ദുരിതാശ്വാസ നിധിയിലേക്ക് ആറ് സെന്റ് നല്‍കി മുന്‍ പ്രവാസി

പി.പി.രവീന്ദ്രന്‍.

കണ്ണൂര്‍-  കോവിഡ് രോഗ വ്യാപനത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാരിന് കൈത്താങ്ങായി മുന്‍ പ്രവാസിയുടെ ഭൂമിദാനം. കണ്ണപുരം മൊട്ടമ്മല്‍ പി.പി. ബസ് സ്‌റ്റോപിന് സമീപം പുതിയ പുരയില്‍ രവീന്ദ്രനാണ് സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആറ് സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
വെള്ളിക്കീല്‍ ഫിഷറീസ് ആശുപത്രിക്കടുത്തുള്ള ആറ് സെന്റ് സ്ഥലമാണ് വിട്ടുനല്‍കിയത്. രവീന്ദ്രന്‍, 30 വര്‍ഷം അബുദാബിയിലും 10 വര്‍ഷം ബഹ്‌റൈനിലും ജോലി ചെയ്തിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഗള്‍ഫിലും നാട്ടിലും സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. അബുദാബി ശക്തി തീയറ്റേഴ്‌സിന്റെയും കേരള പ്രവാസി സംഘത്തിന്റെയും സജീവ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ നാട്ടില്‍ കൃഷിയും ചെറിയ കച്ചവടവുമായി കഴിയുകയാണിദ്ദേഹം.
ജെയിംസ് മാത്യു എം.എല്‍.എ മുഖേനയാണ് ഭൂമിയുടെ സമ്മതപത്രം കൈമാറിയത്.

 

 

Latest News