ന്യൂദല്‍ഹി-വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങി. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ എംബസികളില്‍ ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് ആദ്യഘട്ടത്തില്‍ മടക്കി എത്തിക്കുക. മേയ് മൂന്നിന് രണ്ടാം ഘട്ട ലോക്ഡൗണ്‍ അവസാനിച്ച ശേഷമാകും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ട് വരിക. ഗള്‍ഫ് രാജ്യങ്ങളിലും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും നിന്നുള്ളവരെയാണ് ആദ്യം തിരികെ എത്തിക്കുക. തുടര്‍ന്ന് യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും കൊണ്ട് വരും. ജൂണ്‍ മാസത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചേക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയിലെ താമസസ്ഥലം, അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം, കോവിഡ് രോഗബാധിതനാണോ എന്നിവ രജിസ്ട്രേഷന്‍ ഫോമില്‍ രേഖപ്പെടുത്തണം. തിരികെ വരാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങളിലെ എല്ലാവരും വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഈ വിവര ശേഖരം വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കാനുള്ളതല്ല. എത്രപേര്‍ വരാനുണ്ടെന്ന്് കണക്കാക്കി തയ്യാറെടുപ്പുകള്‍ നടത്താനാണ്.
തിരികെ വരാനുള്ള വിമാനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് എംബസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ തിരികെ കൊണ്ട്് വരുന്നതിന് വലിയ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. 650ല്‍ അധികം വാണിജ്യ വിമാന സര്‍വീസുകള്‍ ഇതിനായി ഉപയോഗിക്കും. അതോടൊപ്പം വ്യോമസേനാ വിമാനങ്ങള്‍, നാവിക സേനയുടെ കപ്പലുകള്‍ എന്നിവയും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്.






