ജയ്പൂർ- മദ്യം കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്ന് കോൺഗ്രസ് എംഎൽഎ. ഇതിനാല്‍ മദ്യവിൽപ്പന ശാലകൾ തുറക്കണമെന്ന് ആവശ്യപെട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് രാജസ്ഥാനിലെ കോട്ടയിലെ സംഗോഡ്നിന്നുള്ള കോൺഗ്രസ് എംഎൽഎ ഭാരത് സിംഗ് കുന്ദൻപൂർ.
മദ്യം ഉപയോഗിച്ച് കൈ കഴുകുന്നത് കൊറോണ വൈറസിനെ ഇല്ലാതാക്കുമെങ്കില്‍ മദ്യം കഴിക്കുന്നതുവഴി തൊണ്ടയില്‍ നിന്ന് വൈറസിനെ തുരത്താന്‍ കഴിയുമെന്നാണ് എംഎല്‍എയുടെ വാദം. സർക്കാര്‍ വലിയ സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ വ്യാജമദ്യ വില്‍പനയിലൂടെ അനധികൃത കച്ചവടക്കാര്‍ ലാഭം കൊയ്യുകയാണെന്നും എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യവിദഗ്ധര്‍ നേരത്തേതന്നെ തള്ളിക്കളഞ്ഞ സോഷ്യല്‍മീഡിയ പ്രചരണമാണ് എംഎല്‍എയും ഏറ്റെടുത്തിരിക്കുന്നത്. മദ്യം കൊറോണയെ പ്രതിരോധിക്കുമെന്ന വ്യാജപ്രചരണം വിശ്വസിച്ച് വിദേശരാജ്യങ്ങളില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയില്‍ കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഇറാനില്‍ 700 മരണങ്ങള്‍ ഈ പ്രച്രണങ്ങള്‍കാരണം ഉണ്ടായിട്ടുണ്ട്. തൊണ്ടയിലും ആമാശയത്തിലേയും വൈറസിനെ നശിപ്പിക്കാന്‍ മദ്യത്തിന് കഴിയുമെന്ന പ്രചരണമാണ് വന്‍തോതില്‍ മദ്യദുരന്തത്തിന് ഇവിടങ്ങളില്‍ വഴിവെച്ചത്.