Sorry, you need to enable JavaScript to visit this website.

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ദമ്പതികളടക്കം മൂന്നു പേര്‍ പിടിയില്‍

ഇടുക്കി- മറയൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടക്കുവാന്‍ ശ്രമിച്ച തമിഴ്‌നാട്ടുകാരനെയും തമിഴ്‌നാട്ടില്‍ നിന്നും മലമ്പാതകളിലൂടെ മറയൂരിലെത്തിയ ദമ്പതികളെയും പിടികൂടി നിരീക്ഷണത്തിലാക്കി. കോട്ടയത്ത് ടെലിഫോണ്‍ കേബിള്‍ കുഴി എടുക്കുന്ന ജോലി ചെയ്തു വന്നിരുന്ന തമിഴ്‌നാട് ശങ്കരലിങ്കം സ്വദേശിയായ 52കാരനെയാണ് ചട്ട മൂന്നാര്‍ ചെക്ക് പോസ്റ്റില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിനെയും  ആരോഗ്യ വകുപ്പിനെയും ഏല്‍പ്പിച്ചത്. കോട്ടയത്ത് നിന്നും മൂന്നാറില്‍ ലോറിയില്‍ രഹസ്യമായി എത്തിയ ഇയാള്‍ മറയൂര്‍ വഴി ഉദുമലൈ പേട്ടയിലേക്ക് നടന്നു പോകും വഴിയാണ് പിടിയിലായത്.

തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ തളിഞ്ചി ആദിവാസി കുടിയിലുള്ള മകളെ കാണുവാന്‍ പോയ മറയൂര്‍ ഇന്ദിര നഗറിലെ ദമ്പതികളാണ് മടങ്ങി വന്നപ്പോള്‍ പിടിയിലായത്.ഇവരെ രണ്ടു പേരെയും വീട്ടില്‍ നിരീക്ഷണത്തിലാക്കി. മറയൂര്‍ പഞ്ചായത്തില്‍ 44 പേരും കാന്തല്ലൂര്‍ പഞ്ചായത്തില്‍ 24 പേരുമാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
തമിഴ്‌നാട്ടില്‍ നിരീക്ഷണത്തിലിരിക്കെ മുങ്ങി കാന്തല്ലൂരില്‍ എത്തിയ ആളെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ദേവികുളം പഞ്ചായത്തിലെ നെറ്റിമേട് എസ്റ്റേറ്റില്‍ ഇയാള്‍ ഞായറാഴ്ച എത്തിയതായി സൂചന ലഭിച്ചതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കി. കാന്തല്ലൂരില്‍ ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ചു പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. കാന്തല്ലൂര്‍ സ്വദേശിയായ ഇയാള്‍ തമിഴ്‌നാട്ടില്‍ ജോലിക്ക് പോയതാണ്. അവിടെ നിരീക്ഷണത്തിലിരിക്കെ മുങ്ങി വട്ടവട കോവിലൂര്‍,ക്ലാവര വഴി കാന്തല്ലൂരില്‍ എത്തി. ഇയാളുടെ കൈയില്‍ നിരീക്ഷണത്തിലാണെന്ന് തെളിയിക്കുന്ന അടയാളം രേഖപ്പെടുത്തിയിരുന്നു. നാട്ടുകാര്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചുവെങ്കിലും അപ്പോഴേക്കും ഇയാള്‍ മുങ്ങുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന് കേരള തമിഴ്‌നാട് അതിര്‍ത്തികളില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി വനംവന്യജീവി വകുപ്പ്. ചിന്നാര്‍ വന്യജീവി സങ്കേതം, ആനമുടിഷോള നാഷണല്‍ പാര്‍ക്ക്  എന്നി മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന വനാതിര്‍ത്തിയില്‍ ചെക്ക് പോസ്റ്റുകളും ക്യാമ്പ് ഷെഡുകളും പുതിയതായി സ്ഥാപിച്ചാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.  ബൈക്കുകളിലും ജീപ്പുകളിലുമായി 24 മണിക്കൂര്‍ നിരീക്ഷണവും ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ചിന്നാര്‍ വന്യജീവി സങ്കേതം, ഷോള നാഷണല്‍ പാര്‍ക്കുമായി അതിര്‍ത്തി പങ്കിടുന്ന കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, ദിണ്ഡുക്കല്‍ എന്നിവിടങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ചമ്പക്കാട്, തളിഞ്ചി, അത്തിയോട എന്നിവിടങ്ങളില്‍ ബേസ് ക്യാമ്പുകള്‍ കൂടുതലായി സ്ഥാപിച്ചു. അസി.വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ടി. എം റഷീദിന്റെ നേതൃത്വത്തിലാണ് നിരീക്ഷണം.  ഷോള നാഷണല്‍ പാര്‍ക്കില്‍ കൊടൈക്കനാല്‍ ഭാഗത്ത് നിന്നും നുഴഞ്ഞുകയറ്റം തടയുന്നതിന് കടവരി കവയിലും ക്ലാവരയിലും പുതിയ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. ചൂളക്കാല്‍, നെടുവാര്‍പ്പ്, ടോപ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സ്ഥിര ക്യാമ്പ് ഷെഡുകളും സ്ഥാപിച്ച് ആനമുടി ഷോള നാഷണല്‍ പാര്‍ക്ക് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.കെ ഷമീറിന്റെ നേതൃത്വത്തില്‍ നിരീക്ഷിക്കുന്നു. ആദിവാസി കുടികളില്‍ പുതിയ ആള്‍ക്കാരെ കണ്ടെത്തിയാല്‍ അറിയിക്കാന്‍ വാച്ചര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി പറഞ്ഞു.

 

 

Latest News