മെയ് പകുതിയോടെ ആഭ്യന്തര,അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ എയര്‍ഇന്ത്യ

മുംബൈ- കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമം തുടങ്ങി എയര്‍ഇന്ത്യ. പൈലറ്റുമാരോടും കാബിന്‍ക്രൂവിനോടും ഇക്കാര്യം സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര,അന്തര്‍ദേശീയ സര്‍വീസുകള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി പാസുകള്‍ക്കായി ശ്രമവും തുടങ്ങിയിട്ടുണ്ട് കമ്പനി.മെയ് പകുതിയോടെ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചാണ് കമ്പനി ജീവനക്കാരോട് ഇ-മെയില്‍ വഴി അഭിപ്രായം തേടിയത്.

''2020 മെയ് പകുതിയോടെ ലോക്ക്ഡൗണിന് ശേഷം 25% മുതല്‍ 30% വരെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ്. മുന്‍സിപ്പല്‍ പരിധിക്ക് പുറത്ത് താമസിക്കുന്ന കോക്ക്പിറ്റ്/കാബിന്‍ ക്രൂ എന്നിവരുടെ ആകെ എണ്ണവും മറ്റ് വിവരങ്ങളും ഉടന്‍ അറിയിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക'' എന്നാണ് കമ്പനി ജീവനക്കാര്‍ക്ക് അയച്ച സന്ദേശം. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പുവരുത്താന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും  ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ തയ്യാറാകണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ എയര്‍ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.മാര്‍ച്ച് 25 മുതലാണ് കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് എല്ലാവിധ വ്യോമസര്‍വീസും നിര്‍ത്തിവെച്ചത്.
 

Latest News