Sorry, you need to enable JavaScript to visit this website.

മുഖാവരണവും ചില പരിസ്ഥിതി പ്രശ്‌നങ്ങളും  

മാസ്‌ക് മനുഷ്യരുടെ നിത്യവസ്ത്രത്തിന്റെ ഭാഗമായി മാറുകയാണ്. കോവിഡ്19  ന്റെ ലോക്ഡൗൺ കഴിഞ്ഞ് ജീവിതം സാധാരണ നിലയിലാകുമ്പോഴായിരിക്കും ആളുകൾ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ മാസ്‌കിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരുവുകയെന്ന് വേണം കരുതാൻ. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ പതിവ് പത്രസമ്മേളനത്തിൽ മാസ്‌കുമായി ബന്ധപ്പെട്ട പ്രധാന കാര്യം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: 'സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയതോടെ ധരിക്കുന്നവരുടെ എണ്ണം കൂടി. അതോടൊപ്പം ഉപയോഗ ശേഷം വലിച്ചെറിയുന്ന മാസ്‌കുകളുടെ എണ്ണവും കൂടി. ഇങ്ങനെ അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന മാസ്‌കുകൾ  ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.  മഴ കൂടി വന്നതോടെ പ്രശ്‌നം ഇരട്ടിച്ചിരിക്കുകയാണ്.  ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി കളയുന്നത് സമൂഹത്തോടുള്ള അപരാധമാണ്. കഴുകി സൂക്ഷിക്കാവുന്ന തുണിമാസ്‌ക് പൊതുജനങ്ങൾ ഉപയോഗിക്കുന്നതാവും അഭികാമ്യം എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.'


കോവിഡ്19 ന്റെ ആദ്യ നാളുകളിൽ തന്നെ തുണിമാസ്‌കിനെക്കുറിച്ച് ചിന്തിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യാൻ തിരുവനന്തപുരം ഡിവിഷൻ റെയിൽവേക്ക്  സാധിച്ചിരുന്നുവെന്നത് ഈ ഘട്ടത്തിൽ പ്രത്യേകമായി ഓർക്കേണ്ടതുണ്ട്. വലിച്ചെറിയുന്ന മാസ്‌കുകളെക്കുറിച്ച് മാത്രം ആളുകൾ പറഞ്ഞു കൊണ്ടിരുന്നപ്പോഴായിരുന്നു ഈ മുന്നിട്ടിറങ്ങൽ. മാർച്ച് പകുതിയിലായിരുന്നു അത്. മാസ്‌ക് ക്ഷാമം മുന്നിൽ കണ്ടായിരുന്നു ആ നീക്കം.  പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ആദ്യ നിർമാണം. സ്റ്റാഫിന്റെ ആവശ്യത്തിനായി 150 മാസ്‌ക് അവർ ആദ്യ ദിവസം നിർമിച്ചെടുത്തു. ഡിവിഷനൽ കൊമേഴ്‌സ്യൽ മാനേജർ ഡോ. രാജേഷ് ചന്ദ്രന്റെ മുൻകൈയിൽ മാർച്ച്  പകുതിയോടെ ആരംഭിച്ച കോട്ടൺ മാസ്‌ക് നിർമാണം ഒരു തുടക്കം മാത്രമായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാകുന്നു. ഇന്ത്യൻ റെയിൽവേയുടെ വിവിധ ഡിവിഷനുകൾ ലക്ഷക്കണക്കിന് മാസ്‌കുകളാണ് ഇതിനോടകം നിർമിച്ചു കഴിഞ്ഞത്. വൈദ്യശാസ്ത്ര ബിരുദമുള്ള ഡോ. ചന്ദ്രന്റെ ആശയത്തിന് റെയിൽവേ ഡിവിഷനാകെ പിന്തുണ കൊടുത്തു. തിരുവനന്തപുരം കമലേശ്വരത്ത് ജയശ്രീ എന്ന വനിത  നടത്തുന്ന തയ്യൽ കേന്ദ്രത്തിലായിരുന്നു   ശാസ്ത്രീയമായി നിർമിക്കുന്ന കോട്ടൺ മാസ്‌കുകളുടെ ആദ്യ പരീക്ഷണം വിജയിപ്പിച്ചെടുത്തത്. ഡോക്ടറായ മാനേജറുടെ നിർദേശങ്ങൾ ആദ്യ പരീക്ഷണത്തിന് പ്രയോജനപ്പെട്ടു.  ജയശ്രീ നിർമിച്ചു നൽകിയ മാസ്‌ക് വിജയമായതിനാൽ ഒരു ദിവസം 500 വീതം നിർമിക്കാൻ അന്ന് ഓർഡർ നൽകിയിരുന്നു. ഇന്നിപ്പോൾ ഇന്ത്യൻ റെയിൽവേയുടെ എല്ലാ ഡിവിഷനുകളും ലക്ഷക്കണക്കിന് കോട്ടൺ മാസ്‌കുകൾ നിർമിച്ചു കഴിഞ്ഞു. ബംഗഌരു ആസ്ഥാനമായുള്ള വർക്ക് ഷോപ്പിൽ റെയിൽവേ സ്റ്റാഫിനും ആരോഗ്യ പ്രവർത്തകർക്കുമായി ഒരു ലക്ഷത്തിനടുത്ത് പുനരുപയോഗിക്കാവുന്ന മാസ്‌ക് നിർമിച്ചതായി ആ മേഖലയിലെ റെയിൽവേ അധികൃതർ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.


കോട്ടൺ മാസ്‌കുകൾ എങ്ങനെയായിരിക്കണമെന്ന നിർദേശം ഇതിനോടകം നിലവിൽ വന്നിട്ടുണ്ട്. നൂറ് ശതമാനം കോട്ടണായിരിക്കണം. നൂലിഴ കുറഞ്ഞത് 180 എങ്കിലും വേണം. കോട്ടൺ ടവലിന് 100-250 നൂലിഴകൾ ഉണ്ടാകുമെന്നാണ് കണക്ക്. ഇതനുസരിച്ച് തുണി മാസ്‌കുകൾ ഉണ്ടാക്കാവുന്നതാണ്. നാട്ടിൻ പുറങ്ങളിലും ആളുകൾ തുണി മാസ്‌ക് തുന്നുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിൽ തന്റെ വസ്ത്രനിർമാണ സ്ഥാപനം തുണി മാസ്‌ക് നിർമാണം നടത്തുമെന്നറിയിച്ചിട്ടുണ്ട്. തുണി മാസ്‌ക് ഉപയോഗിക്കുന്നതിലും നിബന്ധനകളുണ്ട്.  പരമാവധി 4-6 മണിക്കൂർ ഉപയോഗിക്കാം. അതു കഴിഞ്ഞ് കഴുകി അണുവിമുക്തമാക്കി ഉണക്കി ഇസ്തിരിയിട്ടു വേണം ഉപയോഗിക്കാൻ. 71 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടുവെള്ളത്തിൽ സോപ്പോ ഡിറ്റർജെന്റോ ഉപയോഗിച്ച് കഴുകാവുന്നതാണ്.  അല്ലെങ്കിൽ ബ്ലീച്ചിങ് ലായിനിയിൽ 5 മിനിറ്റ് മുക്കിവെച്ച് കഴുകി ഉപയോഗിക്കാം. അവസാനം പറഞ്ഞതായിരിക്കും ആളുകൾക്ക് എളുപ്പം. രോഗ പ്രതിരോധത്തിന്റെ ഭാഗമായി പൊതു ഇടത്തിൽ  കുറച്ച് മാസത്തേക്കെങ്കിലും മാസ്‌ക് നിർബന്ധമായിരിക്കും. മാസ്‌ക്  നിത്യജീവിതത്തിന്റെ ഭാഗമാകുന്ന അവസ്ഥയെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ സാരഥി കൂടിയായ മുതിർന്ന ആരോഗ്യ പ്രവർത്തകൻ ഡോ.സുൽഫി നൂഹു കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


വൈദ്യ പഠന കാലത്ത് ഓപറേഷൻ തിയേറ്ററിൽ ആദ്യമായി മുഖംമൂടി ധരിച്ചെത്തിയപ്പോൾ മൂന്നാം കൊല്ലം വിദ്യാർഥിക്കും  അസ്ഥിരോഗ വിഭാഗം തലവനും ഒരേ മുഖമായി തോന്നിയ അന്നത്തെ അനുഭവം ഇനി എല്ലാവരുടേതുമാകുന്ന കാലത്തെക്കുറിച്ചാണ് ഡോ.സുൽഫി പറയുന്നത്.
പത്തു കൊല്ലം മുതിർന്ന  പി.ജി വിദ്യാർഥിക്കും മൂന്നാം കൊല്ലക്കാരനും ഒരേ മുഖമായതു പോലെ ഇനി മനുഷ്യർക്കെല്ലാം ഒരെ മുഖമായിരിക്കും! ഓഫീസ് മേലധികാരിക്കും   കാന്റീനിലെ പയ്യനും ഒരേ മുഖം. ഇനി കുറച്ചു നാൾ അങ്ങനെ....
ഇങ്ങനെയൊക്കെയാണെങ്കിലും മാസ്‌ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കണമെന്നും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. അതിങ്ങനെ: 
മാസ്‌ക് അവിടെയും ഇവിടെയും ഇടരുത്. മാസ്‌കിലെ വള്ളികളിൽ മാത്രം തൊടണം. മാസ്‌ക് ധരിച്ചിട്ട്  പിന്നീട് അതിൽ തൊടുകയേ അരുത്. മാസ്‌ക് ധരിക്കുന്നതിന് മുൻപും പിൻപും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. മുഖംമൂടി ധരിച്ചവരെ തിരിച്ചറിയുക അത്ര എളുപ്പമാകില്ല.


ചിരപരിചയമുള്ള ആൾക്കാരെ പോലും ആരാണെന്നറിയാൻ എല്ലാവരും ബുദ്ധിമുട്ടും.ഓഫീസ് മേധാവിക്കും  കാന്റീനിലെ ചായ കൊണ്ടുവരുന്ന അതിഥി തൊഴിലാളി പയ്യനും ഒരേ മുഖമായിരിക്കും. ആൾ മാറാതെ സൂക്ഷിക്കാൻ ഉപായങ്ങൾ സ്വയം കണ്ടെത്തണം. ചിലപ്പോൾ പൊക്കം വെച്ച്. ചിലപ്പോൾ കണ്ണാടി ചിലപ്പോൾ മുടി, ചിലപ്പോൾ കഷണ്ടി, അങ്ങനെ എന്തു വേണമെങ്കിലും ഉപയോഗിക്കാം. എങ്കിലും  ആളുമാറി പോകാതെ സൂക്ഷിക്കണം -ഡോ. സുൽഫി നൂഹു കാര്യഗൗരവമുള്ള വിഷയം പൊതുജന അറിവിനായി തമാശ രൂപത്തിൽ തുടർന്നെഴുതുന്നു.
1918-19 ൽ ലോകമാകെ പടർന്നു പിടിച്ച സ്പാനിഷ് ഫഌവിന്റെ കാലത്ത് ലോക് ഡൗണും പൊതു ഇടത്തിലെ മാസ്‌കുമെല്ലാം നിലവിലുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. വൈദ്യ ശാസ്ത്രത്തിന്റെ അച്ചടക്ക നിർദേശം അനുസരിക്കാതിരുന്ന സാൻഫ്രാൻസിസ്‌കോ നഗരത്തിലേക്ക് കൊലയാളി വൈറസ് രണ്ടാം വരവ് നടത്തിയ കാര്യം  ചികിത്സാ രംഗത്തുള്ളവർ കോവിഡ് കാലത്ത് എല്ലാവരെയും ഓർമിപ്പിക്കുന്നുണ്ട്. മാസ്‌ക് ധരിക്കൽ നിർബന്ധമില്ല എന്ന ഉത്തരവും അന്ന് സാൻഫ്രാൻസിസ്‌കോയിലെ ദൂരക്കാഴ്ചയില്ലാത്ത ഭരണ കൂടം ഇറക്കിയിരുന്നു.  പൂർവാധികം ശക്തിയോടെയായിരുന്നു വൈറസിന്റെ രണ്ടാം വരവെന്ന് നൂറ് വർഷം മുമ്പുള്ള ചരിത്രം പറഞ്ഞു തരുന്നു.  മാസ്‌കടക്കമുള്ള പ്രതിരോധ രീതികളുടെ അനിവാര്യതയാണ് ഇതൊക്കെ വെളിപ്പെടുത്തുന്നതെന്ന് ലോകത്തെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. 

 

Latest News