കൊൽക്കത്ത- ബംഗാളിലെ കോവിഡ് വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഹൗറയിൽ ശാരീരിക അകലം നടപ്പാക്കാനെത്തിയ പോലീസിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ടിക്കിയാപാറയിലെ മാർക്കറ്റിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനോട് സാമൂഹ്യ അകലം പാലിക്കാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടയിലാണ് ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിഞ്ഞത്. ബംഗാളിൽ കോവിഡ് സ്ഥിരീകരിച്ച 697 കേസുകളിൽ 79 ഉം ഹൗറയിലാണ്. ജനക്കൂട്ടം അക്രമാസക്തമാകാനുള്ള കാരണം അന്വേഷിക്കുമെന്ന് ഹൗറ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയും മമത ബാനർജി മന്ത്രിസഭയിലെ അംഗവുമായ രാജീവ് ബാനർജി വ്യക്തമാക്കി. ബംഗാളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തിയില്ലെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.






