മലപ്പുറം-ലോക്ഡൗണിലെ തുടര്‍ന്ന് ജന്മദേശത്തുള്ള കുടുംബാംഗങ്ങള്‍ പ്രതിസന്ധിയിലാണെന്നും തങ്ങളെ നാട്ടിലെത്തിക്കണമെന്നുമാവശ്യപ്പെട്ട് നൂറിലേറെ അതിഥി തൊഴിലാളികള്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങി. ചട്ടിപ്പറമ്പിലാണ് അതിഥി തൊഴിലാളികള്‍ പെട്ടെന്ന് സംഘടിച്ച് റോഡില്‍ പ്രതിഷേധ റാലി നടത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ലാത്തി വീശി ഇവരെ പിരിച്ചുവിട്ടു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാനും താമസസ്ഥലത്തേക്ക് തന്നെ തിരിച്ചയക്കാനുമായി.
ലോക്ഡൗണ്‍ മൂലം ജോലിയില്ലാതെ ഇരിക്കുന്ന തൊഴിലാളികള്‍ നാട്ടില്‍ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. നൂറിലേറെ തൊഴിലാളികള്‍ പൊടുന്നനെ പ്ലക്കാര്‍ഡുകളുമായി റോഡില്‍ ഇറങ്ങുകയായിരുന്നു. വരിവരിയായി നടന്നു പോകുന്നതിനിലെ നാട്ടില്‍ പോകണമെന്ന് വിളിച്ചു പറയുന്നുമുണ്ടായിരുന്നു.റാലിയുടെ വീഡിയോ മൊബൈലില്‍ ചിത്രീകരിച്ച് നാട്ടിലേക്ക് തല്‍സമയം അയച്ചു കൊടുക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തി ലാത്തി വീശി. നിരവധി അതിഥി തൊഴിലാളിക്കളെ പോലീസ് കസ്റ്റടിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് ഇവരുടെ പ്രശ്നങ്ങള്‍ എഴുതി വാങ്ങിയ ശേഷം താമസ സ്ഥലത്തേക്ക് തന്നെ വിട്ടയച്ചു. അന്യസംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ഥികളെ നാട്ടിലേക്ക് കൊണ്ടു വരാന്‍ ബംഗാള്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി ഇവരും രംഗത്തെത്തിയത്. ഭക്ഷണവും മറ്റു സൗകര്യങ്ങളും താമസിക്കുന്ന സ്ഥലങ്ങളില്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ തങ്ങളുടെ വീടുകളില്‍ കുടുംബാംഗങ്ങള്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അതുകൊണ്ടു നാട്ടിലേക്ക് മടങ്ങണമെന്നും തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു. തൊഴിലാളികളെ പ്രതിഷേധ പ്രകടനം നടത്താന്‍ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.






