തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോഡ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതിൽ ഒരാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. മറ്റൊരാൾ മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തിയതാണ്.
ചികിത്സയിലുണ്ടായിരുന്ന 14 പേര്‍ക്ക് കൂടി രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.പാലക്കാട് നാല്, കൊല്ലത്ത് മൂന്ന്, കണ്ണൂർ, കാസർകോട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍ക്ക് വിതവും, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കുമാണ് ഇന്ന് ഫലം നെഗറ്റീവ് ആയത്.
ഇതുവരെ 497 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ കണ്ടെത്തിയത്. 111 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. 382 പേര്‍ക്ക് രോഗം ഭേദമായി. നാലുപേര്‍ മരണമടഞ്ഞു. 20711 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലും കഴിയുന്നു. ഇന്ന് 95 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.






