Sorry, you need to enable JavaScript to visit this website.

അവശ്യവസ്തുക്കൾ വാങ്ങാൻ പറഞ്ഞയച്ച മകൻ തിരിച്ചെത്തിയത് നവവധുവിനെയുമായി

ഗാസിയാബാദ്- അവശ്യവസ്തുക്കൾ വാങ്ങാൻ അമ്മ പറഞ്ഞയച്ച മകൻ തിരിച്ചുവന്നത് നവവധുവിനെയുമായി. ഗാസിയാബാദിലാണ് ലോക് ഡൗൺ കാലത്തെ വ്യത്യസ്ത സംഭവം അരങ്ങേറിയത്. ലോക്ഡൗൺ കാരണം അത്യാവശ്യ വസ്തുക്കൾക്കല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല. ഇതിനിടെയാണ് മകനെ പലച്ചരക്ക് സാധനങ്ങൾ വാങ്ങാൻ അമ്മ അയച്ചത്. ഇതനുസരിച്ച് പുറത്തുപോയ മകൻ തിരിച്ചെത്തിയത് നവവധുവിനെയുമായിട്ടായിരുന്നു. ഇരുപത്തിയാറു വയസുള്ള ഗുഡ്ഡുവാണ് വധു സവിതയെയുമായി വീട്ടിലെത്തിയത്. 
രണ്ടു മാസം മുമ്പ് ആര്യസമാജത്തിൽ വിവാഹിതരായ ഇവരുടെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ദൽഹിയിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്ന സവിതയോട് അവിടെനിന്ന് താമസം മാറ്റാൻ വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സവിതയെ അമ്മയുടെ വീട്ടിലേക്ക് കൊണ്ടുവരാൻ ഗുഡ്ഡു തീരുമാനിച്ചത്. പലച്ചരക്ക് സാധനം വാങ്ങാൻ വീട്ടിൽനിന്ന് പുറത്തുപോയ മകൻ ഭാര്യയെയുമായി തിരിച്ചെത്തിയത് ഞെട്ടലോടെ കണ്ട അമ്മ മകനെതിരെ പോലീസിനെ സമീപിച്ചു. താൻ ഈ വിവാഹം അനുവദിക്കില്ലെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അമ്മ പോലീസിനെ സമീപിച്ചത്. ഷഹീബാബാദ് പോലീസിലാണ് പരാതി നൽകിയത്. തൽക്കാലം ദൽഹിയിലെ വാടകവീട്ടിലേക്ക് തന്നെ താമസം മാറ്റാൻ പോലീസ് ആവശ്യപ്പെട്ടു. ഇതിനായി വീട്ടുടമയെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ലോക്ഡൗൺ കാലത്തിന് ശേഷം നടപടിയെടുക്കാമെന്നാണ് പോലീസ് വാഗ്ദാനം.
 

Latest News