ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് കോടതിയോടുള്ള വെല്ലുവിളി- മുല്ലപ്പള്ളി

തിരുവനന്തപുരം- നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം  സ്റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് ഫാസിസ്റ്റ് ശൈലിയാണ്. തൊഴിളികളുടെ അവകാശ പോരാട്ടങ്ങളുടെ കഥ പറയുന്ന സി.പി.എം തൊഴിലാളിളെ വഞ്ചിക്കുന്ന പാര്‍ട്ടിയായി മാറി. ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സി.പി.എം തൊഴിലാളികളെ മറക്കുന്നു. ജുഡീഷ്യറിയോട് ഒരിക്കലും ആദരവ് പ്രകടിപ്പിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. ബൂര്‍ഷാ കോടതി തുലയട്ടെയെന്ന് പല ഘട്ടങ്ങളില്‍ വിളിച്ചുകൂവിയ പാര്‍ട്ടിയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2001 ലെ എ.കെ. ആന്റണി മന്ത്രിസഭ ജീവനക്കാരുടെ ഡി.എ വെട്ടിക്കുറച്ചതിനെതിരെ 41 ദിവസം സമരം ചെയ്തവരാണ് ഇന്ന് ജീവനക്കാരെ അവഹേളിക്കാനും അപമാനിക്കാനും രംഗത്ത് വരുന്നത്. അന്ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും കുത്തിയിരുപ്പും നടത്തിയ നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തിലെ പരിഹാസ്യമായ ഒരേടാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ ഇടതു സര്‍വീസ് സംഘടന ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തൊഴിലാളി വര്‍ഗപാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം നിലപാട് എന്താണെന്ന് വ്യക്തമാക്കണം- മുല്ലപ്പള്ളി പറഞ്ഞു

 

Latest News