ബംഗാളില്‍നിന്ന് ഒഡിഷയിലേക്ക് 300 കിലോമീറ്റര്‍ നടന്ന് മില്‍ തൊഴിലാളി

ജഗത്‌സിംഗ്പുര്‍- പശ്ചിമ ബംഗാളില്‍നിന്ന് റെയില്‍പാളത്തിലൂടെ 300 കിലോമീററര്‍ നടന്ന് ഒഡിഷയിലെ സ്വന്തം ഗ്രാമത്തിലെത്തിയ അറുപതുകാരന്‍ കൊറോണക്കാലത്തെ വേറിട്ട കാഴ്ചയായി.   പശ്ചിമ ബംഗാളിലെ ചണമില്ലില്‍ ജോലി ചെയ്യുന്ന ബെനുധര്‍ മല്ലിക്ക് ഈ സാഹസത്തിന് മുതിര്‍ന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മില്‍ അടച്ച് എല്ലാവരും സ്ഥലം വിടാന്‍ ഉടമ പറഞ്ഞതോടെയാണ് മല്ലികിന് വേറെ മാര്‍ഗമില്ലാതായത്.
ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് അവശ്യവസ്തുക്കള്‍ വാങ്ങി ഒരു മാസത്തോളം പിടിച്ചുനിന്നു. മരുന്നും പച്ചക്കറികളും അവശ്യവസ്തുക്കളുമെല്ലാം വാങ്ങിയതോടെ കൈയിലുണ്ടായിരുന്ന പൈസ തീര്‍ന്നു. പിടിച്ചുനില്‍ക്കാന്‍ ഒരു വഴിയും കാണാതായപ്പോഴാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നത്. യാത്രക്ക് ഒരു സുഹൃത്തിനെ കൂട്ടായി ലഭിക്കുകയും ചെയ്തു. അതേ മില്ലില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി പ്രദീപ് സ്വെയിന്‍. പ്രദീപ്പുരി ജില്ലക്കാരനാണ്.

ഒഡീഷയിലേതുപോലെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പാകം ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നില്ല- മല്ലിക്ക് പറയുന്നു.

ഏപ്രില്‍ 18 ന് ഇവര്‍ നോര്‍ത്ത് 24 പര്‍ഗാനയിലെ താമസസ്ഥലത്തുനിന്ന് പ്രദീപിന്റെ സൈക്കിളില്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ ബലസോര്‍ അതിര്‍ത്തിയിലെത്തിയ ഇവരെ പോലീസ് തടയുകയും ഒരു ട്രക്കില്‍ തിരികെ പശ്ചിമ ബംഗാളില്‍ എത്തിക്കുകയുമായിരുന്നു. പശ്ചിമബംഗാളിന്റെ ഏതുഭാഗത്താണ് അവര്‍ ഞങ്ങളെ ഇറക്കിയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഒരു പെട്രോള്‍ പമ്പിന് സമീപമാണ് ട്രക്ക് നിര്‍ത്തിയത്. അവിടെയുളള ജീവനക്കാര്‍ ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കി- മല്ലിക്ക് പറയുന്നു.

തുടര്‍ന്ന് ഇരുവരും സൈക്കിള്‍ പെട്രോള്‍ പമ്പില്‍ വെച്ച് ഒഡീഷയിലേക്ക് റെയില്‍വേ ട്രാക്കിലൂടെ കാല്‍നടയായി യാത്ര ആരംഭിക്കുകയായിരുന്നു. 300 കിലോമീറ്ററിനടുത്ത് നടന്ന് ഇവര്‍ ഞായറാഴ്ച കട്ടക്കിലെത്തി. അവിടെനിന്ന് അവശ്യവസ്തുക്കളുമായി പോകുകയായിരുന്ന ഒരു പിക്കപ്പ് വാനില്‍ കയറി നയാഹാത് വരെ എത്തി. അവിടെ നിന്ന് മല്ലിക്കും പ്രദീപും സ്വന്തം ഗ്രാമങ്ങളിലേക്ക് വീണ്ടും നടന്നു. ഒടുവില്‍ സ്വന്തം ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും ഒരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ് മല്ലിക്കിപ്പോള്‍.

 

 

Latest News