ന്യൂദൽഹി- ബോളിവൂഡ് നടനും നാടകകൃത്തുമായ ടോം ഓൾട്ടറിന് അർബുദമെന്ന് കുടുംബം സ്ഥിരീകരിച്ചു. രോഗത്തിന്റെ നാലാം ഘട്ടത്തിലെത്തിയെന്നും എന്നാൽ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മകൻ ജമി ഓൾട്ടർ പറഞ്ഞു. ശരീര വേദനയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ 67കാരനായ നടൻ ഒരാഴ്ച മുമ്പ് ആശുപത്രി വിട്ടിരുന്നു. മുംബൈയിലെ സൈഫി ഹോസ്പിറ്റലിലാണ് ഇപ്പോൾ ഓൾട്ടറെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ത്വക്ക് കാൻസറാണെന്നാണ് സ്ഥിരീകരണം. കഴിഞ്ഞ വർഷവും ഈ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയിരുന്നെങ്കിലും അന്ന് അർബുദമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ജമി പറഞ്ഞു. ഈ രോഗത്തെ തുടർന്ന് ടോം ഓൾട്ടറുടെ പെരുവിരൽ നേരത്തെ മുറിച്ചു മാറ്റിയിരുന്നു.
ഏറ്റവും മികച്ച ചികിത്സയാണ് അദ്ദേഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിൽ കുടുംബം തൃപ്തരാണെന്നും ജമി പറഞ്ഞു. ശരീരത്തിന്റെ മറ്റു പ്രവർത്തനങ്ങളേ ഒന്നും രോഗം ബാധിച്ചിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
അമേരിക്കൻ വംശജനായ ഇന്ത്യക്കരനായ ഓൾട്ടരെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 1976ലാണ് സനിമയിലെത്തിയത്. ഗാന്ധി, ക്രാന്തി, വീർ സരാ തുടങ്ങിയ സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഓൾട്ടർ സബാൻ സംഭൽക്കെ (1993-1997) എന്ന ടി.വി സീരിയലിലൂടെയാണ് ജനപ്രിയനായി മാറിയത്.