Sorry, you need to enable JavaScript to visit this website.

കോവിഡിനെ പ്രതിരോധിക്കാന്‍ റംഡെസിവിര്‍ ബെസ്റ്റ്-അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍- കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിവൈറല്‍ മരുന്നായ റെംഡെസിവിറിന് കഴിയുമെന്നതിന് തെളിവുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം 15 ദിവസത്തില്‍ നിന്ന് 11 ആയി റെംഡെസിവിര്‍ കുറച്ചുവെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. പരിശോധനയുടെ മുഴുവന്‍ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും എന്നാല്‍ സ്ഥിരീകരിച്ചാല്‍ ഇത് ഒരു അതിശയകരമായ ഫലമാകുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.റെംഡെസിവിര്‍ ആദ്യം വികസിപ്പിച്ചെടുത്തത് എബോള ചികിത്സക്കായിട്ടാണ്. സെല്ലുകള്‍ക്കുള്ളില്‍ വൈറസിന്റെ എന്‍സൈമിനെ അക്രമിച്ചുകൊണ്ടാണ് ആന്റിവൈറലായ റെംഡെസിവിര്‍ പ്രവര്‍ത്തിക്കുന്നത്.
റെംഡെസിവിറിന്റെ ക്ലിനിക്കല്‍ പരിശോധനയില്‍ 30 ശതമാനം വേഗത്തില്‍ രോഗികള്‍ സുഖംപ്രാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കുന്നതിന്റെ സമയം കുറക്കുന്നതിലൂടെ വ്യക്തമായ ഫലം ഇതുണ്ടാക്കുന്നുവെന്നാണ് പഠനത്തിന് മേല്‍നോട്ടം വഹിച്ച അമേരിക്കയിലെ ഉന്നത എപ്പിഡെമിയോളജിസ്റ്റ് ആന്റണി ഫൗസി വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
1980കളില്‍ എച്ച്‌ഐവിക്കെതിരെ മിതമായ വിജയത്തോടെ പ്രവര്‍ത്തിച്ച ആദ്യത്തെ റിട്രോവൈറലുകളുമായിട്ടാണ് ഫൗസി ഈ കണ്ടെത്തലിനെ ഉപമിച്ചത്.
അമേരിക്ക,യുറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 68 ഇടങ്ങളിലായി 1063 ആളുകളിലാണ് പരിശോധന നടത്തിയത്.
എബോള വൈറസിനെതിരായ പരീക്ഷണങ്ങളിലും ഒരു ചെറിയ പഠനത്തിലും റെംഡെസിവിര്‍ പരാജയപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അതേ സമയം ചൈനയിലെ വുഹാനില്‍ കഴിഞ്ഞ വര്‍ഷം രോഗം ആദ്യമായി കണ്ടെത്തിയ രോഗികളില്‍ പരിമിതമായ ഫലങ്ങള്‍ കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിരുന്നു.എന്നാല്‍ പുതിയ പഠനം സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Latest News