കണ്ണൂര്‍- ഗള്‍ഫില്‍നിന്നു മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം ഒരുങ്ങി. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലക്കാരായ പ്രവാസികളാണ് കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തുക.
കണ്ണൂര്‍ അടക്കമുള്ള നാല് ജില്ലക്കാരായ 75000 പേര്‍ ഇതിനകം നാട്ടിലേക്ക് മടങ്ങുന്നതിനായി നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍നിന്നുള്ളവരില്‍ പകുതിയോളം പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴി വരുമെങ്കിലും, ബാക്കിയുള്ളവര്‍ കണ്ണൂര്‍ വിമാനത്താവളം വഴിയാകും യാത്ര. കണ്ണൂര്‍ ജില്ലക്കാരായ 28000 പേരും, കാസര്‍കോടു നിന്നുള്ള 12000 പേരും, വയനാട്ടിലെ 3000 പേരും, കോഴിക്കോട് ജില്ലക്കാരായ 32000 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് (3 വിമാനം), ഗോ എയര്‍ (2 വിമാനം), ഇന്‍ഡിഗോ എന്നീ വിമാനകമ്പനികള്‍ യു.എ.ഇയിലേക്ക് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ലോക്ഡൗണിനു ശേഷം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സര്‍വീസ് ഷെഡ്യൂള്‍ ചെയ്യാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വിദേശത്തുനിന്ന് എത്തുന്നവരെ എയര്‍ സൈഡില്‍ നിന്നു തന്നെ പരിശോധനക്കു വിധേയരാക്കും. ആദ്യഘട്ടത്തില്‍ ഉപയോഗിച്ച തെര്‍മല്‍ സ്‌കാനിങ്ങിനു പുറമേ വിശദമായ പരിശോധന നടത്തും. രോഗലക്ഷണമുള്ളവരെ നേരിട്ട് കോവിഡ് 19 ചികിത്സാ കേന്ദ്രത്തി
ലേക്കു മാറ്റും. അവരുടെ ബാഗേജും പ്രത്യേകം സ്‌ക്രീന്‍ ചെയ്ത് അണുവിമുക്തമാക്കി കൂടെ അയക്കും.
ചെറിയ ലക്ഷണങ്ങളുള്ളവരെ വിമാനത്താവളത്തിനു സമീപം തയാറാക്കുന്ന കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളിലേക്ക് അയക്കും. ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. നിര്‍ദേശം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നിരന്തരം ഇവരുമായി ബന്ധപ്പെടും.
വിമാനത്താവളത്തില്‍ എത്തുന്നവരെ ജില്ല, താലൂക്ക് അടിസ്ഥാനത്തില്‍ തരംതിരിക്കും. ഓരോ താലൂക്കില്‍നിന്നുള്ള ആള്‍ക്കാരെ പ്രത്യേകം കണക്കെടുത്തു ജില്ലാ അടിസ്ഥാനത്തില്‍ വിവരം ശേഖരിക്കും.