Sorry, you need to enable JavaScript to visit this website.

തട്ടിപ്പുകാരായ ആള്‍ദൈവങ്ങളുടെ പട്ടികയുമായി സന്യാസികളുടെ സംഘടന

അലഹാബാദ്- പാരമ്പര്യമില്ലാത്ത വ്യാജ ആള്‍ദൈവങ്ങള്‍ എന്നു വിശേഷിപ്പിച്ച് 14 കള്‍ട്ട് നേതാക്കളുടെ പട്ടികയുമായി സന്യാസികളുടെ സംഘടനയായ അഖില്‍ ഭാരതീയ അഖാര പരിഷത് (എബിഎപി) രംഗത്ത്. ലൈംഗിപീഡനക്കേസില്‍ കഠിന തടവു ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്, ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആസാറാം ബാപു, സ്വാമി അസിമാനന്ദ തുടങ്ങി 14 പേരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇവര്‍ക്ക് പാരമ്പ്യവും അടിവേരുകളുമില്ലെന്നും പൊതുജനങ്ങള്‍ക്കിടിയില്‍ സന്യാസിമാര്‍ക്ക് പേരുദോഷമുണ്ടാക്കിയവരാണെന്നും എബിഎപി പറയുന്നു.

 

സന്യാസി സഭകളായ അഖാരകളുടെ കൂട്ടായ്മയാണ് അഖില്‍ ഭാരതീയ അഖാര പരിഷത്ത്. സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യാജന്മാരുടെ പട്ടികയുമായി എബിഎപി രംഗത്തെത്തിയത്. 'ഇത്തരം കപടവേഷധാരികളെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരായിരിക്കണം. ഒരു സന്യാസ പാരമ്പര്യവും അവകാശപ്പെടാനില്ലാത്തവരാണ് ഇവര്‍. ചോദ്യം ചെയ്യപ്പെടുന്ന ഇവരുടെ ചെയ്തികള്‍ സന്യാസി കള്‍ക്ക് ദുഷ്‌പേരുണ്ടാക്കിയിരിക്കുന്നു,' എബിഎപി നേതാവ് സ്വാമി നരേന്ദ്ര ഗിരി പറഞ്ഞു.

 

അലഹാബാദിലെ ബഘംബരി ഗദ്ദി മഠത്തില്‍ വിവിധ അഖാരകളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് വ്യാജന്മാരുടെ പട്ടിക തയാറാക്കിയത്. ' വ്യാജന്‍മാരെ തടയാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഈ പട്ടിക കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രതിപക്ഷ പാട്ടികള്‍ക്കും ഞങ്ങള്‍ അയച്ചു കൊടുക്കും,' സ്വാമി ഗിരി അറിയിച്ചു. ദിപാവലി ആഘോഷങ്ങള്‍ക്കു ശേഷം 28 വ്യാജ സന്യാസിമാരുടെ മറ്റൊരു പട്ടിക കൂടി പുറത്തിറക്കുമെന്നും എല്ലാവരും ഈ വ്യാജന്മാരെ ബഹിഷ്‌ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 

പട്ടിക പുറത്തുവിടുന്നതിന് മുന്നോടിയായി തനിക്കെതിരെ വന്ന വധഭീഷണി ചൂണ്ടിക്കാട്ടി സ്വാമി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആസാറാം ബാപുവിനെതിരെ പ്രമേയം പാസാക്കിയാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നതായി അദ്ദേഹം പറഞ്ഞു. 

 

എബിഎപി പുറത്തിറക്കിയ വ്യാജ ആള്‍ദൈവങ്ങളുടെ പട്ടിക

 

1. ആസാറം ബാപു

2. സുഖ്ബിന്ദര്‍ കൗര്‍ (രാധെ മാ)

3. സചിദാനന്ത ഗിരി

4. ഗുര്‍മീത് റാം റഹീം സിങ്

5. ഓം ബാബ

6. നിര്‍മല്‍ ബാബ

7. ഇച്ഛധാരി ഭീമാനന്ദ്

8. സ്വാമി അസിമാനന്ദ്

9. ഓം നമശ് ശിവായ് ബാബ

10. നാരായണ്‍ സായ്

11. റാംപാല്‍

12. ആചാര്യ കുഷ്മുനി

13. ബ്രഹസ്പതി ഗിരി

14. മല്‍ഖന്‍ സിങ് 

 

 

 

 

 

Latest News