Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ മടക്കവും  പുനരധിവാസവും

കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് അടിയന്തരമായി മടങ്ങാൻ ആഗ്രഹിക്കുന്നവരായി നോർക്കയിൽ മൂന്നു ദിവസത്തിനിടെ രജിസ്റ്റർ ചെയ്ത 3,20,463 പേരിൽ 56,114 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണെന്നത് പ്രവാസ ലോകത്തുനിന്ന് തൊഴിൽ രഹിതരായി എത്താൻ പോകുന്നവരുടെ കുത്തൊഴുക്കിന്റെ സൂചനയാണ് കാണിക്കുന്നത്. രജിസ്റ്റർ ചെയ്തവരിൽ തൊഴിൽ, താമസ വിസയിൽ എത്തിയ 2,23,624 പേരും സന്ദർശന വിസയിലുള്ള 57,436 പേരും ആശ്രിത വിസയിൽ 20,219 പേരും വിദ്യാർത്ഥികൾ 7276 പേരും ട്രാൻസിറ്റ് വിസയിൽ 691 പേരും മറ്റുള്ളവർ 11,327 പേരുമാണെന്നാണ് നോർക്കയുടെ കണക്കുകളിലുള്ളത്. ഏതാണ്ട് 150 ഓളം രാജ്യങ്ങളിൽനിന്നുള്ളവർ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ബഹുഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരാണ്. രോഗികൾ, ഗർഭിണികൾ, സ്ത്രീകൾ, ജോലി നഷ്ടപ്പെട്ടവർ, വിസിറ്റ് വിസയിലും മറ്റും വന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയവർ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ, ലേബർ ക്യാമ്പിൽ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികൾ, പ്രായമായവർ, വിസാകാലാവധി പൂർത്തിയാക്കപ്പെട്ടവർ, കോഴ്‌സ് പൂർത്തിയാക്കി സ്റ്റുഡന്റ് വിസയിൽ കഴിയുന്ന വിദ്യാർത്ഥികൾ, ജയിൽ മോചിതർ തുടങ്ങിയവർക്കാണ് രജിസ്റ്റർ ചെയ്യാനുള്ള മുൻഗണനയെന്നും നോർക്ക അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ മറ്റു വിഭാഗങ്ങളിൽപ്പെട്ട, നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്ന മറ്റനേകം പേർ ഇനിയും ഉണ്ടെന്നു വേണം കരുതാൻ. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ ജോലി  ഇല്ലാത്ത കാരണത്താലോ, ദീർഘ അവധിയിലോ നാട്ടിലേക്ക് പറഞ്ഞുവിടാൻ ആഗ്രഹിക്കുന്നവർക്ക് കമ്പനി തലത്തിൽ പേര് രിജസ്റ്റർ ചെയ്യുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. 


ഇതിൽ രിജസ്റ്റർ ചെയ്യപ്പെടുന്നവരിലേറെ പേരും കോവിഡ് കാല സാഹചര്യത്തിൽ മടങ്ങാൻ നിർബന്ധിക്കപ്പെടുന്നവരാണ്. ആരോഗ്യപരമായ കാരണങ്ങളാലോ മറ്റോ അടിയന്തരമായി നാട്ടിലെത്തേണ്ടവരല്ല ഇവരിലേറെയും. എങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം എത്രയും വേഗം തൊഴിലാളികളെ ഒഴിവാക്കാനുള്ള സർക്കാർ ആനുകൂല്യം പ്രയോജനപ്പെടുത്തിയുള്ള കമ്പനികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. ഈയിനത്തിലും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്താൻ പോകുന്ന അനേകായിരമുണ്ട്. ഇവരിൽ പലരും ഏതു പ്രതിസന്ധിയിലും പിടിച്ചു നിൽക്കാമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും കമ്പനികളുടെ നിർബന്ധത്തിനു വഴങ്ങി നാട്ടിലേക്കു മടങ്ങാൻ പോകുന്നവരാണ്. ഇതു നോർക്കയുടെ കണക്കിനു പുറമേയുള്ളതാണ്. ഇതിനു പുറമെ ഇന്ത്യൻ എംബസികളും മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം നടത്തുന്നുണ്ട്.


ഈ വിവര ശേഖരണങ്ങളിലെല്ലാം നിഴലിച്ചു നിൽക്കുന്നത് തൊഴിൽ രഹിതരുടെ എണ്ണമാണ്. ഇത് രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി ഭയാനകമായിരിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക മേഖലയുടെ നട്ടെല്ലു തന്നെ പ്രവാസികളാണ്. അവർ മടങ്ങി എത്തുമ്പോൾ കേരളത്തിലേക്കുള്ള വരുമാനം കുറയുമെന്നു മാത്രമല്ല, രോഗികളായവരും അല്ലാത്തവരുമായവരെ ക്വാറന്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമായി ഭീമമായ തുക സർക്കാറിന് ചെലവഴിക്കേണ്ടിയും വരും. സാമ്പത്തികമായി ഏറെ ക്ലേശത്തിൽ നീങ്ങുന്ന സംസ്ഥാന സർക്കാറിന് ഇത് സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്നുറപ്പാണ്. എങ്കിലും പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികൾക്കു തുണയാവേണ്ട ഉത്തരവാദിത്തം സർക്കാറുകൾക്കുണ്ട്. അതു നിർവഹിക്കുപ്പെടുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശുഷ്‌കാന്തി ഇനിയുമുണ്ടായിട്ടില്ലെന്ന പരാതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. കാരണം മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട സംവിധാനം ഒരുക്കാൻ ഇനിയും തയാറായിട്ടില്ലെന്നതാണ് കാരണം. ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കേണ്ട കേന്ദ്ര സർക്കാർ മടക്കം ഉടൻ സാധ്യമാക്കുമെന്ന് പറയുന്നതല്ലാതെ എപ്പോൾ, എങ്ങനെ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ദിവസങ്ങൾ കഴിയുന്തോറും ഇത് പ്രവാസികളിലുണ്ടാക്കുന്ന നിരാശയും പ്രയാസങ്ങളും ചില്ലറയല്ല.


നാട്ടിലേക്കു പോകാൻ ആഗ്രഹിച്ചിട്ടും അതിനു മാർഗമില്ലാതെ കോവിഡ് രോഗം പിടിപെട്ട് ഇതിനകം ഒട്ടേറെ പേർ മരിച്ചു കഴിഞ്ഞു. പലരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ കഴിയുകയാണ്. ദിനേന രോഗികളുട എണ്ണം കൂടുകയുമാണ്. നാട്ടിലേക്കുള്ള മടക്കം വൈകിയാൽ തങ്ങളും രോഗങ്ങൾക്ക് അടിപ്പെട്ട് ജിവിതം ഇവിടെ തന്നെ തീരുമോ എന്ന ആശങ്കയിൽ കഴിയുന്നവരും അതിന്റെ പേരിൽ രോഗികളായി മാറുന്നവരും അനവധിയാണ്. അതിനാൽ ഇത്തരക്കാരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും വൈകിക്കൂടാ. ഇങ്ങനെ വരുന്നവരെ സ്വീകരിക്കാനും അവർക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കാനുമെല്ലാം കേരളം പോലുള്ള സർക്കാറുകൾ സർവ സജ്ജമായിട്ടുണ്ടെന്നത് ആശാവഹമാണെങ്കിലും കാലതാമസം നിരാശയാണ് സമ്മാനിക്കുന്നത്.


നാട്ടിലെത്തി ക്വാറന്റൈൻ കാലം പിന്നിട്ട് സുരക്ഷിതരാണെന്നു ബോധ്യം വന്നാൽ അതു മാനസികമായി നൽകുന്ന സംതൃപ്തി വളരെ വലുതായിരിക്കും. എന്നാൽ അതിനു ശേഷം പിന്നെന്ത് എന്നത് പ്രസക്തമായ ചോദ്യമാണ്. തൊഴിൽ നഷ്ടപ്പെട്ടു വന്നവർക്ക് ജീവിതോപാധി കണ്ടെത്താനുള്ള മാർഗം എന്താണ്? ഇക്കാര്യത്തിൽ സർക്കാറുകൾ ഇനിയും ഒരു പോംവഴിയും കണ്ടെത്തിയിട്ടില്ലെന്നത് മടങ്ങാനിരിക്കുന്നവർക്ക് മറ്റൊരു തരത്തിലുള്ള ആശങ്കയും സമ്മാനിക്കുന്നുണ്ട്. അതിനു പരിഹാരമെന്നോണം പുനരധിവാസ പദ്ധതികളും പാക്കേജുകളും എത്രയും വേഗം ആവിഷ്‌കരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട്. അതല്ലായെങ്കിൽ അരക്ഷിതാവസ്ഥയായിരിക്കും ഉണ്ടാവുക. കോവിഡ് പ്രതിസന്ധി രാജ്യത്തുള്ളവരിൽ തന്നെ ഭീമമായ തൊഴിൽ നഷ്ടം ഉണ്ടാക്കുമെന്നുറപ്പാണ്. ഇതിനൊപ്പം തൊഴിൽ നഷ്ടപ്പെട്ട് പ്രവാസികൾ കൂടി എത്തുമ്പോൾ നാടിന്റെ സ്ഥിതി വളരെ ദയനീയമായിരിക്കും.


കോവിഡ്19 വ്യാപനം ലോകത്തിലെ പകുതിയോളം വരുന്ന തൊഴിലാളികളുടെ ജീവിത മാർഗം നഷ്ടപ്പെടുത്തുമെന്നാണ് ലോക തൊഴിലാളി സംഘടന (ഐ.എൽ.ഒ) പറയുന്നത്. നടപ്പുവർഷം രണ്ടാം പാദത്തിൽ 160 കോടിയോളം തൊഴിലാളികളാണ് ബുദ്ധിമുട്ടിലാകാൻ പോകുന്നത്. ഇത് ലോകത്താകമാനമുള്ള തൊഴിലാളികളുടെ 76 ശതമാനം വരും. തൊഴിൽ വിപണിയിലെ ഏറ്റവും ദുർബലരായവരാണിവർ. വിവിധ മേഖലകളുടെ തകർച്ച തൊഴിലെടുത്ത് ജീവിക്കാനുള്ള കഴിവാണ് തകർക്കപ്പെടുന്നതെന്നും ഈ വിഭാഗം തൊഴിലാളികളിൽ 95 ശതമാനത്തിലേറെയും 10 ൽ താഴെ തൊഴിലാളികളുള്ള യൂനിറ്റുകളിൽ ജോലി ചെയ്യുന്നവരാണെന്നും ഐ.എൽ.ഒ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലോക തൊഴിലാളി സംഘടനയുടെ ഈ റിപ്പോർട്ട് പ്രകാരം താഴെ തട്ടിലുള്ളവരെയായിരിക്കും കോവിഡ് പ്രതിസന്ധി എറ്റവും ആഴത്തിൽ ബാധിക്കുകയെന്നതിനാൽ അവർക്കു സഹായമായ പുനരധിവാസ പാക്കേജുകളും തൊഴിൽ സാഹചര്യങ്ങളുമൊരുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാവേണ്ടതുണ്ട്. അതല്ലെങ്കിൽ വരാൻ പോകുന്ന നാളുകൾ ദാരിദ്ര്യത്തിന്റേതായിരിക്കും.

Latest News