Sorry, you need to enable JavaScript to visit this website.

നിശ്ശബ്ദം, ശാസ്ത്രീയം, എം.ഇ.എസിന്റെ പോരാട്ടം 

കോവിഡ് 19 എന്ന മഹാമാരി ലോകമാകെ സംഹാര താണ്ഡവമാടുമ്പോൾ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നുപോകുന്നത്. സഹനം, സഹകരണം, സാമൂഹിക, അച്ചടക്കം, ഉത്തരവാദിത്ത ബോധം തുടങ്ങിയ അമൂല്യ ഗുണങ്ങൾക്ക് ജീവിതത്തിലുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുന്ന, കാലത്തിന്റെ ചുവരെഴുത്ത് നാം നമ്മുടെ മനസ്സിൽ ദൈനംദിനം കോറിയിടും കാലം. 
സമ്പന്നത കൊണ്ടും സാങ്കേതിക മികവു കൊണ്ടും ലോകത്തെ വിരൽത്തുമ്പിൽ കറക്കിയ പല രാജ്യങ്ങളും നിസ്സഹായതമയാൽ വിറങ്ങലിച്ചു നിൽക്കുന്നത് നാം കാണുന്നുണ്ടല്ലോ.
മനുഷ്യത്വത്തിന്റ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും സർക്കാർ നിർദേശങ്ങൾ പൂർണമായി പാലിച്ചും ഈ മഹാമാരിയോട് നമ്മൾ ഓരോരുത്തരും യുദ്ധം ചെയ്യുകയാണല്ലോ.
പൊതു സമൂഹത്തിന്റെ നന്മക്കായി സ്വന്തം സ്വാതന്ത്ര്യവും  താൽപര്യങ്ങളും മാറ്റിവെക്കുവാൻ നാം പഠിച്ചു. വീട്ടിൽ ഒതുങ്ങിക്കൂടുക വളരെ പ്രയാസകരം തന്നെ. വിരസമായ ഈ ജീവിത രീതി മനുഷ്യന്റെ ഊർജസ്വലത ഇല്ലാതാക്കും എന്നതും വാസ്തവം തന്നെ. എന്നാൽ നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും പൊതുനന്മയും തുലാസിലിട്ട് തൂക്കുമ്പോൾ പൊതു നന്മക്കാവട്ടെ മുൻഗണന. 
അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, സ്‌പെയിൻ, ഗൾഫ് തുടങ്ങിയ രാഷ്ട്രങ്ങളെ തട്ടിച്ചുനോക്കുമ്പോൾ, അതിവിശാലവും നൂറ്റി മുപ്പത് കോടിയിൽപരം ജനസംഖ്യയുമുള്ള നമ്മുടെ രാജ്യം കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ പിടിച്ചു നിൽക്കുന്നു എന്നത് നിസ്സാര കാര്യമല്ല. 


ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളം ലോകത്തിന് തന്നെ മാതൃകയാകും വിധം കോവിഡിനെതിരേ ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പോരാട്ട വീര്യം മലയാളികൾക്ക് പകർന്നു നൽകിയത് തികഞ്ഞ ശാസ്ത്രീയ ബോധ്യത്തിന്റെയും യുക്തിബോധത്തിന്റെയും അടിത്തറയാണ്. ശാസ്ത്രത്തെ മുറുകെ പിടിച്ച്, അന്ധവിശ്വാസങ്ങൾക്കതിരേയും അനാചാരങ്ങൾക്കെതിരേയും പോരാടിയ ചരിത്രമാണ് മലയാളികൾക്കുമുള്ളത്.യോഗ ചെയ്താൽ കൊറോണ വൈറസിനെ ചെറുക്കാമെന്നും പശുവിന്റെ മൂത്രം കുടിച്ചാൽ രോഗ പ്രതിരോധ ശേഷി വർധിക്കുമെന്നും ചൂടും ഈർപ്പവും കൂടിയ പ്രദേശങ്ങളിൽ കൊറോണ വൈറസ് ചാകുമെന്നുമുള്ള പ്രചാരണം അരങ്ങ് തകർത്തത് നാം ഓർക്കുന്നുണ്ടല്ലോ.
ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ആളുകൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ മുഴുകിയപ്പോൾ നമ്മൾ മലയാളികൾ ഈ അപകടകാരിയായ വൈറസിനെ കൊല്ലാൻ ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ ആലോചിക്കുകയായിരുന്നു.മെഡിക്കൽ കോേളജ്, എൻജിനീയറിംഗ് കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ തുടങ്ങി നിരവധി ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സംഘടനയായ എം.ഇ.എസ് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
എം.ഇ.എസ് സ്ഥാപനങ്ങളിലെ ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ കോവിഡിനെതിരെയുള്ള പോരാട്ടത്തിന് സ്വമേധയാ അണിനിരന്നു  എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ഈ 'സൈന്യത്തെ' അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. 


ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ നാം ആർജിച്ച അറിവിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ യുദ്ധമാണ് എം.ഇ.എസിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്.കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേരള സർക്കാറിന് എം.ഇ.എസ് നൽകുന്ന പിന്തുണയെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ പ്രകീർത്തിച്ചത് ഈ തരുണത്തിൽ അടിവരയിടുന്നു.
എം.ഇ.എസ് പ്രസിഡന്റും പ്രഗൽഭ ഭിഷഗ്വരനുമായ ഡോ. ഫസൽ ഗഫൂറിനെ കേരള സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അംഗമാക്കിയത് എം.ഇ.എസ് പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. കോവിഡിനെ ചെറുക്കുവാനും ഇല്ലാതാക്കാനും സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുവാനും ആവശ്യമായ വിദഗ്ധ മാർഗനിർദേശങ്ങൾ സമർപ്പിക്കുവാൻ നിയോഗിക്കപ്പെട്ട ഈ സമിതിയുടെ ഉത്തരവാദിത്തം ഭാരിച്ചതാണല്ലോ. ഈ ലക്ഷ്യസാക്ഷാൽക്കാരത്തിലേക്ക് സ്വീകരിക്കേണ്ട നിരവധി ശാസ്ത്രീയ, പ്രായോഗിക മാർഗനിർദേശങ്ങളാണ് സർക്കാറിന്റെയും പൊതുസമൂഹത്തിന്റെയും മുമ്പിൽ സമിതി സമർപ്പിച്ചത്. 


എം.ഇ.എസ് കുറ്റിപ്പുറം എൻജിനീയറിംഗ് കോളേജ് ശാസ്ത്രീയമായ മുഖ മാസ്‌കുകളും, മാസ്‌ക് ബാൻഡുകളും നിർമിച്ച് ശ്രദ്ധ നേടി. എം.ഇ.എസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പാരാ മെഡിക്കൽ സ്റ്റാഫും ഇത്തരം കാര്യങ്ങൾക്ക് സർവ പിന്തുണയും നൽകുന്നു എന്ന കാര്യവും എടുത്തു പറയട്ടെ. കോവിഡ് കർവ് ഫഌറ്റെൻ ചെയ്യാൻ ആവശ്യമായ രീതിയിലാണ് എം.ഇ.എസ് മെഡിക്കൽ കോളേജിന്റെ  പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതുമൂലം രോഗികൾക്ക് സദാ സേവനം ലഭ്യമാക്കുവാൻ സാധിക്കുന്നുണ്ട്. എം.ഇ.എസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഹമീദ് ഫസലിന്റെ നേതൃത്വത്തിൽ മികച്ച ഏകോപനമാണ് ഇക്കാര്യത്തിൽ നടത്തുന്നത്. 
മലപ്പുറം ജില്ലയിൽ കോവിഡ് രോഗികളുടെ പ്രധാന ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളേജിന് എം.ഇ.എസ് മെഡിക്കൽ കോളേജ് സൗജന്യമായി ബയോളജിക്കൽ സെയ്ഫ്റ്റി കാബിനറ്റ്  നൽകി. 


രോഗികളുടെ ഇടപെടൽ കാരണവും മറ്റുമായി മലിനമാക്കപ്പെടുന്ന വായു ശുദ്ധീകരിച്ച് രോഗവ്യാപനം തടയുന്നതിന് ബി.എസ്.സി പ്രയോജനപ്പെടും. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ ഇത്തരം ശാസ്ത്രീയ മാർഗങ്ങളിലൂടെ മുന്നോട്ടു പോകാൻ എം.ഇ.എസ് കളമൊരുക്കുന്നു. 
അതുപോലെ, വ്യക്തി ശുചിത്വത്തിന്റ പ്രാധാന്യം സമൂഹത്തെ ആവർത്തിച്ച് ബോധ്യപ്പെടുത്താൻ എം.ഇ.എസ് സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങി.
വ്യക്തികൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലീ രോഗങ്ങളെയും തടയുവാൻ നമുക്ക് സാധിക്കും. ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറക്കുക, രണ്ടുമില്ലെങ്കിൽ ഷർട്ടിന്റെ കൈയിലേക്കാകട്ടെ ചുമയ്ക്കുന്നത്. പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക തുടങ്ങിയ ശീലങ്ങൾ നമ്മുടെ ജീവിത ശൈലിയായി നാം മാറ്റേണ്ടതുണ്ടെന്ന് എം.ഇ.എസ് സ്ഥാപനങ്ങളിലെ ലക്ഷങ്ങൾ വരുന്ന വിദ്യാർത്ഥി സമൂഹത്തിലേക്കും അവരുടെ കുടുംബാംഗങ്ങളിലേക്കും എത്തിക്കാൻ എം.ഇ.എസിന് സാധിച്ചത് കോവിഡ്19 ചെറുക്കുന്നതിൽ നിർണായകമായി.എം.ഇ.എസ് സംസ്ഥാന സെക്രട്ടറിയും എം.ഇ.എസ് മെഡിക്കൽ കോളേജ് സുപ്രണ്ടുമായ ഡോ. എൻ.എം. മുജീബ് റഹ്മാൻ കോവിഡിനെതിരെ യുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. എം.ഇ.എസ് സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മികച്ച ഒരു ആരോഗ്യ സേന തന്നെ രൂപപ്പെടുത്തുവാൻ സംഘടനക്ക് സാധിച്ചു. 


കേരള സർക്കാറിന്റെ കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ ഈ സേന  സജീവമായി പങ്കെടുക്കുന്നു എന്നത് നമ്മുടെ കൂട്ടായ്മയുടെ വ്യക്തമായ സന്ദേശമാണ് നൽകുന്നത്.
ആരോഗ്യ പ്രവർത്തകരോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് ഇത്തരം പ്രവൃത്തിയിലൂടെ  പൊളിച്ചെഴുതാനും എം.ഇ.എസിന് സാധിച്ചു. 
കോവിഡിനെതിരെ എം.ഇ.എസ് നടത്തുന്ന ഈ നിശ്ശബ്ദ ശാസ്ത്രീയ യുദ്ധത്തിൽ അണിനിരന്നവർക്കും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വന്നാലും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാലും നന്മയുടെ പക്ഷത്ത് എക്കാലവും നിലയുറപ്പിക്കുന്ന കേരളീയ സമൂഹത്തിനും ഞങ്ങളുടെ നിശ്ശബ്ദതയിലൂന്നിയ, ത്യാഗഭരിതമായ സേവനദൗത്യം സവിനയം സമർപ്പിക്കുന്നു. കോവിഡിനെതിരേയുള്ള ഈ യുദ്ധവും നാം ജയിക്കുക തന്നെ ചെയ്യും.

(എം.ഇ.എസ് മലപ്പുറം ജില്ലാ പ്രവർത്തക സമിതിയംഗമാണ് ലേഖകൻ) 

Latest News