മഞ്ഞുരുക്കം ഇല്ലാതാക്കിയത് ഖത്തര്‍

ഖത്തര്‍ പ്രശ്‌നം: സമ്മര്‍ദം ശക്തമാക്കി സൗദി

ജിദ്ദ- അനുദിനം വഷളാവുന്ന ഖത്തര്‍ പ്രശ്‌നം പരിഹരിക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമായി തുടരുമ്പോഴും സമ്മര്‍ദം ശക്തമാക്കി സൗദി അറേബ്യ. നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്ന കാര്യം സംശയമാണെന്ന് അറബ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അമേരിക്കയുടെയും കുവൈത്തിന്റെയും ചിറകിലേറി പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാനാവുമെന്ന ഖത്തറിന്റെ പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ടെലിഫോണ്‍ സംഭാഷണം മഞ്ഞുരുക്കത്തിന്റെ തുടക്കമായി ആദ്യം വിലയിരുത്തപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കകം ആ പ്രതീക്ഷ കൂമ്പടയുകയായിരുന്നു.
അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് ഫോണ്‍ വിളിയെന്ന ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്തയാണ് എല്ലാം അവസാനിപ്പിച്ചത്. ഖത്തര്‍ അമീര്‍ അപേക്ഷിച്ചതു പ്രകാരമാണ് സൗദി കിരീടാവകാശി ഫോണ്‍ സംഭാഷണത്തിന് തയാറായതെന്നും ആരുടേയും ഏകോപനം അതിന് പിന്നിലില്ലെന്നും അസന്ദിഗ്ധമായി വ്യക്തമാക്കി സൗദി വിദേശ മന്ത്രാലയം രംഗത്തു വന്നതോടെ, പ്രതിസന്ധി അയയുമെന്ന ശുഭപ്രതീക്ഷ ഇല്ലാതായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി മാധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന കുവൈത്ത് അമീര്‍ അമേരിക്ക സന്ദര്‍ശിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുകയുണ്ടായി. പ്രശ്‌നത്തിലുള്‍പ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും പല തവണയായി ചര്‍ച്ചയില്‍ പങ്കാളികളായി. ഇതിന്റെ പര്യവസാനമെന്നോണം കുവൈത്ത് അമീറും അമേരിക്കന്‍ പ്രസിഡന്റും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമുണ്ടായത്.
പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയാറാണെന്ന് വരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയുണ്ടായ ഖത്തര്‍-സൗദി ഫോണ്‍ സംഭാഷണം പ്രതിസന്ധി രൂപപ്പെട്ടതിന് ശേഷം ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്നു. മധ്യസ്ഥര്‍ വഴി പരിഹാര നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ഇരു രാജ്യങ്ങളുടെയും ഉന്നത നേതാക്കള്‍ നേരിട്ട് ബന്ധപ്പെട്ടതോടെ പ്രശ്‌ന പരിഹാരം ഉടനുണ്ടാകുമെന്നും തോന്നലുണ്ടായി. എന്നാല്‍ ഖത്തറിന്റെ സമചിത്തതയില്ലാത്ത പ്രവൃത്തി എല്ലാം തകിടം മറിക്കുകയായിരുന്നു.
ഇന്നലെ ജിദ്ദയിലെത്തിയ റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവും ഖത്തര്‍ പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു. അറബ് രാജ്യങ്ങളും ഖത്തറും നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ഖത്തര്‍ ഇനി പരസ്യമായി അവരുടെ നിലപാടുകള്‍ പ്രഖ്യാപിച്ച ശേഷമേ അടുത്ത പടിയിലേക്ക് കടക്കുകയുള്ളൂവെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധി അനായാസം പരിഹരിക്കാന്‍ കഴിയുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന സംഭവം ലഘൂകരിച്ചു കാണുന്നതാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള അവസരം ഖത്തര്‍ പാഴാക്കിയെന്നാണ് യു.എ.ഇ വിദേശമന്ത്രി അന്‍വര്‍ ഗര്‍ഗാശ് പ്രതികരിച്ചത്.

 

Latest News