സലാം, ഇർഫാൻ....

ദ ഗാർഡിയൻ ലേഖകൻ പീറ്റർ ബ്രാഡ്ഷായുടെ വാക്കുകൾ: ഹോളിവുഡിലേക്ക് ദക്ഷിണേഷ്യ പടുത്തുയർത്തിയ പ്രതിഭയുടെ പാലമാണ് ഇർഫാൻ ഖാൻ. 
അതെ, ഇന്ത്യയിലെ സാധാരണ സിനിമാസ്വാദകരുടെ ഹൃദയം കവർന്ന ആ തിളക്കമേറ്റി നിന്ന കണ്ണുകളടഞ്ഞത് മുംബൈ കോകിലാബെൻ ധിരുഭായ് അംബാനി ആശുപത്രിയിൽ. ഈ റമദാൻ രണ്ടിന് ശനിയാഴ്ച ജയ്പൂരിൽ എൺപതാം വയസ്സിൽ ഇർഫാന്റെ പ്രിയമാതാവ് സഈദാ ബീഗം മരണപ്പെട്ടതിന് പിന്നാലെ, അർബുദത്തിന്റെ അതികഠിനമായ ലോക്ഡൗണിൽ നിന്ന് ഇർഫാനെന്ന മഹാനടന് ഇതാ നിത്യമുക്തി. അനുപം ഖേർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: മരിക്കാനുള്ള പ്രായമായില്ലല്ലോ നിനക്ക്, ഇർഫാൻ.. ഇനിയുമെത്രയോ വേഷങ്ങൾ ചെയ്യേണ്ടിയിരുന്നതാണ്, ഇർഫാൻഭായി..?  
അർബുദത്തിന്റെ അവസാന വിസിലിന് അവസരം നൽകാതെ ജീവിതത്തിന്റെ ക്രീസിലേക്ക് ധീരമായി തിരിച്ചുവന്ന യുവരാജ് സിംഗ്, ഇർഫാന്റെ മരണവാർത്തയറിഞ്ഞ് ട്വീറ്റ് ചെയ്തു: പ്രിയ ചങ്ങാതീ, എനിക്കറിയാം, താങ്കൾ പിന്നിട്ട് കൊണ്ടിരുന്ന വേദനയുടെ നാളുകൾ. ഞാനേറെ അനുഭവിച്ചതാണ് ഈ വേദന. എന്തായാലുും ഇങ്ങനെ തീരാവേദനയനുഭവിക്കുന്നതിലും നല്ലത് ശാന്തമായ അവസാനയാത്ര തന്നെ- അശ്രു പുരണ്ട ആദരാഞ്ജലി.  


രാജതുരഗങ്ങളുടെ കുളമ്പടിയൊച്ച മുഴങ്ങിയ, കലയുടേയും സംഗീതത്തിന്റേയും സാഗരമൊഴുകിയ രാജസ്ഥാനിലെ ടോങ്കയിലെ ടയർ ബിസിനസുകാരനായ യാസീൻ ഖാന്റെ മകനായിപ്പിറന്ന ഇർഫാൻ ക്രിക്കറ്റ് കളിയും നാടകവുമായി അലഞ്ഞു. 
പിന്നെ ദൽഹി നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പഠിച്ചാണ് മിനിസ്‌ക്രീൻ വഴി സിനിമയിലെത്തിയത്. സിനിമയിൽ അദ്ദേഹം അൽഭുതങ്ങൾ രചിച്ചു. അഭിനയത്തിന്റെ കൊടുമുടി കീഴടക്കി. അന്യൂനമായ അഭിനയ പാടവം തെളിയിക്കപ്പെട്ട 'ദ വാരിയർ' എന്ന വിഖ്യാത ചിത്രത്തിലെ അഭിനയം ലോക സിനിമയുടെ ഭൂപടത്തിൽ ഇർഫാന് വലിയൊരു ഇടം നേടിക്കൊടുത്തു. ബോളിവുഡിനെ ഹോളിവുഡ് അടയാളപ്പെടുത്തുകയായിരുന്നു.
ബ്രിട്ടീഷ്, അമേരിക്കൻ ക്ലാസിക്കൽ സിനിമാലോകത്തോളം ഇർഫാന്റെ പേരുയർന്നു. പത്മശ്രീ ഉൾപ്പെടെ നിരവധി ദേശീയ പുരസ്‌കാരങ്ങൾ. അന്താരാഷ്ട്ര അംഗീകാരം. അനുപം ഖേർ പറഞ്ഞ പോലെ 53 വയസ്സ് മരിക്കാനുള്ള പ്രായമല്ല. പക്ഷേ ഇക്കാലയളവിനകം ഒരു കലാകാരന് എത്തിപ്പിടിക്കാനാവുന്നതിലുമധികം ഔന്നത്യത്തിലെത്തി, ഇർഫാൻ. 


സ്വച്ഛമായ നദിയൊഴുകുംപോലെ, സാഗരത്തിര പോലെ ഇരമ്പുന്ന, മെയ്യും മനസ്സും കണ്ണുകളുടെ തിളക്കത്തിലേക്ക് പറിച്ചുനട്ട ഉജ്വലമായ ട്രാൻസ്‌ഫോർമേഷൻ.. അത്യുക്തിയില്ലാത്ത അഭിനയം, ശാന്തമായ സംഭാഷണം, പ്രേക്ഷകരെ അനായാസം കൈയിലെടുക്കുന്ന, ഒരു മാജിക്കൽ സ്പർശം- ഓരോ കഥാപാത്രവും നമ്മുടെ മനസ്സിനെ ചേർത്ത് വെക്കുന്നവ, 'ദ ലഞ്ച് ബോക്‌സി'ലെ അഭിനയം കണ്ടവർക്ക് മറക്കാനാവില്ല, ഇർഫാന്റെ ഇടറാത്ത ഡയലോഗുകൾ. ഹിന്ദി മീഡിയം എന്ന കോമഡി, അംഗ്രേസി മീഡിയം... എല്ലാ സിനിമകളിലേയും അഭിനയവൈവിധ്യം ഇർഫാനെ ഇന്ത്യൻ സഹൃദയമാനസങ്ങളിൽ കുടിയിരുത്തി. മാന്ത്രികഭാവങ്ങളുടെ പകർന്നാട്ടമായിരുന്നു അദ്ദേഹത്തിന്റെ അഭിനയജീവിതമത്രയും. 
ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ഹിന്ദി സിനിമാസ്വാദകർക്ക് നൽകിയാണ് അദ്ദേഹം വിടവാങ്ങിയത്. നിരവധി ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത് കൊണ്ടു തന്നെ ഒട്ടും ക്ലിഷ്ടമായിരുന്നില്ല, ഇർഫാന് വേഷപ്പകർച്ചകളും സംഭാഷണങ്ങളുടെ പ്രസന്റേഷനും. സിനിമാക്കഥയെ പോലും അതിജയിച്ച മനോഹരമായ ആന്റി ക്ലൈമാക്‌സായിപക്ഷേ, ഇർഫാൻഖാന്റെ അവസാനകാലം.


ഹോളിവുഡിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞുനിൽക്കുമ്പോഴായിരുന്നുദ്ദേഹത്തിന് അർബുദരോഗം പിടിപെട്ടത്. 2018 - ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയത്. തുടർന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് സജീവമായത്. 
എന്നാൽ ലോക്ഡൗണിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ അടുത്ത വില്ലനെത്തി. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ രണ്ട് നഷ്ടങ്ങളാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. രോഗത്തിന്റെ തുടർചികിത്സയ്ക്കായി ലണ്ടനിൽ പോകാനിരിക്കേയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം റദ്ദാക്കി. ഇതോടെ ചികിത്സ മുടങ്ങി. ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിയിലായിരുന്നു തുടർചികിത്സ മുടങ്ങുന്നത്. പിന്നാലെ ഉമ്മയുടെ മരണവും. മുംബൈയിലിരുന്ന് ജയ്പൂരിലേക്ക് വീഡിയോ കോൾ വഴിയാണ് ഉമ്മയുടെ അവസാന ചടങ്ങുകൾ ഇർഫാൻ കണ്ടത്. ഉമ്മയുടെ മഡതദേഹം കാണാനോ അന്തിമോപചാരമർപ്പിക്കാനോ സാധിക്കാത്തതിന്റെ ദു:ഖവും തുടർ ചികിൽസ നിരാകരിക്കപ്പെട്ടതിനെത്തുടർന്നുള്ള രോഗാവസ്ഥ ഗുരുതരമായതിന്റേയും തീരാവേദനയോടെയാകണം, ആ മഹാനടൻ മരണത്തിലേക്ക് യാത്രയായത്. 


രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്ന ഇർഫാൻ ഖാൻ മീരാ നായരുടെ സലാം ബോംബെയിലാണ് ആദ്യമായി വേഷമിട്ടത്. 2013 ൽ പാൻസിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അമേസിങ് സ്‌പൈഡർമാൻ, ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങൾ.
പാൻസിംഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ന്യൂയോർക്ക് എന്ന ചിത്രത്തിലെ അമേരിക്കൻ രഹസ്യപ്പോലീസ് ഏജന്റായുള്ള അഭിനയവും ഒപ്പം ഗുജറാത്തി രത്‌ന വ്യാപായിയായുള്ള അഭിനയവും ഇർഫാന്റെ നടനരംഗത്തെ സവ്യസാചിത്വത്തിന് തെളിവാണ്. 
പലരുടേയും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നതാണ് ഈ വേഷങ്ങളത്രയും. ഭാര്യ സുപതാ സിഖ്ദറേയും രണ്ട് കുട്ടികളേയും മാത്രമല്ല, ഇന്ത്യയിലെ കോടിക്കണക്കിന് പ്രേക്ഷകരെ ദു:ഖത്തിലാഴ്ത്തിയാണ്, ഇർഫാൻഖാൻ, ഇഹലോകം വെടിഞ്ഞത്. 
 

Latest News