മലപ്പുറം- കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ സഹകരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാകേണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ സ്വീകരിക്കുന്ന ബലപ്രയോഗത്തിന്റെ ഭാഷ ശരിയല്ലെന്നും ചര്‍ച്ച ചെയ്ത് ഒന്നിച്ച് മുന്നോട്ട് പോകുകയാണ് ഈ ഘട്ടത്തില്‍ വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
രോഗം നിയന്ത്രണ വിധേയമായി എന്ന് കരുതുമ്പോള്‍ തന്നെ രോഗം എവിടെനിന്ന് വന്നു എന്ന് കണ്ടെത്താന്‍ കഴിയാത്ത കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ശുഭ സൂചനയല്ല. ഇതിനായി സാമൂഹിക വ്യാപനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം- കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു.
സാലറി ചലഞ്ച് കോടതി തടഞ്ഞതോടെ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം കോടതിയില്‍ പോയാല്‍ തടയാവുന്നതേയുള്ളു. സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ തിരിച്ച് വരവ് എളുപ്പമാക്കുന്നതിന് നോര്‍ക്കയെ മാത്രം ചുമതലപ്പെടുത്തിയത് കൊണ്ട് സാധിക്കില്ല. ഇതിനായി പ്രവാസി സംഘടനകളുടെ സഹായവും തേടണം.