ന്യൂദല്‍ഹി- കുവൈത്തിന് പിന്നാലെ യു.എ.ഇയും ഇന്ത്യയോട് മെഡിക്കല്‍ ടീമിനെ അയച്ചുതരാന്‍ അഭ്യര്‍ഥിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍മാരേയും നഴ്സുമാരേയും യു.എ.ഇയിലേക്ക് അയക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ്, 15 അംഗ സൈനിക ഡോക്ടര്‍മാരെയും പാരാമെഡിക്കുകളെയും ഉള്‍ക്കൊള്ളുന്ന സംഘത്തെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചിരുന്നു. കുവൈത്തിലെ മെഡിക്കല്‍ സംഘത്തിന് പരിശീലനം നല്‍കുകയായിരുന്നു ലക്ഷ്യം.
വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അവധിക്ക് വന്ന് ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിയും യു.എ.ഇ തേടിയിട്ടുണ്ട്. കൂടാതെ പ്രതിസന്ധി നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം ലഭ്യമാക്കുന്നതിനും നിയമിക്കുന്നതിനുമുള്ള അനുമതിയും ചോദിച്ചതായി ഈ ഉദ്യോഗസ്ഥന് അറിയിച്ചു.
യു.എ.ഇയില്‍ പതിനൊന്നായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസേന ശരാശരി അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. യു.എ.ഇയിലെ ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍നിന്നടക്കമുള്ള ഡോക്ടര്‍മാരാണ്. വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതോടെ അവധിയില്‍ പോയ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചെത്താന്‍ പറ്റാത്ത സാഹചര്യമുണ്ട്.
യു.എ.ഇയുടെ അഭ്യര്‍ഥന കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. യു.എ.ഇയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാനം അയക്കാന്‍ തയാറാണെന്ന് യു.എ.ഇ അറിയിച്ചിട്ടുണ്ട്.






