മുസ്‌ലിംകളിൽനിന്ന് പച്ചക്കറി വാങ്ങരുത്; പ്രസ്താവന നടത്തിയ ബി.ജെ.പി എം.എൽ.എക്ക് നോട്ടീസ്

ന്യൂദൽഹി- മുസ്‌ലിംകളുടെ കടയിൽനിന്ന് പച്ചക്കറി വാങ്ങരുതെന്നും അവർ കോവിഡുള്ള തുപ്പൽ പച്ചക്കറിയിൽ തേക്കുമെന്നും പ്രസ്താവന നടത്തിയ ബി.ജെ.പി എം.എൽക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ ഡിയോറിയയിലെ ഭർഹാജ് മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സുരേഷ് തിവാരിക്കാണ് നോട്ടീസ് അയച്ചത്. 
'ഒരു കാര്യം നിങ്ങൾ ഓർക്കണം. നിങ്ങൾ എല്ലാവരോടുമായാണ് ഞാനിത് പറയുന്നത്. മുസ്‌ലിം വ്യാപാരികളിൽ നിന്ന് ആരും പച്ചക്കറികൾ വാങ്ങരുത്' എന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് തിവാരി ആവശ്യപ്പെട്ടത്. പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ വിശദീകരണവുമായി സുരേഷ് തിവാരി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച മുൻസിപ്പൽ ഓഫീസ് സന്ദർശിച്ചപ്പോൾ നടത്തിയ പരാമർശമാണിത്. കൊറോണ വൈറസ് വ്യാപിപ്പിക്കാനായി പച്ചക്കറികളിൽ വ്യാപാരികൾ തുപ്പുന്നുവെന്ന് ആളുകൾ പരാതിപ്പെട്ടതോടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഇതിൽ എന്താണ് തെറ്റ് എന്നുമായിരുന്നു തിവാരിയുടെ മറുപടി. താൻ ഒരു അഭിപ്രായപ്രകടനം നടത്തുക മാത്രമായിരുന്നു. തന്റെ അഭിപ്രായം ആളുകൾ പിന്തുടരുന്നതിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്നും അദേഹം വ്യക്തമാക്കി. തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ ചെയ്തതെന്താണെന്ന് ദൽഹിയിൽ നിങ്ങൾ കണ്ടതല്ലേയെന്നും തിവാരി ചോദിച്ചു.
 

Latest News