വാഷിംഗ്ടൺ- കോവിഡ് വ്യാപനത്തിന്റെ പേരിൽ വീണ്ടും ലോകാരോഗ്യ സംഘടനക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചൈനക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണ് ഡബ്യു.എച്ച്.ഒ ചെയ്യുന്നതെന്നും ട്രംപ് ആരോപിച്ചു. തങ്ങളെ ലോകാരോഗ്യ സംഘടന വഴി തെറ്റിക്കുകയായിരുന്നുവെന്നും ഈ നടപടിയിൽ സന്തുഷ്ടരല്ലെന്നും ട്രംപ് വ്യക്തമാക്കി. ലോകാരോഗ്യസംഘടനക്കെതിരെ അന്വേഷണം നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 400 മുതൽ 500 മില്യൺ ഡോളർ വരെ ലോകാരോഗ്യ സംഘടനക്ക് അമേരിക്ക സഹായം നൽകുന്നുണ്ട്. ചൈന നൽകുന്നത് വെറും 38 മില്യൺ ഡോളറാണ്. എന്നിട്ടും ചൈനക്ക് വേണ്ടിയാണ് സംഘടന പ്രവർത്തിച്ചതെന്നും ട്രംപ് ആരോപിച്ചു. നേരത്തെയും ലോകാരോഗ്യസംഘടനക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. കോവിഡിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച ട്രംപ് പിന്നീട് ചൈനീസ് പ്രസിഡന്റുമായി ചർച്ചയും നടത്തി. കഴിഞ്ഞ ദിവസങ്ങൡലാണ് ട്രംപ് വീണ്ടും ലോകാരോഗ്യസംഘടനക്കും ചൈനക്കുമെതിരെ രംഗത്തെത്തിയത്.