മതംമാറിയുള്ള വിവാഹത്തെ ചൊല്ലി ലഡാക്കില്‍ പുതിയ വിവാദം; ശിഫ ജമ്മുകശ്മീരീലെ ഹാദിയ ആകുമോ?

ശ്രീനഗര്‍- ബുദ്ധ മത വിശ്വാസിയായിരുന്ന യുവതി ഇസ്ലാം സ്വീകരിച്ച് മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിനെ ചൊല്ലി ജമ്മു കശ്മീരീലെ ലഡാക്കില്‍ പുതിയ വിവാദം. ലഡാക്ക് സ്വദേശിനിയായ 30-കാരി ശിഫ (സ്റ്റാന്‍സിന്‍ സാല്‍ദോന്‍)-യും കാര്‍ഗില്‍ സ്വദേശി 32-കാരന്‍ മുര്‍തസ ആഗയും തമ്മിലുള്ള വിവാഹം 2016-ലായിരുന്നു. 2015-ല്‍ മതം മാറിയ ശിഫയെ ബുദ്ധമതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നില്ലെങ്കില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. മേഖലയിലെ പരമോന്നത ബുദ്ധമത സംഘടനയാണിത്. 

ഈ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് ഇവര്‍ കത്തയക്കുകയും ചെയ്തിട്ടുണ്ട്. 'മുസ്ലിം യുവാക്കള്‍ യുവതികളെ ആകര്‍ഷിച്ച് മതം മാറ്റുകയാണ്. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സുദായാംഗങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുസ്ലിം നേതാക്കളോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു. ഈ പ്രവണത വര്‍ഗീയ സംഘഷത്തിലേക്ക്ു നയിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദികള്‍ ജില്ലാ ഭരണകൂടം മാത്രമായിരിക്കും,' ഈ മാസം ഏഴിന് അയച്ച കത്തില്‍ പറയുന്നു.

സമാധാനന്തരീക്ഷവും സാമുദായിക സൗഹൃദവും തകരുന്നതിനു മുമ്പ് ഈ വിവാഹം റദ്ദാക്കി ശിഫയെ തിരിച്ചു കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ സെവാങ് തിന്‍ലെസ് ഒപ്പു വച്ച് കത്തില്‍ ആവശ്യപ്പെടുന്നു.

ബുദ്ധിസ്റ്റ് ഭൂരിപക്ഷ പ്രദേശമായ ലഡാക്കിന് കേന്ദ്ര ഭരണ പ്രദേശ പദവി വേണമെന്നുള്ള ബുദ്ധിസ്റ്റ് അസോസിയേഷന്റെ വാദത്തെ ചൊല്ലി മുസ്ലിം ഭൂരിപക്ഷ മേഖലയായി കാര്‍ഗിലുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന ആവശ്യത്തെ കാര്‍ഗിലിലെ മുസ്ലിം നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്.

അതിനിടെ ബുദ്ധിസ്റ്റ് അസോസിയേഷന്റെ വാദങ്ങളെ തള്ളി ശിഫ രംഗത്തെത്തി. 'ബുദ്ധിസ്റ്റ് അസോസിയേഷന്റെ പ്രസ്താവന വാസ്തവ വിരുദ്ധമായും കെട്ടിച്ചമച്ചതുമാണ്. വ്യക്തി സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാനുള്ള നീക്കണാണിത്. സ്‌നേഹത്തിനും അനുകമ്പയ്ക്കും മീതെ വിദ്വേഷത്തേയും ഭയത്തേയും വിജയിക്കാന്‍ അനുവദിക്കരുതി,' മുഖ്യമന്ത്രി മെഹ്ബുബയ്ക്ക് ശനിയാഴ്ച എഴുതിയ കത്തില്‍ ശിഫ പറയുന്നു. ഇസ്ലാം സ്വീകരിച്ചത് തന്റെ ആത്മീയ തെരഞ്ഞെടുപ്പാണെന്നും തന്റെ വിവാഹവുമായി ഇതിന് യതൊരു ബന്ധവുമില്ലെന്നും ശിഫ വ്യക്തമാക്കി. 

ശിഫ വേട്ടയാടപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇതന്വേഷിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഞാന്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടു. വിവാഹത്തിനു മുമ്പ് തന്നെ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്ന് അവള്‍ എന്നോട് പറഞ്ഞു. സ്വന്തമായി തീരുമാനമെടുക്കാനുള്ള വിദ്യാഭ്യാസവും ബുദ്ധിയുമള്ള മുതിര്‍ന്നയാളാണ് താനെന്നും പെണ്‍കുട്ടി എന്നോട് പറഞ്ഞു,' വനിതാ കമ്മീഷന്‍ അധ്യക്ഷ നയീമ മെഹ്ജൂര്‍ പറയുന്നു. 

മേഖലയിലെ സാമുദായി സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനാണ് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്റെ ശ്രമമെന്ന് കാര്‍ഗില്‍ എം എല്‍ എ അസ്ഗര്‍ അലി കര്‍ബലായ് ആരോപിച്ചു. 'ഒരു പ്രശ്‌നവും ഇപ്പോള്‍ ഇല്ല. ഈ യുവതീ യുവാക്കളുടെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ യുവതി വിവാഹം സ്വമേധയാ ഇസ്ലാം സ്വീകരിച്ചതാണ്. ഇതും വിവാഹവുമെല്ലാം അവളുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്,' അദ്ദേഹം പറഞ്ഞു.

നേരത്തെ കര്‍ണാകടയിലായിരുന്ന ശിഫ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ ഇസ്ലാം സ്വീകരിച്ചത് 2015 ഏപ്രില്‍ 22-നാണെന്നും 2016 ഏപ്രില്‍ 28-ന് സ്റ്റന്‍സിന്‍ എന്നു പേരിനു പകരം ശിഫ എന്ന പേര് സ്വീകരിച്ചതായും വ്യക്തമാക്കിയിരുന്നു. മതം മാറ്റം സ്വബോധത്തോടെ ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ ആയിരുന്നെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 2016 ജൂലൈ ഏഴ്‌നാണ് സയ്ദ് മുര്‍തസ ആഗയെ വിവാഹം ചെയ്തതെന്ന് മറ്റൊരു സത്യവാങ്മൂലത്തില്‍ ശിഫ വ്യക്തമാക്കിയിരുന്നു. തന്നെ ആരും ത്ട്ടിക്കൊണ്ടു പോകുകയോ നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ശിഫ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഇതു സംബന്ധിച്ച് വിവാദം പുകഞ്ഞതോടെ ശിഫയും ഭര്‍ത്താവും ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിച്ച കോടതി ദമ്പതികളെ ബുദ്ധിമുട്ടിക്കുകയോ ശല്ല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ജൂലൈ 28-ന് ഉത്തരവിടുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായ വിഷയത്തില്‍ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പിന്തുണച്ച് ലഡാക്കിലെ നിരവധി ഗ്രൂപ്പുകള്‍ രംഗത്തെത്തി. മൂല്യംങ്ങളും സാംസ്‌കാരിക സ്വത്വവും സംരക്ഷിക്കാന്‍ തയാറാകാണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഈ വാദത്തെ വിമര്‍ശിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ ഇടപെട്ടു. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാനും ഒരു സ്ത്രീക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നുമായിരുന്നു വിമര്‍ശകരുടെ വാദം.  

 

Latest News