Sorry, you need to enable JavaScript to visit this website.

ദാനധര്‍മങ്ങള്‍ സമ്മാനിക്കുന്ന വ്രതചൈതന്യം

പകലന്തിയോളം ഭക്ഷണവും പാനീയവും ഉപേക്ഷിച്ചും ശരീരത്തെ വൈകാരികതകളില്‍ നിന്നും സംരക്ഷിച്ചും വ്രതപുണ്യം നേടുന്നവരില്‍ സമ്മേളിക്കുന്ന ഉദാത്തമായ ഗുണമാണ് ഉദാരത അഥവാ ദാനശീലം. മുഹമ്മദ് നബി (സ) യുടെ റമദാനിലെ അവസ്ഥകളെ കുറിച്ച് അനുചരന്മാര്‍ വിശദീകരിക്കുന്ന കൂട്ടത്തില്‍ പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ്: 'പ്രവാചകന്‍ (സ) അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനായിരുന്നു റമദാന്‍ മാസത്തില്‍' (ബുഖാരി).


റമദാന്‍ ഭക്തിയുടെ മാസമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ഭക്തി ആരാധനാലയങ്ങള്‍ക്കുള്ളിലോ ആചാരാനുഷ്ഠാനങ്ങളിലോ ഒതുങ്ങുന്നില്ല. അത് സമൂഹത്തിന്റെ വിശാലമായ നന്മയെയും ലോകത്തിന്റെ സമഗ്ര പുരോഗതിയെയും ലക്ഷ്യമാക്കി കൊണ്ടുള്ളതാണ്.

ആരാധനകള്‍ മനുഷ്യ ഹൃദയത്തെ കഴുകിക്കളയാനുള്ള ഉപകരണങ്ങളാണ്. നമസ്‌കാരം മ്ലേച്ഛതകളെ തടഞ്ഞുനിര്‍ത്തുമെന്നും, വ്രതം ദുഷ്ടതകളെ തടുത്തു നിര്‍ത്തുന്ന പരിചയാണെന്നും, ഹജ് വഴി പുതിയൊരു ജന്മമാണ് ലഭിക്കുന്നതെന്നും, സകാത്തും സ്വദഖയും മനസ്സിനെയും ധനത്തെയും ശുദ്ധീകരിക്കുന്നുവെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരു ആരാധനയും കേവലം ചടങ്ങിനായി അല്ലാഹു നിശ്ചയിച്ചിട്ടില്ല. ഓരോന്നിനും ഈ ദുനിയാവില്‍ തന്നെ നിര്‍വഹിക്കാനുള്ള ദൗത്യം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്.  


റമദാനില്‍ പ്രവാചകന്റെ പ്രവൃത്തി മാതൃക മുകളില്‍ പരാമര്‍ശിച്ച ഹദീസില്‍ വ്യക്തമാകുന്നതു പോലെ മറ്റുള്ളവരോടുള്ള സഹാനുഭൂതി പ്രകടമാക്കുക എന്നതും അവര്‍ക്ക് നന്മ ചെയ്യുക എന്നതുമാണ്. മറ്റുള്ളവരുടെ വിഷമങ്ങളും പ്രയാസങ്ങളും അറിയുകയും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുക ഒരു വിശ്വാസിയുടെ കടമയാണ് എന്ന് സാരം. ഒരു വിശ്വാസി മറ്റൊരാളുടെ വിഷമതയെ നീക്കിക്കളയുകയാണെങ്കില്‍ നാളെ പരലോകത്ത് അയാള്‍ക്കുണ്ടായേക്കാവുന്ന ചില വിഷമതകള്‍ അല്ലാഹു നീക്കിക്കൊടുക്കുമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. മാത്രവുമല്ല, ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലമത്രയും അല്ലാഹു ഈ ദുനിയാവില്‍ തന്നെ അയാളെ  സഹായിച്ചുകൊണ്ടിരിക്കും എന്നും നബി (സ) പഠിപ്പിച്ചിട്ടുണ്ട്.


ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന ദാനമോ സംഭാവനയോ ഒരു പ്രവൃത്തി മാത്രമായിട്ടല്ല ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. മറിച്ച് ആ ദാനം വഴി സമൂഹത്തില്‍ സംഭവിക്കുന്ന പ്രതിഫലനങ്ങള്‍ വളരെ വലുതാണ്. ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും എല്ലാം അറിയുന്നവനുമാണ്' (ഖുര്‍ആന്‍ 2-261). ഈ വചനത്തിലൂടെ അല്ലാഹു വിശ്വാസികളെ ബോധ്യപ്പെടുത്തുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നാമത്തേത് ദാനധര്‍മ്മങ്ങള്‍ നല്‍കുന്നവര്‍ക്ക് അവരുടെ പ്രതിഫലം പരലോകത്ത് അല്ലാഹു ഇരട്ടി ഇരട്ടിയായി നല്‍കും. രണ്ടാമത്തേത് ദാനധര്‍മ്മങ്ങള്‍ വഴി ഈ ലോകത്ത് തന്നെ നടക്കുന്ന സാമ്പത്തിക ക്രയവിക്രയങ്ങള്‍ വഴി സമൂഹത്തില്‍ വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാകും.


ധനം നല്ല മാര്‍ഗ്ഗങ്ങളില്‍ ചിലവഴിക്കാനുള്ളതാണ് എന്നാണു ഖുര്‍ആനിന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് ധനം കെട്ടിപ്പൂട്ടി വെയ്ക്കുന്നതിനെ ഖുര്‍ആന്‍ അതിശക്തമായി വിമര്‍ശിച്ചത്. 'സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും, ദൈവമാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക' (ഖുര്‍ആന്‍ 9 -34). ധനം ഒരിക്കലും സമ്പന്നരില്‍ മാത്രം കറങ്ങേണ്ട വസ്തുവല്ല. അത് ക്രയവിക്രയം ചെയ്തു സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളിലേക്കും ഒഴുകേണ്ടതുണ്ട്. 'ധനം നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന വസ്തു ആവാതിരിക്കണം' (ഖുര്‍ആന്‍ 59 - 7).
അതുകൊണ്ടാണ് സാമ്പത്തിക സുസ്ഥിതിയുള്ളവര്‍ നിര്‍ബന്ധമായും ഐച്ഛികമായും ദാനധര്‍മ്മങ്ങള്‍ നിര്‍വഹിക്കണമെന്ന വ്യവസ്ഥ ഇസ്ലാം വെച്ചത്. ഈ വ്യവസ്ഥ പ്രാവര്‍ത്തികമാക്കിയ ആദ്യകാല മുസ്‌ലിം സമൂഹം പിന്നീട് ധര്‍മ്മം സ്വീകരിക്കാന്‍ ആളില്ലാത്ത വിധം സാമ്പത്തികമായി വളര്‍ന്നുവെന്നാണ് ചരിത്രം പറയുന്നത്. ഉള്ളവരും ഇല്ലാത്തവരും കാലാകാലവും വര്‍ഗ്ഗശത്രുക്കളായി കഴിയണമെന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്. അവര്‍ തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചും സ്‌നേഹബന്ധത്തെ കുറിച്ചുമെല്ലാമാണ്. ഉള്ളവര്‍ അവരുടെ സ്വത്തില്‍ നിന്നും നിശ്ചിത ശതമാനം നിര്‍ബന്ധമായും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഐച്ഛികമായും നല്‍കി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി യത്‌നിക്കണമെന്നാണ് ഇസ്ലാം പറയുന്നത്.  ഇങ്ങനെ സാധുജനങ്ങളെയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയും സഹായിക്കണമെന്ന് മനുഷ്യന്റെ മനസ്സ് മന്ത്രിച്ചു തുടങ്ങുമ്പോള്‍ മനുഷ്യരില്‍ ദാരിദ്ര്യ ചിന്തകള്‍ ഇട്ടുകൊണ്ട് ദാനധര്‍മ്മങ്ങള്‍ നിരുത്സാഹപ്പെടുത്തുകയാണ് പിശാച് ചെയ്തുകൊണ്ടിരിക്കുന്നത്. പലപ്പോഴും നല്ല കാര്യങ്ങള്‍ക്ക് പണം നല്‍കാന്‍ മടിക്കുന്നവര്‍ അനാവശ്യമായി പണം ദുര്‍വ്യയം ചെയ്യുന്നത് കാണാന്‍ സാധിക്കും. ഖുര്‍ആന്‍ പറയുന്നു: 'പിശാച് ദാരിദ്ര്യത്തെ പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു'. (ഖുര്‍ആന്‍ 2 -268).  
ധര്‍മ്മം ഒരിക്കലും മനുഷ്യന്റെ സമ്പത്തില്‍ നിന്നും യാതൊന്നും കുറക്കുന്നില്ല. ധര്‍മ്മം ചെയ്യുന്നതിനെ കുറിച്ച് പ്രവാചകന്‍ (സ്വ) പറഞ്ഞത് ഇങ്ങനെയാണ്: 'ധര്‍മ്മം ഒരാളുടെ സമ്പത്തിനെ തെല്ലും കുറയ്ക്കില്ല'. ധര്‍മ്മം ചെയ്യുന്നവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ മലക്കുകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: 'അല്ലാഹുവേ, ധര്‍മ്മം ചെയ്യുന്നവന് നീ പകരം നല്‍കേണമേ, അല്ലാഹുവേ, ധര്‍മ്മം ചെയ്യാതെ സ്വത്ത് പിടിച്ചുവെയ്ക്കുന്നവന് അവന്റെ സമ്പത്തില്‍ നാശം വരുത്തേണമേ'.
ദാനധര്‍മ്മങ്ങള്‍ ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ ആ സമൂഹം സാമ്പത്തികമായി തകര്‍ന്നു തരിപ്പണമാകും. അത്തരം സമൂഹങ്ങളില്‍ ദരിദ്രരുടെ എണ്ണം പെരുകുകയും സമ്പന്നര്‍ ദരിദ്രരെ ചൂഷണം ചെയ്യുകയും ചെയ്യും. അവിടങ്ങളിലാണ് പലിശ വ്യവസ്ഥിതി തടിച്ചു കൊഴുക്കുക. പലിശ കൊടികുത്തി വാണിരുന്ന ഒരു സമൂഹത്തിലാണ് മുഹമ്മദ് നബി (സ) പ്രബോധനം ചെയ്തിരുന്നത്. അദ്ദേഹം പലിശ വ്യവസ്ഥിതിക്ക് പകരമായി നിശ്ചയിച്ചത് ദാനധര്‍മ്മങ്ങളെയായിരുന്നു. 'അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും'. (ഖുര്‍ആന്‍ 2 -276). പലിശ വ്യവസ്ഥിതി മൂലം തകര്‍ന്നു പോയ ജനങ്ങളെ ദാനധര്‍മ്മങ്ങളിലൂടെ മാത്രമേ പുനരധിവസിപ്പിക്കാന്‍ സാധിക്കൂ.
അല്ലാഹു പറയുന്നു: 'നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചു വരുന്നവര്‍ക്കും, അടിമ മോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ദോഷബാധയെ സൂക്ഷിച്ചവര്‍'. (ഖുര്‍ആന്‍ 2 -177). വിശുദ്ധ ഖുര്‍ആനിന്റെ ഈ ഉല്‍ബോധനം നാം പ്രാവര്‍ത്തികമാക്കുക. ഉദാരമായി സംഭാവന നല്‍കി നാം നമ്മുടെ ധനത്തെയും ശരീരത്തെയും മനസ്സിനെയും ശുദ്ധമാക്കുക. ഈ റമദാന്‍ അതിനു പ്രചോദനമാകട്ടെ.

 

Latest News