ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 33,050 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 1074 പേര്‍ ഇതുവരെ മരണപ്പെട്ടു. ഇന്ന് മാത്രം 67 മരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇതുവരെ 9,915 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 432 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 32 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയാണ് മഹാരാഷ്ട്രയില്‍ കോവിഡിന്റെ പ്രഭവകേന്ദ്രം. സംസ്ഥാനത്തെ കോവിഡ് കേസികളില്‍ മൂന്നില്‍ രണ്ടും ഇവിടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6,457 രോഗബാധിതരില്‍ 270 പേര്‍ മുംബൈയില്‍ മരണപ്പെട്ടു.






