Sorry, you need to enable JavaScript to visit this website.

'അസാധാരണ'കാലത്തെ നിലപാടുകൾ

സ്പ്രിംഗഌ വിവാദത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് സി.പി.ഐ പല തവണ പ്രസ്താവിച്ചതാണ്. ആദ്യം സെക്രട്ടറി കാനം സഖാവിന്റെ ഊഴമായിരുന്നു. ജനങ്ങൾക്കു ബോധ്യപ്പെടുന്ന തരത്തിൽ വിശദീകരണം നടത്തി പരിഹരിക്കണമെന്നതായിരുന്നു ആ വിജ്ഞാപനം. രണ്ടാമൂഴം ജനയുഗം എന്ന പാർട്ടി മുഖപത്രത്തിന്റേതായിരുന്നു- അമേരിക്കൻ കമ്പനിയുടെ പേര് പറയാതെ ബാക്കിയെല്ലാം നിരത്തിെവച്ചു. രണ്ടു പ്രതികരണങ്ങളും തികഞ്ഞ അച്ചടക്കത്തോടെയും അതീവ രഹസ്യവുമായിട്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. ആദ്യത്തേത് കാനം മേശവിരിപ്പ് പൊക്കി അകത്തേക്കു തലയിട്ട് മൂളുകയായിരുന്നു. ചില സിനിമാ ഗാനങ്ങളുടെ 'ഹമ്മിംഗ്' പോലെ. ജനയുഗത്തിന്റേത് അഞ്ചു കോളത്തിൽ മറ്റു പല നാട്ടുകാര്യങ്ങളുമായിട്ടായിരുന്നു അവതരണം. ചുരുക്കത്തിൽ 'കോവിഡ്-19' എന്നല്ലാതെ 'സ്പ്രിംഗഌ' എന്നൊരു വാക്ക് സി.പി.ഐയുടെ ഒരു നേതാവും ഉച്ചരിച്ചില്ല എന്നതാണ് ഏറ്റവും പ്രധാനം. 'അച്ചടക്കം' എന്ന പദത്തിന് 'സി.പി.ഐ' എന്നൊരു പര്യായപദം കൂടി ശബ്ദ താരാവലിയുടെ അടുത്ത പതിപ്പിൽ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 


അങ്ങനെ മനസ്സമാധാനത്തോടെ കഴിയുമ്പോഴാണ് ഐ.ടി വകുപ്പു സെക്രട്ടറി ശിവശങ്കർ സ്റ്റേറ്റ് കൗൺസിൽ ഓഫീസിൽ ചെന്ന് 'ശ്ശടേ' എന്നു കാറിൽ നിന്നിറങ്ങി കാനത്തിന്റെ മുറിയിൽ പ്രവേശിച്ചത്. ആഗതൻ, സഖാവിന്റെ കാലിൽ വീണോ എന്ന വിഷയം ദൃക്‌സാക്ഷികളുടെ അഭാവത്താൽ വിടുന്നു.  ഏതായാലും പൗരന്മാരുടെ സ്വകാര്യ സ്വത്തായ ജലദോഷം, ചുമ, പനി എന്നിവയൊന്നും അമേരിക്കൻ കമ്പനി അടിച്ചുമാറ്റിയിട്ടില്ല എന്ന് കാനത്തിനു ബോധ്യമായി. ഇളകിപ്പോയ കാനം നേരെ എ.കെ.ജി സെന്ററിലേക്കു പറന്നു. തലസ്ഥാനമാണെങ്കിലും റോഡ് ശ്മശാനമാകയാൽ യാത്ര സുഗമം. കോടിയേരി സഖാവിനെ കണ്ടു, രണ്ടു മീറ്റർ അകലം പാലിച്ചു.  അമേരിക്കൻ വിഷയത്തെ കൈവിട്ട്, കാനം കീർത്തനാലാപം തുടങ്ങി. 


അടിമുടി സർക്കാറിനുള്ള പ്രശംസ. ഏറെ നീണ്ടപ്പോൾ ഒന്ന് നിർത്തണമെന്ന് ഇരുകൂട്ടർക്കും മോഹം. കാനം നിർത്തിയതും കോടിയേരി തുടങ്ങി- സഹോദരപ്പാർട്ടിയുടെ നേതാവാണ്, ഇവിടെ വരും, കാണും, കാപ്പി കുടിക്കും, ഇനിയും വരും എന്ന് പ്രഭാഷണം നീണ്ടു. ചികിത്സയിലായതിനാൽ അധിക പ്രസംഗം വേണ്ട എന്നു കാനത്തിന്റെ ശാസന. കാര്യം മംഗളം. എങ്കിലും ഒരു പ്രസ്താവന ചെയ്യുമ്പോൾ ലേശം എരിവും പുളിയും വേണം. കോടിയേരി 'നിമിഷ കവി'യായി പെട്ടെന്നു കിട്ടിയത് കെ. കരുണാകരന്റെ പഴയ ചാരക്കേസ്. ഇന്ന് പിണറായിയുടെ മകൾ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചന്വേഷിക്കുന്ന കോൺഗ്രസുകാർ അന്ന് കരുണാകരനെയും കുടുംബത്തെയും ദ്രോഹിക്കുകയായിരുന്നുവെന്നും വെച്ചു കാച്ചി. രണ്ടു തുള്ളി കണ്ണുനീർ കൂടി ലീഡർക്കു വേണ്ടി വീഴ്ത്തിയിട്ടേ സഖാവ് പ്രസ്താവന നിർത്തിയുള്ളൂ. രാജൻ കേസിലും ചാരക്കേസിലുമൊക്കെ സഖാവിന്റെ പാർട്ടി ഭൂമി ഇളക്കി മറിച്ച കാര്യമോർത്ത് കാനവും നാട്ടുകാരും അമർത്തിച്ചിരിച്ചുകൊണ്ടേയിരിക്കുന്നു!


****                             ****                    ****

'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്ന ചൊല്ല് ഇത്തരമൊരു പ്രതിപക്ഷം കേരളക്കരയിൽ ജന്മമെടുക്കുമെന്ന് മുൻകൂട്ടി കണ്ടിട്ടാകാം രൂപപ്പെട്ടത്. 'കാറ്റുള്ളപ്പോൾ തൂറ്റണം' എന്ന ചൊല്ല് മേപ്പടി കക്ഷികൾ കേട്ടിരിക്കാനിടയില്ല. അല്ലെങ്കിൽ സ്പ്രിംഗഌറും ടംബഌറുമെന്നൊക്കെ പറഞ്ഞു നടക്കാതെ, റേഷൻ ഷാപ്പുകൾക്കടുത്ത് വല്ല പാർട്ടിയാപ്പീസോ ഏകോപന സമിതിയാപ്പീസോ തുറക്കുമായിരുന്നു. കേട്ടില്ലേ, വൈക്കത്തെയും കോഴിക്കോട്ടെയും വിശേഷങ്ങൾ? റേഷൻ കടക്കടുത്തുള്ള സി.പി.ഐ ഓഫീസിൽ നിന്നും 'റേഷൻ കിറ്റു'കൾ പിടിച്ചെടുത്തു. 'കോഴിക്കോട് സി.പി.ഐ (എം) ഓഫീസിൽ നിന്നുമായി എന്ന വ്യത്യാസം മാത്രം. ഇരു പാർട്ടികളും തമ്മിലുള്ള വ്യത്യാസവും അകലവും അത്രയും കുറഞ്ഞുവെന്നു മനസ്സിലാക്കണം. കിറ്റ് കണ്ടെടുക്കുന്നതിന്റെ ഫോട്ടോയിൽ കയറി നിന്നതു കൊണ്ടു വോട്ടുകൾ നാളെ മുഴുവനോടെ തങ്ങളുടെ പെട്ടിയിൽ വീഴുമെന്നു സ്വപ്‌നം കണ്ടിരിക്കാം. അതിനു 'പകൽക്കിനാവ്' എന്നാണു പേർ വിളിക്കുക. 


സംഗതി നടക്കാത്ത സ്വപ്‌നം. നേരേ മറിച്ച് റേഷൻ കടയുമായി ബാന്ധവം സ്ഥാപിക്കുക, അമ്പതോ നൂറോ കിറ്റുകൾ 'സൂക്ഷിക്കാൻ' തങ്ങളുടെ ഓഫീസ് വിട്ടുകൊടുക്കുക, ഒത്താൽ അഞ്ചെണ്ണമോ പത്തെണ്ണമോ അടിച്ചു മാറ്റുക. അതല്ലേ ധർമം? സാമൂഹ്യ സേവനം? മാനവ സേവ? ഇനി ഇക്കാര്യത്തിൽ ഭക്ഷ്യവകുപ്പിനും എൽ.ഡി.എഫിനുമുണ്ട് വീഴ്ച. അവർ വിഭാഗീയത വളർത്തുകയാണ്. കഴിഞ്ഞ കാലത്തെ വിഭാഗീയതയല്ല. വി.എസ് ഇപ്പോൾ ഏതാണ്ട് മൗനിയാണല്ലോ. കോവിഡ് മഹാമാരിക്കാലത്ത് ഒന്നിച്ചു നിൽക്കേണ്ട ഈ അടിയന്തര ഘട്ടത്തിൽ യു.ഡി.എഫുകാരെ അന്യരെപ്പോലെ അകറ്റുക, അവർക്കു കിറ്റുകൾ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കാതിരിക്കുക- അതൊക്കെ അപലപനീയം തന്നെയാണ്. 


കേന്ദ്ര ഭരണ പാർട്ടിയുടെ ഇങ്ങേയറ്റത്തെ പ്രതിനിധിയായ കെ. സുരേന്ദ്രനെയും പാർട്ടിയെയും തഴയുന്നതാണ് വിഭാഗീയത നമ്പർ ടൂ. ഇവരുടെയൊക്കെ പാർട്ടിയാപ്പീസുകൾ അങ്ങിങ്ങായി തുറന്നിരിക്കുകയാണെന്നും ഓർക്കണം. ഒരു ലോക്ഡൗൺ ലംഘന യാത്ര കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ നടത്തിയതിനു കൂട്ടുനിന്നതിന്റെ പേരിലാണ് മേൽപടി കിറ്റ് പ്രശ്‌നത്തിൽ സുരേന്ദ്രജി കേരളം തവിടു പൊടിയാക്കാതെ മാറിനിൽക്കുന്നതെന്നും കാണണം. പക്ഷേ ശാന്തിയും സമാധാനവും അങ്ങോർക്ക് ജന്മത്തിൽ പറഞ്ഞിട്ടുളളതല്ലാത്തതിനാൽ ഏതു നിമിഷവും കതിനാവെടി പൊട്ടിക്കാം. 'അസാധാരണവും അടിയന്തരവുമായ' ഘട്ടങ്ങൾ മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്. 1968 ലെ ചൈനീസ് ആക്രമണ കാലത്തെ 'ഡിഫൻസ് ഫണ്ട്' പിരിവ് 'വൈരമാല'യും 'നിലവിളക്കും' മോഷണമായി അപഖ്യാതി നേടിയ ചരിത്രമുണ്ട്. ഭരണകക്ഷി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.


        ****                               ****                   ****

വീഡിയോ കോൺഫറൻസ് എന്ന പരിപാടി സുരക്ഷിതമല്ല. ചോരും. അതറിയാവുന്ന കേന്ദ്ര സർക്കാർ പാർലമെന്ററി സമിതി യോഗത്തിൽ നിന്നും ക്യാമറ മാറ്റിക്കളഞ്ഞു. എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതിക്ക് ക്യാമറയാണ് ഇഷ്ടം. ചോർച്ചയെക്കുറിച്ച് ഭയമില്ല. ചോരാതിരുന്നാലേയുള്ളൂ സങ്കടം. കോൺഗ്രസ് പാരമ്പര്യമനുസരിച്ച് വലിപ്പച്ചെറുപ്പമെന്യേ ഏതൊരു നേതാവിനും വാർത്ത ചോർത്താം. അവരെ 'അഞ്ചാംപത്തി'കളെന്നോ 'കുലംകുത്തി'കളെന്നോ വിളിക്കുകയില്ല. എല്ലാവരും ചോർത്തുന്നവരാകയാൽ പരസ്പരം ഷാളണിയിച്ച് അഭിനന്ദനങ്ങളും ആശംസകളും കൈമാറുന്നതാണ് രീതി. പുതിയ ശൈലിയിൽ 'വൈറസ്' എന്നു വിളിക്കണം. അത് പ്രവർത്തക സമിതിയുടെ രണ്ടാം വീഡിയോ കോൺഫറൻസിൽ സോണിയാജി വിളിച്ചു കഴിഞ്ഞ.ു ആരെയെന്നന്വേഷിക്കണ്ട- ബി.ജെ.പിയെ തന്നെ. 


പക്ഷേ ഒരു സംശയം, ബി.ജെ.പി വർഗീയ വൈറസ് പ്രചരിപ്പിക്കുന്നു എന്ന് പറയാൻ ഒരു കോൺഗ്രസ് ദേശീയ പ്രസിഡന്റിന്റെ ആവശ്യമുണ്ടോ? രാവിലെ പത്തു മണിക്ക് മുറ്റത്തേക്കു നോക്കിയിട്ട് 'ഇപ്പോൾ പകലാണ്' എന്നു പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? രാഹുലനും മൗനിബാബകളായ മൻമോഹൻജിയും ആന്റണിജിയും ചെന്നിത്തലയുടെ വടക്കേ ഇന്ത്യൻ പ്രതിനിധിയായ വേണുഗോപാൽജിയുമെല്ലാം പങ്കെടുത്ത കോൺഫറൻസാണ്. സ്വന്തം വീടുകളിൽ സുരക്ഷിതമായിരുന്ന് യോഗം ചേരാൻ കഴിയുന്നതു തന്നെ ഒരു സുകൃതമാണ്. കോവിഡിനെയും സോണിയാജി വിരൽ ചൂണ്ടി പറഞ്ഞ വൈറസിനെയും തുരത്തുന്നതിന് ലോക്ഡൗൺ കൊണ്ടു മാത്രം കഴിയില്ലെന്നു മാത്രം. 'പൂച്ചക്കാര് മണികെട്ടും' എന്ന ചോദ്യം കുറച്ചുകാലം നാടിനെ വേട്ടയാടുമെന്ന കാര്യം ഉറപ്പ്. വീഡിയോ കോൺഫറൻസിൽ 'ഇന്ദിരാജി നമ്പർ ടൂ'വിന്റെ പങ്കാളിത്തം കേട്ടില്ല. അണികളാരും ഒന്നും കേൾക്കാറില്ല എന്നതും സമീപകാല വസ്തുത.


****                              ****                     ****

അര ഡസൻ സ്പ്രിംഗഌ ഹരജികളിന്മേൽ പതിനേഴ് ചോദ്യങ്ങൾ. കുറേയൊക്കെ മറുപടി പറഞ്ഞതോടെ മുംബൈയിൽ നിന്നു വന്ന വനിതാ വക്കീൽ രത്‌നവും തളർന്നു. ഇന്നത്തെ 'അസാധാരണ സാഹചര്യം' കണക്കിലെടുത്ത് ഡാറ്റാ ശേഖരണത്തിന്റെ കഴുത്തിനുളള പിടി വിട്ടേക്കാനാണ് കോടതി ഉപദേശിച്ചതെന്ന് പിണറായി 'അഞ്ചുമണി മീറ്റി'ൽ പ്രസ്താവിച്ചു. പക്ഷേ, അന്താരാഷ്ട്ര ഇടപാടുകളിലെ കള്ളക്കളികളെക്കുറിച്ചറിയാത്ത നിഷ്‌കളങ്കനായ കെ. സുരേന്ദ്രൻ ഒരു വിജിലൻസ് അന്വേഷണം വേണമെന്ന് ഉറച്ചും ഉറയ്ക്കാതെയുമുള്ള 'അസാധാരണ' നിലപാടിലാണ്. പ്രശ്‌നം 'അന്താരാഷ്ട്ര'മാകയാൽ, 'നേരറിയാൻ സി.ബി.ഐ' തന്നെ വേണമെന്ന് ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറി എം.ടി. രമേശിനു നിർബന്ധം. രമേശ് ഒന്നാമനും (ചെന്നിത്തല), മേൽപടി രമേശ് രണ്ടാമനും നേരറിയണമെന്ന് ഇത്ര നിർബന്ധമെന്താണ്? സംഗതി വെറും 'ചാരക്കേസ്' ആയിപ്പോയാലോ? കോവിഡ് കാലം കഴിയട്ടെ!

Latest News