഷിയായ കോറോണക്കാലം, ഇത്തരം സങ്കുചിത മനസ്‌കരുടെ ഹിംസാത്മകമായ വിളയാട്ടത്തിനും സാക്ഷിയായി എന്നത് ചരിത്രത്തിലെ വൈരുധ്യമായി നിലനിൽക്കുമെന്നുറപ്പ്. വൈറസിന്റെ മതം കണ്ടെത്താനുള്ള കുത്സിത ശ്രമത്തിനിടയിൽ, ഇസ്‌ലാം ഭീതിയുടെ അരികു പറ്റി അവർ ആക്രമിക്കാൻ ശ്രമിച്ചത്, അറബ് രാഷ്ട്രങ്ങളുമായി നാം പടുത്തുയർത്തിയ മഹത്തായ സൗഹൃദത്തെയാണ്. തീർച്ചയായും അത് ഇന്ത്യക്ക് അപരിഹാര്യമായ നഷ്ടമാകും സൃഷ്ടിക്കുക. രാഷ്ട്രീയ ദുഷ്ട ലാക്കോടു കൂടിയ ഇത്തരം തീവ്ര നിലപാടുകൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ അത് അറബ് മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നതായി നമ്മുടെ ഭരണകർത്താക്കൾക്ക് ബോധ്യപ്പെട്ടു എന്നതിലാണ് അൽപം സമാശ്വാസം.


കോവിഡ് മുന്നറിയിപ്പുകളെ അവഗണിച്ച് ദൽഹിയിൽ ചേർന്ന തബ്‌ലീഗ് സമ്മേളനത്തിന്റെ പേരിൽ ഒരു മതത്തെയും ജനതയെയും മാത്രമല്ല, ആ സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രങ്ങളായ രാഷ്ട്രങ്ങളെ കൂടി ആക്രമിക്കാനും കഠിനമായ ഇസ്‌ലാം ഭീതിയുടെ വാക്മുനകൾ കൊണ്ട് അവഹേളിക്കാനും മുതിർന്ന ഹിന്ദുത്വ വാദികൾ, ഒമാനിലും യു.എ.ഇയിലുമടക്കമുള്ള രാജകുടുംബങ്ങളെപ്പോലും ഇത്തവണ അസ്വസ്ഥമാക്കി. സാധാരണ ഗതിയിൽ അവഗണിച്ചു തള്ളുമായിരുന്ന ഇത്തരം വായാടിത്തങ്ങളെ അവർ ഗൗരവത്തിലെടുക്കുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ, അറബ് രാജ്യങ്ങൾ ഒരിക്കലും മതത്തിന് പങ്ക് കൽപിച്ചിരുന്നില്ല. ഏറ്റവും വിവാദമായ കശ്മീർ, പൗരത്വ രജിസ്റ്റർ വിഷയങ്ങളിൽ പോലും അറബ് രാഷ്ട്രങ്ങളുടെ പ്രതികരണം ഈ കാഴ്ചപ്പാടിന് അടിവരയിടുന്നതായിരുന്നു. 


ഒരു രാജ്യാന്തര വിഷയമെന്ന നിലക്ക് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസ് കശ്മീർ വിഷയങ്ങളിൽ ഇടക്ക് പ്രതികരിക്കുമെങ്കിൽ പോലും അത് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുകയോ കശ്മീരിൻമേലുള്ള ഇന്ത്യയുടെ അവകാശത്തെ കുറച്ചുകാണുകയോ ചെയ്തിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിൽ പ്രതികരിച്ച ഒ.ഐ.സിക്കെതിരെ തീവ്രമായ ഭാഷയിലാണ് ഇന്ത്യ മറുപടി നൽകിയത്. അത് ഒരു രാഷ്ട്രീയപ്രശ്‌നമെന്ന നിലയിൽ വിട്ടുകളയാവുന്നതേയുള്ളൂ. എന്നാൽ ഇന്ത്യയിൽ വർധിച്ചു വരുന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഒ.ഐ.സിക്ക് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്തർ അബ്ബാസ് നഖ്‌വി നൽകിയ 'വായടപ്പൻ മറുപടി' ഇന്ത്യയുടെ നയതന്ത്ര പാരമ്പര്യത്തിന് ചേർന്നതായിരുന്നില്ല. കോവിഡിന്റെ പേരിൽ മതത്തെ അവഹേളിക്കുന്നതിൽ അതൃപ്തമായിരുന്ന അറബ് മനസ്സ് ഇതോടെ കൂടുതൽ കലുഷമാവുകയായിരുന്നു. അതിന്റെ വ്യാപ്തി കണ്ടറിഞ്ഞയുടൻ നയതന്ത്ര തലത്തിൽ ഇടപെടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയുണ്ടായി. മതവും ജാതിയും വംശവും ഭാഷയും നോക്കിയല്ല കോവിഡ് ആക്രമിക്കുകയെന്നും നമ്മുടെ പ്രതികരണവും സ്വഭാവവും ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഏപ്രിൽ 19 ന് ഒരു ട്വിറ്റർ പോസ്റ്റിലൂടെ ഓർമിപ്പിച്ചു. പിന്നീട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറബ് വിദേശ മന്ത്രിമാരെ നേരിൽ വിളിച്ച് സംസാരിച്ചു. അറബ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ മുറിവുണക്കുന്നതിനുള്ള തീവ്രശ്രമങ്ങളിലേർപ്പെട്ടു.

 

ആറു വർഷത്തെ ഭരണത്തിനിടയിൽ പ്രധാനമന്ത്രി മോഡിയുടെ മുൻഗണനാ നയങ്ങളിലൊന്ന് അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു. അതിനായി അദ്ദേഹം പല തവണ പല രാജ്യങ്ങളും സന്ദർശിച്ചു. ഗൾഫ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളിൽ പതിന്മടങ്ങ് വർധനയവാണ് ഉണ്ടായത്. സാംസ്‌കാരിക വിനിമയങ്ങളും സാങ്കേതിക വിദ്യാ സഹകരണവുമൊക്കെ കൂടുതൽ ഉന്മേഷമാർജിച്ചു. സൗദി അറേബ്യയുടെ ജനാദ്രിയ സാംസ്‌കാരികോത്സവത്തിൽ മുഖ്യാതിഥിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എത്തുന്നതുവരെ ഊഷ്മളമായ ബന്ധമായി അത് വളർന്നു. യു.എ.ഇയിൽ ക്ഷേത്ര നിർമാണത്തിന് ഏക്കർ കണക്കിന് ഭൂമി വിട്ടുകൊടുക്കുകയും എല്ലാ സഹായങ്ങളും നൽകുകയും ചെയ്തത് ഈ സാംസ്‌കാരിക വിനിമയത്തിന്റെ മറുപുറമായിരുന്നു. എന്നാലിതിനെയെല്ലാം ഇന്ത്യയുടെ അസാധാരണ ശക്തിയായി ദുർവ്യാഖ്യാനം ചെയ്ത് മോഡി എന്ന അസാധാരണ ബിംബത്തെ സൃഷ്ടിക്കാൻ ശ്രമിച്ച തീവ്ര വർഗീയവാദികൾ അനന്യമായ ഒരു സൗഹൃദ ബന്ധത്തെ തച്ചുടക്കാനാണ് ശ്രമിച്ചത്. 


മുസ്‌ലിം രാജ്യമായ പാക്കിസ്ഥാനേക്കാൾ ഇന്ത്യയോടാണ് എക്കാലത്തും മമതയും സൗഹൃദവും നിലനിർത്താൻ അറബ് രാജ്യങ്ങൾ ശ്രമിച്ചത്. ശീതയുദ്ധ കാലത്ത് ഗൾഫ് രാജ്യങ്ങൾ പാക്കിസ്ഥാനുമായി കൂടുതൽ അടുത്തെങ്കിലും അത് ഒരിക്കലും ഒരു മുസ്‌ലിം രാജ്യമായതുകൊണ്ടല്ലെന്നും ഒരു ആഗോള പ്രശ്‌നത്തിൽ ഒരു ഭാഗത്ത് നിൽക്കുന്ന കക്ഷികളെന്ന നിലയിൽ രാഷ്ട്രീയവും സൈനികവുമായ ബന്ധം മാത്രമായിരുന്നു അതെന്നും അറബ് നാടുകളുമായി ദീർഘകാലത്തെ നയതന്ത്ര അനുഭവങ്ങളുള്ള തൽമീസ് അഹമ്മദ് കുറിക്കുന്നു. അമേരിക്കയുമായി അറബ് രാജ്യങ്ങൾക്കുള്ള മികച്ച ബന്ധത്തിന്റെ സ്വാഭാവികമായ വിപുലീകരണം മാത്രമായിരുന്നു, അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ പാക്കിസ്ഥാനുമായും അവർക്കുള്ളത് എന്നദ്ദേഹം ശരിയായി നിരീക്ഷിക്കുന്നുണ്ട്. 
ശീതയുദ്ധാനന്തരമാകട്ടെ, ഗൾഫ് സഹകരണ കൗൺസിലിലൂടെ കൂടുതൽ ഐക്യപ്പെട്ട ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ 2001 ൽ വിദേശകാര്യ മന്ത്രി ജസ്‌വന്ത് സിംഗ് മുൻകൈയെടുത്ത് പുതിയ രാഷ്ട്രീയ ബന്ധങ്ങൾക്ക് തുടക്കമിട്ടു. റിയാദിൽ സന്ദർശനത്തിനെത്തിയ ജസ്‌വന്തിന് രണ്ട് അറബ് കുതിരകളെയാണ് സൗദി അറേബ്യ സമ്മാനമായി നൽകിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രിയെക്കുറിച്ച് അന്ന് കിരീടാവകാശിയായിരുന്ന അബ്ദുല്ല രാജകുമാരനെ ഉദ്ധരിച്ച് മകൻ മിത്അബ് പറഞ്ഞ വാക്കുകൾ തൽമീസ് ഓർമിച്ചെടുക്കുന്നതിങ്ങനെ: 'അദ്ദേഹത്തെ എനിക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹം സത്യസന്ധനാണ്, നമ്മളെപ്പോലെ അദ്ദേഹവും ഒരു ബദുവാണെന്ന് തോന്നുന്നു.' 2010 ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ സന്ദർശന കാലത്ത് ഒപ്പിട്ട റിയാദ് പ്രഖ്യാപനവും ഇന്ത്യ-സൗദി ബന്ധത്തിന്റെ വിളംബരമായിരുന്നു. ഈ അടിത്തറകളിൽ നിന്നുകൊണ്ടാണ് നരേന്ദ്ര മോഡി അറബ് രാജ്യങ്ങളുമായി ഉദാത്ത ബന്ധങ്ങൾക്ക് പരിശ്രമിച്ചത്. 


ഇന്ത്യയെ ഒരു അനിസ്‌ലാമിക രാജ്യമായല്ല അറബ് രാജ്യങ്ങൾ കണ്ടത്, മറിച്ച് അവരുടെ ഏറ്റവും വലിയ സുഹൃത്തും പങ്കാളിയുമായാണ്. ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ തുടർന്ന ഈ രാഷ്ട്രീയ ബന്ധം, അതിന്റെ എല്ലാ ജൈവിക സ്പർശവും ഉൾക്കൊണ്ടു തന്നെയാണ് തുടർന്നുവന്നത്. അതിന്റെ ഏറ്റവും വലിയ നിദർശനമാണ് ഷാർജയിലെ രാജകുമാരിയായ ഹിന്ദ് അൽ ഖാസിമി ഗാന്ധിജിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ. ദ വയർ ന്യൂസ് പോർട്ടലിന്റെ ആർഫ ഖാനം ഷെർവാണിയുമായി നടത്തിയ വീഡിയോ സംഭാഷണത്തിൽ അവർ, ഗാന്ധിജിയെക്കുറിച്ച് വാചാലയാകുന്നു. ദക്ഷിണാഫ്രിക്കയിൽ അടിമത്തമനുഭവിച്ച ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ ഐതിഹാസിക പോരാട്ടത്തെ ഓർമിപ്പിക്കുന്നു. നെൽസൺ മണ്ടേലയും മാർട്ടിൻ ലൂഥർ കിംഗും മഹാത്മാഗാന്ധിയും നമ്മെ പ്രചോദിപ്പിക്കണം. നാം കുരങ്ങന്മാരല്ല, മനുഷ്യരാണ്, വിശേഷ ബുദ്ധി പ്രദർശിപ്പിക്കണം. ഗാന്ധിയുടെ ചിന്തയോടൊപ്പമാണ് തന്റെ സഞ്ചാരമെന്നും തന്റെ ജീവിതം എക്കാലത്തും ഇന്ത്യക്കാരോടൊപ്പമായിരുന്നെന്നും കൂടി അവർ കൂട്ടിച്ചേർക്കുന്നു. ഇന്ത്യക്കാർ പോലും ഗാന്ധിജിയെ വേണ്ടെന്നുവെക്കുന്ന കാലത്ത് ഒരു അറബ് രാജകുമാരി, ഗാന്ധിജിയെ നെഞ്ചോട് ചേർക്കുമ്പോൾ, കേവല രാഷ്ട്രീയ നയതന്ത്രത്തിനപ്പുറത്തേക്ക് കടന്നുപോകുന്ന വലിയൊരു ബന്ധത്തിന്റെ കിളിവാതിലുകളാണ് തുറന്നുവരുന്നത്. 
സ്‌നേഹത്തിന്റെയും ആദരവിന്റെയും ഹൃദയ സ്പർശമുള്ള ഈ മനോഭാവമാണ് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഈ മണ്ണിൽ പിടിച്ചുനിർത്തുന്നത്. അന്ധമായ മതവൈരത്തിന്റെ അക്ഷരങ്ങൾ പടച്ചുവിടുന്നവർക്ക് അതറിയില്ലെന്ന് മാത്രം.

Latest News