റിയാദ് - സൗദിയിലെ ഷോപ്പിംഗ് മാളുകളും വ്യാപാര കേന്ദ്രങ്ങളും കര്‍ശന നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു. കര്‍ഫ്യൂ ഭാഗികമായി എടുത്തുകളയാനുള്ള തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവിന് അനുസൃതമായാണ് വ്യാപാര കേന്ദ്രങ്ങള്‍ വീണ്ടും ഉപഭോക്താക്കളെ സ്വീകരിച്ചു തുടങ്ങിയത്. വിനോദ കേന്ദ്രങ്ങളും കളി ഏരിയകളും നമസ്‌കാര സ്ഥലങ്ങളും അടക്കണമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടവഴികളിലെ വിശ്രമസ്ഥലങ്ങളും കസേരകളും നീക്കം ചെയ്യണമെന്നും പ്രവേശന കവാടങ്ങളില്‍ ശരീര താപനില പരിശോധിക്കാനും അണുവിമുക്തമാക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
ഉപയോക്താക്കളുടെ ഉപയോഗത്തിന് പര്യാപ്തമായത്ര മാസ്‌കുകളും കൈയുറകളും ലഭ്യമാക്കണമെന്നും പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരുണ്ടായിരിക്കണമെന്നും ഓരോ ഇരുപത്തിനാലു മണിക്കൂറിലും സ്ഥാപനം മുഴുവന്‍ അണുവിമുക്തമാക്കണമെന്നും രോഗബാധ സംശയിക്കുന്നവരെ മാറ്റുന്നതിന് ഐസൊലേഷന്‍ മുറികള്‍ സജ്ജീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
തൽസമയ വാർത്താ അപ്‌ഡേറ്റുകൾക്കായി ഇവിടെ ക്ലിക് ചെയ്ത് മലയാളം ന്യൂസ് വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വ്യാപാര സ്ഥാപനങ്ങളിലേക്കും മാളുകളിലേക്കും ഗ്രൂപ്പുകളായി ആളുകളെ കടത്തിവിടരുതെന്നും പകരം ഓരോരുത്തരെയായി പ്രവേശിപ്പിക്കണമെന്നും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഉപയോക്താക്കള്‍ തുണി കൊണ്ടുള്ള മാസ്‌കുകള്‍ ധരിക്കണം. ഷോപ്പിംഗ് ട്രോളികള്‍ ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ അണുവിമുക്തമാക്കുകയും വേണം. സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പായി ഉല്‍പന്നങ്ങള്‍ നന്നായി പരിശോധിച്ച് അവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
വാങ്ങുന്നതിനു മുമ്പായി വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും മറ്റും അളവ് ഉറപ്പുവരുത്തണം. ആളുകള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും അകലം പാലിച്ച് ശാരീരിക അകലം കാത്തൂസൂക്ഷിക്കണം. 38 ഡിഗ്രിയില്‍ കൂടുതല്‍ ശരീര താപനിലയുള്ളവരെ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്. ജീവനക്കാരുടെ ശരീര താപനില പരിശോധിക്കണമെന്നും 38 ഡിഗ്രിയില്‍ കൂടുതല്‍ ശരീര താപനിലയുള്ളവരെ ആശുപത്രിയിലേക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.
പരീക്ഷിച്ചു നോക്കുന്നതിനും രുചിച്ചു നോക്കുന്നതിനും സാമ്പിളുകള്‍ നല്‍കുന്നതും വിലക്കിയിട്ടുണ്ട്. പണം ഉപയോഗിക്കല്‍ സാധ്യമായത്ര കുറക്കണമെന്നും കൈകള്‍ കഴുകുന്നതിന് പ്രത്യേക സ്ഥലം സജ്ജീകരിക്കണമെന്നും നിര്‍ദേശമുണ്ട്. മുഴുവന്‍ സ്ഥാപനങ്ങളും ജീവനക്കാരും ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹമദ് അല്‍റാജ്ഹിയും ആവശ്യപ്പെട്ടു.






