റാപ്പിഡ് പരിശോധനയിൽ കോട്ടയം ജില്ലയിൽ ആശ്വാസം; 209 സാമ്പിളുകളും നെഗറ്റീവ്‌

കോട്ടയം- കോവിഡ് സമൂഹവ്യാപനമുണ്ടോ എന്നറിയാൻ കോട്ടയത്ത് നടത്തിയ വ്യാപക പരിശോധനയിൽ ആശ്വാസം. പരിശോധനയ്ക്കയച്ച 209 സാമ്പിളുകളിലും ഫലം നെഗറ്റീവ്. കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളി ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ രോഗം പടർന്നത് കണ്ടതോടെയാണ് റാപ്പിഡ് ടെസ്റ്റിന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അഞ്ച് മാധ്യമ പ്രവർത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പരിശോധന നടത്തി. കൂടാതെ വയോജനങ്ങളുടെയും. ഇതിൽ 201 സാമ്പിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പർക്ക പശ്ചാത്തലമോ ഇല്ലാത്തവരുടേതായിരുന്നു. കോട്ടയത്ത് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് ചില ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം കോട്ടയം ജില്ലയിൽ കോവിഡ്-19 സാമ്പിൾ പരിശോധന കൂടുതൽ വ്യാപകമാക്കണമെന്ന് മുതിർന്ന ഐ.എ.എസ് ഓഫീസർ അൽകേഷ് കുമാർ ശർമ നിർദേശിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെയും വയോജനങ്ങൾ, യാത്രാ പശ്ചാത്തലമുള്ളവർ തുടങ്ങിയവരെയും സാമ്പിൾ ശേഖരിച്ചതിനു ശേഷം ക്വാറന്റൈനിൽ പാർപ്പിക്കണം.  


രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ സർവേ നടത്തണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. സർവേയിൽ ലഭിക്കുന്ന വിവരങ്ങൾ സമയബന്ധിതമായി അതത് സർക്കാർ ആശുപത്രികൾക്ക് കൈമാറണം. സമ്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയാൻ നിർദേശിക്കപ്പെട്ടിട്ടുള്ളവർ പുറത്തു പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ഹോം ക്വാറന്റൈൻ നിരീക്ഷണം പരമാവധി ഊർജിതമാക്കണം. ഹോട്ട് സ്‌പോട്ടുകളിലും കണ്ടെയ്ൻമെന്റ് മേഖലകളിലും ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് വളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി വോളണ്ടിയർമാർക്ക് പ്രത്യേക പാസ് നൽകണം. പാസ് ദുരുപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് അവശ്യ വസ്തുക്കളുടെ വിതരണത്തിന് പ്രത്യേക സമയം നിശ്ചയിക്കണം. 


കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകണം. ഭക്ഷണത്തിന് ആവശ്യക്കാരില്ലാത്ത സാഹചര്യത്തിൽ മാത്രമേ കമ്യൂണിറ്റി കിച്ചണുകൾ നിർത്തലാക്കാൻ പാടുള്ളൂ. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണം. ജില്ലയിലെ എല്ലാ ലേബർ ക്യാമ്പുകളിലെയും സ്ഥിതിഗതികൾ തൊഴിൽ വകുപ്പ് നിരീക്ഷിക്കണം.  നിലവിലെ സാഹചര്യം, ഇവിടെ തുടരേണ്ടതിൻറെ ആവശ്യകത, രോഗപ്രതിരോധ നടപടികൾ തുടങ്ങിയവയെക്കുറിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ നടത്തിവരുന്ന ബോധവത്കരണം സജീവമായി മുന്നോട്ടു കൊണ്ടുപോകണം.  
അതേസമയം വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവർ 18 പേരാണ്. ഒരാൾ ഇടുക്കി സ്വദേശിയാണ്. 17 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ കോട്ടയം ജനറൽ ആശുപത്രിയിലുമാണുളളത്. കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിൽ പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവായി. 
ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളിൽ ജനങ്ങൾ അത്യാവശ്യത്തിനു മാത്രം  പുറത്തിറങ്ങാൻ അനുവദിച്ചും പോലീസ് പ്രത്യേകം മാർക്ക് ചെയ്ത കണ്ടെയൻമെന്റ് മേഖലയിൽ വീടിന് പുറത്ത് സഞ്ചരിക്കുന്നത്  നിരോധിച്ചും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലെ നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ ചില മേഖലകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഹോട്ട് സ്‌പോട്ടുകളിൽ പാചകവാതക വിതരണം, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് സാധാരണ നിലയിൽ  പ്രവർത്തിക്കാൻ അനുമതിയുണ്ട്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.


 

Latest News