Sorry, you need to enable JavaScript to visit this website.

പതിനാറടിയന്തിരം നടത്തുന്നവര്‍ക്ക് എന്‍റെ വക അന്നദാനം; ശശികലക്കെതിരെ രൂക്ഷ പ്രതികരണവുമായി വി.ഡി സതീശന്‍

കൊച്ചി- എന്‍റെ പതിനാറടിയന്തിരം നടത്താന്‍ ആഗ്രഹിക്കുന്ന സംഘികള്‍ക്ക്  അന്ന് എന്‍റെ  ചെലവില്‍ അന്നദാനം നടത്താമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. കെ.പി ശശികലയുടെ വിദ്വേഷ പ്രസംഗത്തെ എതിര്‍ത്തുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സതീശന്‍ ഇങ്ങിനെ പറഞ്ഞത്. പോലീസിന്‍റെ സാന്നിധ്യത്തില്‍ നടന്ന പ്രസംഗത്തിന്‍റെ പേരില്‍ ശശികലക്കെതിരെ കേസെടുത്തില്ല എന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സതീശന്‍ പറഞ്ഞു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഗ്രഹണകാലത്തു പൂഴിനാഗത്തിനും വിഷമുണ്ട് എന്ന പഴഞ്ചൊല്ല് പോലെയാണ് ഹിന്ദു ഐക്യ വേദി നേതാവ് ശശികലയുടെ കാര്യം. വികസനത്തിന്റെ പേരിൽ വോട്ട് ചോദിച്ചു അധികാരത്തിൽ വന്ന മോദിയുടെ പരാജയങ്ങൾ മറയ്ക്കാൻ വർഗ്ഗീയത ആളിക്കത്തിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. കഴിഞ്ഞ ദിവസം പറവൂരിൽ കോൺഗ്രസ് നടത്തിയ മതേതര സംഗമത്തിനെതിരെ ഹിന്ദു ഐക്യ വേദി നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വിഷം ചീറ്റുന്ന പ്രസംഗം. ഗൗരി ലങ്കേഷിനുണ്ടായ അനുഭവം ഉണ്ടാകാതെയിരിക്കാൻ അടുത്തുള്ള ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് 'മതേതര' എഴുത്തുകാരോട് മുന്നറിയിപ്പ് കൊടുക്കുന്ന ശശികലയ്ക്കെതിരെ സർക്കാർ നടപടിയെടുക്കണം.

എന്റെ പതിനാറടിയന്തിരം നടത്തുമെന്ന് പ്രസംഗിച്ച അതെ യോഗത്തിലാണ് ഈ പ്രസംഗം നടന്നതും. എന്റെ പതിനാറടിയന്തിരം നടത്താൻ ആഗ്രഹിക്കുന്ന സംഘികൾക്ക് അന്ന് എന്റെ ചിലവിൽ അന്നദാനം നടത്താം. പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയിട്ടുള്ള പ്രസംഗത്തിൽ പോലീസ് കേസെടുത്തില്ല എന്നത് അദ്‌ഭുതപ്പെടുത്തുന്നതാണ്.

ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചവർക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പിണറായിയുടെ പോലീസ് കാണിക്കുന്ന അലംഭാവം അവരുടെ ആർ.എസ്.എസ്. പ്രീണനമാണ് വ്യക്തമാക്കുന്നത്. കണ്ണന്താനത്തിന് വിരുന്നു ഒരുക്കുന്ന തിരക്ക് കഴിഞ്ഞാൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് കൂടെ ഒന്ന് ശ്രദ്ധിക്കണം. കാര്യങ്ങൾ മനസ്സിലാവുന്നില്ലെങ്കിൽ കർണ്ണാടകയിലെ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യയോട് ഉപദേശം ചോദിക്കണം. ഇത് കേരളത്തിന്റെ മതേതര എഴുത്തുകാരോട് മാത്രമല്ല ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്.

വേറിട്ട അഭിപ്രായങ്ങൾ കൊന്നു തള്ളുകയെന്ന ആർ. എസ്.എസിന്റെ അക്രമഭീഷണിക്കു മുന്നിൽ ഒരു മതേതര വിശ്വാസിയും, ഈ രാജ്യത്തെ കോൺഗ്രസ് പ്രവർത്തകനും വഴങ്ങില്ല. ഇത് സംബന്ധിച്ച് ഞാൻ ഡി.ജി.പി.ക്കു പരാതി നൽകിയിട്ടുണ്ട്. ഇവരെ ഇനിയും ഈ വിഷം ചീറ്റാൻ കേരളത്തിലെ പോലീസ് തയ്യാറാവുകയാണെങ്കിൽ അവർ സംഘ പരിവാറായിട്ടു കോമ്പ്രമൈസ് ചെയ്തു എന്ന് തന്നെ ജനം ചിന്തിക്കേണ്ടി വരും.

Latest News