ജിദ്ദ - കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് വാടക ഒഴിവാക്കി നല്കിയ സൗദി അധ്യാപകന് സ്വാലിഹ് ഹിലാല്‍ അല്സുബൈത്തിയുടെ അപ്രതീക്ഷിത വിയോഗം എല്ലാവര്ക്കും നൊമ്പരമായി. കൊറോണ ബാധിച്ചാണ് സ്വാലിഹ് അല്‍സുബൈത്തി മരിച്ചത്. തനിക്ക് കൊറോണബാധ സ്ഥിരീകരിക്കുന്നതിനു മുമ്പാണ് തന്റെ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് സ്വാലിഹ് അല്‍സുബൈത്തി വാടക ഒഴിവാക്കി നല്‍കിയത്.
പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ട സ്വാലിഹ് ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. വീടിനു സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാകും സ്വാലിഹിന് കൊറോണ വൈറസ് പിടിപെട്ടതെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചതെന്നും 49 കാരനായ സ്വാലിഹിന് വിട്ടുമാറാത്ത മറ്റു രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സഹോദരന് ഫാരിസ് അല്‍സുബൈത്തി പറഞ്ഞു.
റമദാനു മുമ്പ് കൊറോണ പ്രതിസന്ധിയുടെ തുടക്കത്തിലാണ് സ്വാലിഹ് അല്സുബൈത്തിയും താനും അവസാനമായി ഫോണില്‍ സംസാരിച്ചതെന്ന് സ്വാലിഹിന്റെ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്ന ഫാരിസ് അല്‍യാമി പറഞ്ഞു. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്ന കാലത്ത് തന്റെ കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും വാടകയില്‍ നിന്ന് ഒഴിവാക്കിയ കാര്യം അന്ന് സ്വാലിഹ് തന്നെയും അറിയിച്ചു. ഉദാരനും സല്‍സ്വഭാവിയുമായ സ്വാലിഹ് അല്‍സുബൈത്തി ഇത്തരമൊരു സഹായം പ്രഖ്യാപിച്ചതില്‍ ആശ്ചര്യമില്ലെന്നും ഫാരിസ് അല്‍യാമി പറഞ്ഞു. ജിദ്ദ ഖുസൈമ ബിന്ത് സാബിത് സ്കൂളില്‍ 25 വര്‍ഷമായി അധ്യാപകനായ സ്വാലിഹ് അല്‍സുബൈത്തിക്ക് മൂന്നു ആണ്മക്കളും ഒരു മകളുമുണ്ട്.






