കോട്ടയം - കോറോണ ലോക് ഡൗണില്‍ കേരളം ഒന്നരമാസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള ചര്‍ച്ച സമുഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നു. ഒരുമാസത്തിലധികമായി വീട്ടിലിരുന്ന് അവധിയാഘോഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കടമെടുത്ത് വേതനം നല്‍കേണ്ട ബാധ്യത പൊതുജനത്തിനില്ലെന്ന തരത്തിലുളള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ വേതനം അഞ്ചുമാസമായി പിടിക്കാനുളള തീരുമാനത്തോട് ജീവനക്കാരില്‍ ഒരു വിഭാഗം എതിര്‍ത്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആരവം തുടങ്ങിയത്. അധ്യാപകര്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കത്തിക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയുളള പോസ്റ്റുകള്‍ വ്യാപകമായി. ഒടുവില്‍ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കയാണ്.
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍:
'' വരള്‍ച്ച വന്നാലും വെള്ളപ്പൊക്കം വന്നാലും കൊറോണ വന്നാലും അവരുടെ വരുമാനത്തെ ബാധിക്കാറില്ല.(എന്തിന് കിമ്പളത്തെ പോലും ബാധിക്കാറില്ല) ലോകത്തുള്ള മുഴുവന്‍ ജനങ്ങളും തങ്ങളുടെ തൊഴിലിനെ കുറിച്ച് ആകുലപ്പെടുമ്പോള്‍ അങ്ങനൊരു ചിന്ത പോലും സാറന്മാരുടെ മനസ്സില്‍ തോന്നേണ്ട കാര്യമില്ല. കാരണം ലോകം കീഴ്‌മേല്‍ മറിഞ്ഞാലും തങ്ങളുടെ ജോലിയെ ബാധിക്കില്ല എന്ന യഥാര്‍ഥ്യം അവര്‍ക്കറിയാം.''
''ലോകത്തെ ഒട്ടു മിക്ക കമ്പനികളും അവരുടെ ജീവനക്കാരുടെ ശമ്പളം പകുതിയോ അതിനു താഴെയായോ വെട്ടിക്കുറക്കുകയോ പൂര്‍ണമായും കൊടുക്കാതിരിക്കുകയോ ആണ് കഴിഞ്ഞ രണ്ട് മാസമായി. ഗള്‍ഫിലെ കമ്പനികളധികവും മൊത്തം ശമ്പളത്തിന്റെ മുപ്പത് ശതമാനമാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് കൊടുക്കുന്നത്, തീരെ കൊടുക്കാത്ത കമ്പനികളും ഉണ്ട്. ഇന്നിപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ മാത്രം 3500കോടി രൂപ ലോണെടുക്കേണ്ടി വരും എന്നാണ് ധനമന്ത്രി പറയുന്നത്. ഈ ലോണിന്റെ മുതലും പലിശയും അടച്ചു തീര്‍ക്കാനുള്ള ബാധ്യത ഈ സംസ്ഥാനത്തെ ഓരോ പൗരന്റെയും തലയിലാണ്. ഒരു സര്‍ക്കാരുമത് പാര്‍ട്ടി ഫണ്ടില്‍ നിന്നല്ല കണ്ടെത്തുക, നികുതി കൂട്ടിയോ, പൊതു ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളുടെ വില കൂട്ടിയോ ആയിരിക്കും സര്‍ക്കാര്‍ അതിനുള്ള പണം കണ്ടെത്തുക''.
''ചുരുക്കിപ്പറഞ്ഞാല്‍ ഈ ബാധ്യതയൊക്കെ അവസാനം ചെന്നെത്തുക ഈ നാട്ടിലെ യാതൊരു തൊഴില്‍ സുരക്ഷിതത്വമോ സ്ഥിര വരുമാനമോ ഇല്ലാത്ത സാധാരണക്കാരുടെ തലയിലായിരിക്കും. ഇന്ത്യയിലല്ലാതെ സര്‍ക്കാര്‍ മേഖലയില്‍ ഇത്രയധികം പേര് സ്ഥിര വേതനക്കാരായി കാണില്ല. മരിച്ചാല്‍ മകന് ജോലി, പിരിഞ്ഞാല്‍ മരിക്കും വരെ പെന്‍ഷന്‍, അത് കഴിഞ്ഞാല്‍ ഭാര്യക്ക് പെന്‍ഷന്‍.ക്ഷാമബത്ത, ടിഎ ഡിഎ തുടങ്ങി ആനുകൂല്യങ്ങള്‍.. ഇത്തരം പരിപാടികളൊന്നും എവിടെയുമില്ല. കുറച്ചു പേരെ ഇങ്ങനെ പോറ്റാന്‍ അഷ്ടിക്ക് വകയില്ലാത്ത ഭൂരിപക്ഷവും കഷ്ടപ്പെടേണ്ടി വരുന്നു എന്നതാണ് സങ്കടകരം''.
''കൊറോണ കാരണം പാപ്പരായ കേരളത്തിലെ സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് കൊടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് പറഞ്ഞപ്പോള്‍ എന്തൊരെതിര്‍പ്പാണ് അവരുടെ ഭാഗത്ത് നിന്ന്.. ഇത്രകാലം അവരനുഭവിച്ചതൊക്കെ ഈ നാടിന്റെ പൊതു മുതലാണ് എന്ന ബോധമെങ്കിലും വേണ്ടേ? ഒരു മാസത്തെ ശമ്പളമല്ല, ഇപ്പോള്‍ അത്യാവശ്യമില്ലാത്ത, അല്ലെങ്കില്‍ ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ മുഴുവന്‍ ശമ്പളമില്ലാത്ത അവധി ആയി പരിഗണിക്കുകയാണ് വേണ്ടത്. ഒരു പാട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. വീട്ടിലിരുന്നു സീരിയല് കാണുന്ന ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളം കൊടുക്കേണ്ട ബാധ്യതയൊന്നും പൊതുജനത്തിനില്ല''.
മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയെക്കുറിച്ച് പറഞ്ഞതും പലരും കമന്റിനൊപ്പം ചേര്‍ക്കുന്നുണ്ട്. മണ്ണില്‍ അധ്വാനിക്കുന്നവര്‍ വര്‍ഷം മുഴുവന്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 210 ദിവസവും അധ്യാപകര്‍ 150 ദിവസവും ജോലി ചെയ്താണ് 365 ദിവസത്തെ ശമ്പളം പറ്റുന്നതെന്ന് ആന്റണി ചൂണ്ടിക്കാട്ടിയിരുന്നു.