കേരളത്തില്‍ 10 പേര്‍ക്കുകൂടി കോവിഡ്; രോഗബാധിതരില്‍ ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകനും

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് ആറുപേര്‍ക്കും, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മാധ്യമങ്ങളെ അറിയിച്ചത്. 

കൊല്ലത്ത് അഞ്ചുപേര്‍ക്കും കാസര്‍കോട് രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് പകര്‍ന്നത്. കൊല്ലത്ത് രോഗബാധ തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് തിരിച്ചെത്തിയതാണ്. മൂന്ന് ആരോഗ്യപ്രവര്‍ത്തകരും കാസര്‍കോട്ടെ ദൃശ്യമാധ്യമപ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ 495 ആയി. 123 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 

10 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള മൂന്ന് വീതം പേര്‍ക്കും പത്തനംതിട്ടയില്‍നിന്ന് ഒരാള്‍ക്കുമാണ് ഇന്ന് ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് ആകെ 20,673 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. 20,172 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 501 പേര്‍ ആശുപത്രികളിലും കഴിയുന്നു. 84 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Latest News