Sorry, you need to enable JavaScript to visit this website.

നഴ്‌സുമാരെ  തിരികെ കൊണ്ടുപോകാൻ കൊച്ചിയിൽ പ്രത്യേക വിമാനത്തിന് അനുമതി തേടി സൗദി 

ന്യൂദൽഹി-കേരളത്തിന്റെ ആരോഗ്യ മികവിന്റെ സഹായം തേടി കേന്ദ്ര സർക്കാറിന് മുന്നിൽ വിദേശ രാജ്യങ്ങളും. അവധിക്കെത്തിയ മലയാളികളായ നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ തിരികെ കൊണ്ടുപോകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ ആദ്യം അനുമതി തേടി എത്തിയിരിക്കുന്നത് സൗദി അറേബ്യ ആണ്. ഇതിനോടകം റിക്രൂട്ട് ചെയത് നൂറു നഴ്‌സുമാരെ കേരളത്തിൽ നിന്നു കൊണ്ടുപോകാൻ അനുമതി തേടി ബഹ്‌റൈനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. യു.എ.ഇയിലേക്ക് നൂറോളം ആരോഗ്യ പ്രവർത്തകരെ മൂന്നു മാസത്തേക്ക് റിക്രൂട്ട് ചെയ്യാൻ അനുമതി തേടി അവിടുത്തെ രണ്ട് ആശുപത്രികളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മികവ് തേടിയുള്ള ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന പരിശോധിച്ചു വരികയാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 
നിലവിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ അവധിക്ക് നാട്ടിൽ വന്ന ശേഷം ലോക്ഡൗണിനെ തുടർന്ന് മടങ്ങിപ്പോകാൻ കഴിയാത്ത നൂറുകണക്കിന് നഴ്‌സുമാർ ഉൾപ്പെടെയുള്ളവർ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ നഴ്‌സുമാർ അടക്കമുള്ള മലയാളി ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ കേന്ദ്ര സർക്കാറിനെ സമീപിച്ചിരിക്കുന്നത് ഇവർക്ക് വലിയ ആശ്വാസമാകും. 


വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ ശേഷം കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ തിരികെ ജോലി സ്ഥലത്തേക്ക് പോകാൻ കഴിയാത്ത 830 ൽ അധികം ആരോഗ്യ പ്രവർത്തകരാണ് നഴ്‌സുമാർ ഉൾപ്പെടെ കേരളത്തിൽ ഇപ്പോഴുള്ളത്. ഇവരെ തിരികെ കൊണ്ടുപോകാൻ പ്രത്യേക വിമാനം ഇറങ്ങാൻ അനുവദിക്കണമെന്നതാണ് സൗദി അറേബ്യയുടെ ആവശ്യം. ഇതിനായി കൊച്ചിയിൽ പ്രത്യേക വിമാനം ഇറങ്ങാൻ അനുമതി തേടിയാണ് സൗദി അറേബ്യയും ബഹ്‌റൈനും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ ഇനിയും ആശങ്ക നിലനിൽക്കുന്നതിനാലും അന്താരാഷ്ട്ര വിമാന സർവീസുകൾ ഉൾപ്പെടെ ആരംഭിക്കാൻ ഇനിയും സമയം എടുക്കും. ഈ സാഹചര്യത്തിലാണ് മലയാളികളായ നഴ്‌സുമാർ ഏറെപ്പേർ ജോലി ചെയ്യുന്ന സൗദി അറേബ്യ ഉൾപ്പെടെ മലയാളികളെ തങ്ങളുടെ ആരോഗ്യ സുരക്ഷക്കായി വിട്ടുനൽകണമെന്നു കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മൂന്ന് രാജ്യങ്ങളുടെയും അഭ്യർഥന നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാൽ ഇതിനായുള്ള നടപടിക്രമങ്ങൾ മുന്നോട്ടു നീങ്ങുമെന്നാണ് വിവരം. പ്രത്യേക വിമാനം വന്ന് മലയാളികളെ കൊണ്ടുപോകുന്നത് ഉൾെപ്പടെയുള്ള കാര്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് ശേഷം കേന്ദ്ര വ്യോമ മന്ത്രാലയവുമായി ചർച്ച ചെയ്തു നടപ്പാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. 

 

Latest News