കോവിഡ് ഭീതിക്കിടെ സൗദിയില്‍നിന്ന് വിദേശികള്‍ കൂടുതല്‍ പണം അയച്ചു

റിയാദ് - സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ മാസം 1,222 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയുടെ കണക്ക്.

രണ്ടു വര്‍ഷത്തിനിടെ ഒരു മാസത്തില്‍ വിദേശികള്‍ അയച്ച ഏറ്റവും ഉയര്‍ന്ന തുകയാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ചു നോക്കുമ്പോഴും കഴിഞ്ഞ മാസത്തെ തുകയില്‍ വര്‍ധനയുണ്ട്. 2019 മാര്‍ച്ചില്‍ വിദേശികളുടെ റെമിറ്റന്‍സ് 1,125 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം  8.6 ശതമാനമാണ് വര്‍ധന. 2019 മാര്‍ച്ചിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 96.3 കോടി റിയാലാണ് അധികം അയച്ചത്. കഴിഞ്ഞ പത്തു മാസത്തിനിടെ വിദേശികളുടെ പ്രതിമാസ ശരാശരി റെമിറ്റന്‍സ് 1,030 കോടി റിയാലായിരുന്നു.


കഴിഞ്ഞ രണ്ടു മാസത്തിനിടെയും വിദേശികളുടെ റെമിറ്റന്‍സ് ശ്രദ്ധേയമായ നിലയില്‍ ഉയര്‍ന്നു. ഫെബ്രുവരിയില്‍ 12.3 ശതമാനം തോതിലും മാര്‍ച്ചില്‍ 8.6 ശതമാനം തോതിലുമാണ് റെമിറ്റന്‍സ് ഉയര്‍ന്നത്. സമീപ കാലത്ത് വിദേശികളുടെ റെമിറ്റന്‍സ് ഏറ്റവും കുറവ് കഴിഞ്ഞ ജൂണിലായിരുന്നു. ജൂണില്‍ 870 കോടി റിയാല്‍ മാത്രമാണ് വിദേശികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേങ്ങളിലേക്ക് അയച്ചത്.

 

Latest News