തകരാതിരിക്കട്ടെ, പ്രവാസികളുടെ പ്രകാശ ഗോപുരം  

ജീവിക്കുന്നതിനും ജീവിപ്പിക്കുന്നതിനുമായി അക്കരകളിലെത്തിയ ഭാരതീയർ വിശിഷ്യ. കേരളീയർ അനേക ലക്ഷങ്ങളാണ്. അവരിൽ ഭൂരിപക്ഷം മലയാളികളും അധിവസിക്കുന്നത് അറബ് രാജ്യങ്ങളിലാണ്.
ആഭരണങ്ങളും പുരയിടങ്ങളും പണയം വെച്ചും വായ്പകൾ വാങ്ങിയും പത്തേമാരികളിൽ, പായ്ക്കപ്പലുകളിൽ, യാത്രാക്കപ്പലുകളിൽ, വിമാനങ്ങളിൽ ചേക്കേറിയവർ ഉഗ്രമായ ഉച്ച വെയിലിൽ കഠിനമായി അധ്വാനിച്ചാണ് അവിടെ പ്രയാണം ആരംഭിച്ചത്. മതിയായ യാത്രാ രേഖകൾ പോലുമില്ലാതെ ലോഞ്ചുകളിലും ബോട്ടുകളിലും എത്തിയവരുമുണ്ട്. അവരിൽ പലരും കരയ്ക്കടുക്കുന്നതിനു മുമ്പ് ആഴികളിൽ ചാടിയിറങ്ങി കടലിലെ തിരമാലകളെ അതിജീവിച്ച് മരണത്തെ മുഖം കണ്ട് നീന്തിക്കയറിയവരാണ്. എയർ കണ്ടീഷനറില്ലാത്ത കാലത്ത് സിമന്റ് കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിൽ നിലത്ത് വെള്ളമൊഴിച്ച് തണുപ്പിച്ചാണ് ആദ്യ കാലങ്ങളിൽ കിടന്നുറങ്ങിയതെന്ന് പത്മശ്രീ എം.എ. യൂസഫലി വരെ പറഞ്ഞിട്ടുണ്ട്.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമുള്ള ഉറവ വറ്റാത്ത എണ്ണപ്പാടങ്ങൾ കൊണ്ടലംകൃതമായ അറേബ്യൻ നാടുകൾ പ്രവാസികൾക്ക് അലാവുദ്ദീന്റെ അത്ഭുത വിളക്ക് പോലെയായിരുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന വെള്ളാരംകുന്നുകൾ, അവിടവിടെ കാണുന്ന കള്ളിമുൾച്ചെടികൾ, ഈത്തപ്പന മരങ്ങൾ, അതിന്റെ ഓരങ്ങളിലൂടെ നിരനിരയായി അടിവെച്ചടിവെച്ച് നടന്നു നീങ്ങുന്ന ഒട്ടകങ്ങൾ അതായിരുന്നു അര നൂറ്റാണ്ടിനു മുൻപുള്ള അതിജീവനത്തിന്റെ ആവാസ ഭൂമിയായ ഇമറാത്ത് (യുനൈറ്റഡ് അറബ് എമിറേറ്റ്സ്). മരുഭൂമികളെ മലർവാടികളും മരുപ്പച്ചകളുമാക്കി അവിടെ മണിമന്ദിരങ്ങൾ പടുത്തുയർത്തിയതിൽ പ്രധാന പങ്കുവഹിച്ചത് മലയാളി പ്രവാസികളാണ്.
യു.എ.ഇയുടെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവുമായി ഉണ്ടാക്കിയിട്ടുള്ള ഇന്തോ - യു.എ.ഇ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ഉയരങ്ങളിലാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും കടൽ കടന്ന് എത്തിയ നമ്മുടെ സഹോദരങ്ങൾ പോറ്റിവളർത്തിയ നാട്ടിൽ നിന്നും അധ്വാന മിച്ചത്തിന്റെ ഭാഗങ്ങൾ പിറന്ന നാട്ടിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.
സനാതന മൂല്യങ്ങളെ മുറുകെ പിടിച്ചു സൽക്കർമങ്ങൾ നടത്തുന്നതിനായി അവിടെ രൂപംകൊണ്ട ആശ്വാസത്തിന്റെ ആദ്യ സാമൂഹ്യ സംഘടനയാണ് കെ.എം.സി.സി.
സമൂഹത്തെ കെ.എം.സി.സി കണ്ടറിഞ്ഞു. കെ.എം.സി.സിയെ സമൂഹവും കണ്ടറിഞ്ഞു. മാനവ സ്നേഹം മുഖമുദ്രയാക്കി മലയാളത്തിന്റെ മണവും ഗുണവും മനസ്സിലുറപ്പിച്ച് പ്രയാണം ചെയ്യാൻ ഒരുങ്ങിയ കേരള മുസ്‌ലിം കൾച്ചറൽ സെന്ററിന് (കെ.എം.സി.സി) ഔദ്യോഗിക അനുവാദവും അംഗീകാരവും ലഭിച്ചു. മനുഷ്യർക്കിടയിലൂടെ നടന്നുനീങ്ങിയ കെ.എം.സി.സിയെ മനുഷ്യ സ്നേഹികളായ അറബികൾ അഹ്‌ലൻ വ സഹ്‌ലൻ എന്ന് സ്വാഗതമേകി പ്രോത്സാഹിപ്പിച്ചു.
പിറന്ന നാട്ടിൽ നിന്നും വന്ന പട്ടിണിപ്പാവങ്ങളുടെ വിളികേട്ട് അവരുടെ നൊമ്പരങ്ങൾക്ക് കടാശ്വാസത്തിന്റെ കനൽവെട്ടങ്ങൾ പറന്നെത്തിച്ചുകൊടുത്തു. കെ.എം.സി.സി ഇവിടെ സേവനത്തിന്റെ പുതിയ പാതകൾ വെട്ടിത്തുറന്നു.
വിരലിലെണ്ണാവുന്ന പ്രവാസി വ്യവസായികളും കെ.എം.സി.സിക്ക് താങ്ങും തണലുമായി. മുകളിൽ ആകാശവും താഴെ മരുഭൂമിയും മാത്രം കൈമുതലായുള്ള കയറിക്കിടക്കാൻ കൂരയില്ലാത്തവർക്ക് കുടിലുകൾ കെട്ടിക്കൊടുത്തു. ഇന്ന് ആ പദ്ധതി വളർന്ന് വികസിച്ച് പാണക്കാട് തങ്ങളുടെ പാവന നാമത്തിലുള്ള ബൈത്തുറഹ്മയായി ആയിരക്കണക്കിന് വീടുകൾ വിതരണം ചെയ്തു കഴിഞ്ഞു.ഉടുതുണിക്ക് മറുതുണിയില്ലാത്തവർക്ക് ഉടുവസ്ത്രങ്ങൾ, ഒരു നേരത്തെ പശിയടക്കാൻ പോലും വഴിയില്ലാത്തവരുടെ പട്ടിണി മാറ്റാൻ ഊട്ടുപുരകൾ, കടം കൊണ്ട് കഷ്ടപ്പെടുന്നവരെ കരകയറ്റാൻ പലിശരഹിത ബാങ്കുകൾ എന്നിവ സംജാതമാക്കിയും പ്രായത്തിന്റെ പടിവാതിലും കഴിഞ്ഞ് മാതാപിതാക്കൾക്ക് മുന്നിൽ ചോദ്യചിഹ്നമായി പുരകൾ നിറഞ്ഞു നിന്ന പാവം പെൺകുട്ടികളെ കെട്ടിച്ചയക്കുവാൻ മംഗല്യ-സൗഭാഗ്യ-സംഗമങ്ങൾ സംഘടിപ്പിച്ചും കെ.എം.സി.സി ഇവിടെ കാരുണ്യത്തിന്റെ കനിവ് കാട്ടി.
വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി തുറന്നും കുടുംബ ജീവിത മാർഗം ഉണ്ടാക്കിയും വരുമാനമില്ലാത്തവർക്ക് തൊഴിൽ-വ്യവസായ സംരംഭങ്ങൾ സജ്ജീകരിച്ചും സേവനത്തിന്റെ സിംഹാസനം നിർമിച്ചുകൊണ്ട് കെ.എം.സി.സിയും പ്രവാസികളും നാടിന്റെ നിലനിൽപിന് അനുയോജ്യമായ എല്ലാവിധ വികസന-നിർമാണങ്ങളിലും സജീവ സാന്നിധ്യമായി.
പള്ളികൾ, പള്ളിക്കൂടങ്ങൾ, മദ്രസകൾ, അറബിക് കോളേജുകൾ, കലാലയങ്ങൾ, അനാഥശാലകൾ, ആശുപത്രികൾ, സോഷ്യൽ സർവീസ് സെന്ററുകൾ, വയോജന-കലാ സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയുടെ സ്ഥാപനത്തിനും നടത്തിപ്പിനും പങ്കുവഹിച്ചു.
അന്ന് ഇവിടെ ഇതെല്ലാം നിർവഹിച്ച കെ.എം.സി.സിക്ക് അവിടെ ഉത്തരവാദിത്തമുള്ള കടമകളും ചുമലിലേറ്റി നടക്കേണ്ടിവന്നു.
വിനീതനായ എനിക്ക് പ്രയാസങ്ങളുടെയും പ്രതിബന്ധങ്ങളുടെയും പ്രവാഹത്തിൽ അമരേണ്ടി വന്ന അനുഭവമുണ്ടായി. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ പാണക്കാട്ടെ പച്ചത്തുരുത്തിലെത്തി ആത്മീയ കേരളത്തിന്റെ സൂര്യതേജസ്സായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ കുറിമാനവും വാങ്ങി ഞാൻ കടലിനക്കരെ എത്തിയപ്പോൾ എനിക്ക് വർഷങ്ങളോളം പരിരക്ഷ നൽകിയതും കെ.എം.സി.സി തന്നെയായിരുന്നു. പിന്നീട് കെ.എം.സി.സി ഷാർജ ദക്ഷിണ മേഖലാ കമ്മിറ്റിയുടെ സാരഥിയാകുവാനും എനിക്ക് ഭാഗ്യം സിദ്ധിച്ചു.
തൊഴിൽ തേടിയെത്തിയവർക്ക് അവസരങ്ങൾ അന്വേഷിച്ചു കൊടുക്കൽ, അതേവരെയും അവർക്ക് വാസസ്ഥലങ്ങളും ഭക്ഷണം നൽകൽ, ഇഖാമ ഉണ്ടാക്കി ക്കൊടുക്കൽ, മയ്യിത്തുകളുടെ പരിപാലനവും നാട്ടിലേക്ക് കയറ്റി അയക്കലും, ആതുര സേവനങ്ങൾ, കുറ്റം ചെയ്തോ അല്ലാതെയോ കൾതുറുങ്കുകളിൽ കിടക്കുന്നവർക്കു പൊതുമാപ്പ് നൽകി യാത്രാ സൗകര്യങ്ങൾ കൊടുക്കൽ. കലാസാംസ്‌കാരിക സംഗമങ്ങൾ നടത്തിക്കൽ, കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കൽ ഇതെല്ലാം കെ.എം.സി.സി സാരഥികളും അംഗങ്ങളും അഭംഗുരം അവിടെ നിർവഹിച്ചു പോരുന്നു. ഇന്നോ! കോവിഡ്19 മൂലം ദുരിതത്തിലായ പ്രവാസി ലക്ഷങ്ങൾക്ക് കൈത്താങ്ങും കാവലാളുമായി കെ.എം.സി.സി. മനസ്സ് ജനിച്ച മണ്ണിലും ശരീരം വിദേശത്തുമായി നമ്മുടെ പ്രിയ സഹോദരങ്ങൾ. ഒരു മുറിയിൽ ഒന്നിച്ചു ഞെരിഞ്ഞും അമിഞ്ഞും മുറിയിൽ കൂടിക്കിടന്നവരെയും ലേബർ ക്യാമ്പുകളിൽ കഴിഞ്ഞവരെയും വിശാലമായ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രോഗലക്ഷണം ഉള്ളവർക്ക് ഐസൊലേഷൻ വാർഡുകൾ, പ്രത്യേക മുറികൾ, മരുന്നുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷണങ്ങൾ എന്തിനേറെ. ഒരു നഖംവെട്ടി വരെ ശേഖരിച്ചു വിതരണം ചെയ്ത് അവരെയെല്ലാം പരിപാലിച്ചു വരുന്നു.
സർക്കാറിന്റെ നിയന്ത്രണവും എംബസിയുടെ മേൽനോട്ടവും സഹസന്നദ്ധ സംഘടനാ വാളിന്റിയർമാരുടെ സഹകരണവും. കെ.എം.സി.സിക്കാർക്കു 24 മണിക്കൂറും നേതൃത്വമായി ഇബ്രാഹീം എളൈറ്റിൽ, അൻവർ നഹ തുടങ്ങിയ അനേകം നേതാക്കളും. പ്രവാസി ഭൂമികയിലെ സേവനത്തിന്റെ ഉസ്താദ് സംഘടനയാണ് കെ.എം.സി.സി. അക്കരയും ഇക്കരയും അന്നും ഇന്നും പ്രവർത്തന പന്ഥാവിലാണ്.
യു.എ.ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായിലെ റൂളറുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അൽസാബിൽ കൊട്ടാരത്തിലെ കാര്യദർശിമാരിൽ ഒരാളായിരുന്ന കെ.എം.സി.സിയുടെ രക്ഷാധികാരി എ.പി. അസ്‌ലം കെ.എം.സി.സിയുടെ ജീവവായു ആയിരുന്നു. ആ കർമ ജ്യോതിസ്സ് ഇന്ന് നമ്മോടൊപ്പമില്ല.  അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനും അൽസാബിൽ കൊട്ടാരത്തിലെ എ.പി. ശംസുദ്ദീൻ മുഹിയിദ്ദീൻ എന്ന യു.എ.ഇ പൗരത്വമുള്ള മലപ്പുറം കൽപകഞ്ചേരിയിലെ പീച്ചി മാസ്റ്ററുടെ മകന്റെ നിശ്ചയദാർഢ്യം കെ.എം.സി.സിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്കു കരുത്തേകുന്നു.ഉറ്റവരുടെയും ഉടയവരുടെയും സമാശ്വാസത്തിന്റെ ശബ്ദങ്ങൾ അവിടെ നിന്നും ഫോണിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
സന്ദർശക വിസയിലെത്തി കുടുങ്ങിക്കിടക്കുന്നവർ, ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായവർ, വേതനം കുറഞ്ഞതോടെ കുടുംബവുമായി നട്ടംതിരിയുന്നവർ, കുടുംബാംഗത്തിന്റെ മൃതദേഹം ചരക്ക് വിമാനത്തിൽ നാട്ടിലേക്ക് കയറ്റി അയക്കുമ്പോൾ അതിനെ അനുഗമിക്കുവാൻ പോലും സാധിക്കാത്ത ഹതഭാഗ്യർ, നാട്ടിലുള്ള അടുത്ത ബന്ധുക്കൾ മരിച്ചാൽ പോലും അന്ത്യകർമം ചെയ്യുവാനോ അവസാനമായി ഒന്ന് കാണുവാനോ പോലും വരാൻ കഴിയാതെ വേദന കടിച്ചിറക്കി കഴിയുന്ന പ്രവാസികൾ. വർഷങ്ങളായി ചൂടും തണുപ്പുമേറ്റ് തങ്ങളെ വളർത്തിയവരുടെ വരവിനു വേണ്ടി ഇവിടെ കാത്തിരിക്കുന്നു ആയിരങ്ങൾ.
അവരെ കയറ്റി അയക്കണമെന്നുള്ള നിരന്തരമായ ആവശ്യപ്പെടലും അഭ്യർഥനകളും നമ്മുടെ മുഖ്യമന്ത്രിയും നേതാക്കളും പാർട്ടികളും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
മാധ്യമങ്ങൾ എല്ലാം മുഖപ്രസംഗങ്ങൾ എഴുതിക്കഴിഞ്ഞു. അവർ നമ്മുടെ നാടിന്റെ നട്ടെല്ലുകളാണ്. രാജ്യത്തെ സാമ്പത്തിക സ്രോതസ്സുകളാണ്.
ചാരി നിൽക്കേണ്ട ചാരുതയാർന്ന ചുമരുകളാണ്. ചുമരുണ്ടെങ്കിലേ ചിത്രം എഴുതുവാൻ പറ്റുകയുള്ളൂ. ഇന്നലെകളിൽ ആ ചുമരുകളിൽ വർണച്ചായങ്ങൾ വാരി വിതറി വാശിയോടെ ചിത്രങ്ങൾ വരച്ചവരാണ് നമ്മൾ. മഹാമാരിയുടെ പശ്ചാത്തലത്തിൽ മഞ്ഞ കണ്ണു കൊണ്ട് അവരെ നോക്കിക്കാണരുത്. പ്രവാസികൾ രോഗവും കൊണ്ടുവരുന്നവരാണെന്ന അടക്കം പറച്ചിലുകൾ സഗൗരവം സർക്കാറിനും നമുക്കും കൂടി കരുതലോടെ കൈകാര്യം ചെയ്യാം. കാലത്തിന്റെ നിഴലുകളിൽ പ്രവാസികൾ പണിതുയർത്തിയ പ്രകാശ ഗോപുരങ്ങൾ വീണുടയാതിരിക്കാൻ നമുക്ക് പ്രാർഥിക്കാം. 
വിദൂരമല്ലാത്ത നാളുകളിൽ ആകാശത്തിൽ പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനത്തിന്റെ ചിറകുകൾ വിരിയട്ടെ. അവർ നേരത്തെ കൈനിറയെ പണവുമായാണ് വന്നത്. അപ്പോൾ നാം അവരെ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രവാസി പണം കൊണ്ട് ഒരുപാട് ജീവിതങ്ങൾ തളിരിട്ടു. ഇപ്പോൾ വരുമ്പോൾ അകലം പാലിച്ചുനിന്ന് അവരെ കൈകൂപ്പി നമസ്‌കാരം പറഞ്ഞ് നമുക്ക് സ്വീകരിക്കാം...

(കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ) 

 

Latest News