ലോക്ക്ഡൗണിന് ശേഷം ജോലിസമയം 12 മണിക്കൂര്‍; തീരുമാനവുമായി ആറ് സംസ്ഥാനങ്ങള്‍

ന്യൂദല്‍ഹി- കോവിഡ് ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ, ജോലിസമയം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി സംസ്ഥാനങ്ങള്‍. പ്രതിദിന പ്രവൃത്തി സമയം 8 മണിക്കൂറില്‍നിന്ന് 12 മണിക്കൂക്കി വര്‍ദ്ധിപ്പിച്ച് ആറ് സംസ്ഥാനങ്ങളാണ് നിയമം പാസാക്കിയിരിക്കുന്നത്.ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഷിഫ്റ്റുകളുടെ സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

കുറഞ്ഞ തൊഴിലാളികളുമായി പ്രവർത്തിക്കുന്ന കമ്പനികള്‍ക്ക് പരമാവധി ജോലികള്‍ പൂര്‍ത്തിയാക്കാനും  ഷിഫ്റ്റുകളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി കഴിയുമെന്നാണ് പുതിയ തീരുമാനത്തെ കുറിച്ച് സംസ്ഥാനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ ആറ് ദിവസം 33 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനാണ് കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

എന്നാൽ അധിക മണിക്കൂറുകൾക്ക് തൊഴിലാളികൾക്ക് വേതന വര്‍ദ്ധനവ് നൽകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. നിയമം പാസാക്കിയ രാജസ്ഥാന്‍ അധിക നാല് മണിക്കൂർ ഓവർടൈം ഡ്യൂട്ടിയായി കണക്കാക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം തൊഴിലുടമകള്‍ അധിക ജോലിക്ക് പ്രത്യേക വേതനം നല്‍കേണ്ടിവരും.

അതേസയം, സംസ്ഥാനങ്ങളുടെ നടപടിയോട് തൊഴിലാളി സംഘടനകള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. 
"തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ വർഷങ്ങളുടെ പോരാട്ടത്തിന് ശേഷമാണ് ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തിയത്. സർക്കാരുകൾക്ക് ഇത് ഏകപക്ഷീയമായി മാറ്റാൻ കഴിയില്ല. ഇത് നിയമവിരുദ്ധമാണ്, കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കും" ദല്‍ഹി ആസ്ഥാനമായുള്ള തൊഴിലാളി സംഘടനകളുടെ കൂട്ടായ്‌മയായ വർക്കിംഗ് പീപ്പിൾസ് ചാർട്ടറിന്റെ കോർഡിനേറ്റർ ചന്ദൻ കുമാർ പറഞ്ഞു. 

Latest News