Sorry, you need to enable JavaScript to visit this website.

റൊമാന്റിക് പാരീസ് 

ഉദ്ദേശിച്ച യാത്രയുടെ ഏഴു ദിവസത്തിൽ നാലു ദിവസം കഴിഞ്ഞ് ബാക്കി മൂന്ന് ദിവസം പാരീസിൽ വേണം എന്നുള്ളത് കൊണ്ട് ഇറ്റലി തൽക്കാലം ഒഴിവാക്കാൻ തീരുമാനിച്ചു. രാത്രി ഓൺലൈനിൽ പാരീസിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ തന്നെ റൂം ഒഴിവാക്കി ടാക്‌സി പിടിച്ചു സെൻട്രൽ സ്‌റ്റേഷനിലേക്ക് പോയി. ഇൻഫർമേഷൻ കൗണ്ടറിൽ പോയി പ്ലാറ്റ്‌ഫോം നമ്പറും ബോഗിയും മനസ്സിലാക്കി അതിന്റടുത്തുള്ള വിശ്രമ കസേരയിൽ ട്രെയിനിനായി കാത്തിരുന്നു. ട്രെയിൻ വന്നപ്പോൾ മനസ്സിലായി രണ്ടു തട്ടുള്ള ട്രെയിനാണെന്ന്. കയറുന്നിടത്ത് തന്നെ പെട്ടിവെക്കാനുള്ള സ്ഥലം ഉള്ളത് കൊണ്ട് അതും വലിച്ചു പിന്നിലുള്ള സീറ്റ് വരെ പോകേണ്ടി വന്നില്ല. നാലര മണിക്കൂറാണ് പാരീസിലേക്ക്. ഒരു ഫ്‌ളൈറ്റ് യാത്രയുടെ സുഖമായിരുന്നു ട്രെയിൻ യാത്ര. കൃത്യസമയത്ത് തന്നെ പാരീസിലെത്തി. അവിടെ നിന്നും നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് മെട്രോ ട്രെയിൻ വഴി പോകാനുള്ള പ്ലാറ്റ്‌ഫോമിലേക്ക് നടക്കാൻ തുടങ്ങി. അപ്പോഴാണ് മനസ്സിലായത് ലിഫ്റ്റ് സൗകര്യം ഇല്ല എന്നും ഒരുപാട് നടകൾ കയറാനും ഇറങ്ങാനും ഉണ്ടെന്നും. പെട്ടികളുമെടുത്തുള്ള ആ ഉദ്യമം കുറച്ചു കടുപ്പമായിപ്പോയി എന്ന് ഭാര്യ ഇടക്കിടക്ക് പറയുന്നുണ്ടായിരുന്നു. പഴക്കം ചെന്ന പട്ടണത്തിന്റെ എല്ലാ കുറവുകളും ഉണ്ടെങ്കിലും പെട്ടികൾ ഇല്ലായിരുന്നുവെങ്കിൽ ആസ്വാദനമാകുമായിരുന്നു ആ ഇടവഴികളിലൂടെയുള്ള നടത്തം.
ലൈൻ 8 മെട്രോയിലാണ് ഹോട്ടലിലേക്ക് പോകേണ്ടത്. അതും ആ ലൈനിലെ അവസാനത്തെ സ്‌റ്റോപ്പ്. ചിലപ്പോൾ ഓൺലൈൻ ഹോട്ടൽ ബുക്ക് ചെയ്താൽ പറ്റുന്ന അബദ്ധമാണെന്ന് കരുതി. പക്ഷെ സ്‌റ്റേഷനിൽനിന്നും ഇറങ്ങുന്നിടത്ത് തന്നെ എന്റെ കമ്പനി പേരുള്ള ബിആൻബി 


ഹോട്ടൽ എന്നതുകൊണ്ട് പിന്നീടുള്ള ദിവസങ്ങൾ സൗകര്യമായിരുന്നു. വൈകുന്നേരമായത് കൊണ്ടും ചെറിയ ചാറ്റൽ മഴയും നല്ല തണുപ്പും ആയത് കൊണ്ടും അന്ന് പ്രത്യേക പരിപാടി ഒന്നും നടന്നില്ല. ഗൂഗിളിൽ അടുത്ത രണ്ടു ദിവസത്തേക്കുള്ള പരിപാടികൾ കാണേണ്ട സ്ഥലങ്ങളെ കുറിച്ചു മാപ്പ് നോക്കി പ്ലാനുണ്ടാക്കി വെച്ചു. മഴ ഒന്ന് കുറഞ്ഞപ്പോൾ 10 മിനിറ്റ് നടന്നു ഒരു അറബിക് ഹോട്ടൽ കണ്ടെത്തി ഭക്ഷണം കഴിച്ചു നേരത്തെ കിടന്നു.
പിറ്റേന്ന് രാവിലെ പാരീസിന്റെ മുഖമുദ്രയായ ഈഫൽ ടവർ  കാണാൻ തീരുമാനിച്ചു. സ്‌റ്റേഷനിൽ പോയി രണ്ടു ദിവസത്തേക്കുള്ള പൊതുഗതാഗത ടിക്കറ്റെടുത്തു. സിംഗിൾ ടിക്കറ്റിന് 1.90 യൂറോ ആണ്. അത് രണ്ടു ദിവസത്തേക്കായി എടുക്കാൻ 15 യൂറോ ആണ്. അങ്ങോട്ടുമിങ്ങോട്ടും വ്യത്യസ്ത ലൈനിലൂടെ ഒട്ടേറെ യാത്ര ചെയ്യേണ്ടിവരും എന്നുള്ളത് കൊണ്ട് രണ്ടു ദിവസത്തേക്കുള്ള ടിക്കറ്റ് എടുക്കണം എന്നു പരിചിതർ പറഞ്ഞിരുന്നു. അവിടേക്കുള്ള മെട്രോ ട്രെയിനിൽ കയറി. ആദ്യ സ്‌റ്റേഷൻ ആയത് കൊണ്ട് വലിയ തിരക്കില്ല. പിന്നീടങ്ങോട്ട് നല്ല തിരക്കായിരുന്നു. രണ്ട് ലൈനിലൂടെ യാത്ര ചെയ്തു വേണം ഈഫൽ ടവറിനടുത്തുള്ള സ്‌റ്റേഷനിലേക്ക് എത്താൻ.


1887 ൽ ലോകത്തിനു മുന്നിൽ തങ്ങളുടെ ഇൻഡസ്ട്രിയൽ പവർ കാണിക്കുന്നതിനായി 300 മീറ്റർ ഉയരമുള്ള ഇരുമ്പ് കൊണ്ട് നിർമ്മിച്ച, കാണാൻ ഭംഗിയില്ലാത്ത ഒരു ടവർ മാത്രമായിരുന്നു. പിന്നീടത് നവീകരിച്ച് പാരീസിന്റെ മുഖമായി ഒരു വർഷത്തിൽ ഏകദേശം  70 ലക്ഷം വിനോദസഞ്ചാരികൾ വരുന്ന കേന്ദ്രമായി മാറി. വൈകുന്നേരം 6 മണിക്ക് ശേഷം വൈദ്യുത ദീപങ്ങൾ മിന്നിക്കളിക്കുന്ന കാഴ്ച കണ്ണഞ്ചിപ്പിക്കുന്നതാണ്.
പാരീസിലെ രണ്ടാം ദിവസം വെള്ളിയാഴ്ച ആയതുകൊണ്ട് ജുമുഅക്ക് പോകാനായി തീരുമാനിച്ചിരുന്നു. ഗൂഗിളിൽ പരതി പ്രശസ്തമായ ഗ്രാൻഡ് മോസ്‌കിനെ കുറിച്ച് മനസ്സിലാക്കി നേരത്തെതന്നെ അങ്ങോട്ടുള്ള ട്രെയിനിൽ കയറി. ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ആ നാട്ടുകാരനായ യുവാവും പള്ളിയിലേക്കായത് കൊണ്ട് കൂടുതൽ തെരയാതെ സമയത്തു തന്നെ അവിടെ എത്തി. പുരുഷൻമാർക്ക് മാത്രമുള്ള പള്ളി ആയതുകൊണ്ട് ഭാര്യയെ അതിന്റെ മുന്നിൽ തന്നെയുള്ള പാർക്കിൽ നിർത്തി പള്ളിയിൽ കയറി. നല്ല വലിയ പള്ളി, നിറച്ചും പല രാജ്യക്കാരായ ആളുകൾ. മക്ക, മദീന കഴിഞ്ഞാൽ അങ്ങനെ ഒരനുഭവം ആദ്യമായിട്ടായിരുന്നു.


പുറത്തിറങ്ങിയപ്പോൾ ഇന്ത്യൻ ഫുഡായിരിക്കും ഞങ്ങളുടെ താൽപര്യം എന്ന് മനസ്സിലാക്കി യുവാവ് അടുത്തുള്ള ഒരു റസ്‌റ്റോറന്റ് കാണിച്ചു തന്നിട്ട് ഗുണനിലവാരം അറിയില്ല അത് കൊണ്ട് എന്നെ കുറ്റം പറയരുത് എന്ന് പറഞ്ഞു വിടവാങ്ങി. കണ്ടപ്പോൾ ഒരു ഉത്തരേന്ത്യക്കാരനാണെന്നു തോന്നി ഹിന്ദിയിൽ മെനു ചോദിച്ചു. ജർമനിയിൽ വെച്ച് രണ്ടു ദിവസം മുമ്പ് കഴിച്ചതിന് ശേഷം ചോറ് കിട്ടാത്തതു കൊണ്ട് ഒരു ബിരിയാണിയും ഭാര്യക്ക് ഇഷ്ടപ്പെട്ട റൊട്ടിയും ദാലും (പരിപ്പ്) ഓർഡർ ചെയ്തു. വന്നപ്പോൾ മനസ്സിലായി ചോറ് മട്ടൺ കറിയിൽ ഇട്ടു കുഴച്ചതാണ് അവിടുത്തെ ബിരിയാണിയെന്ന്.  നല്ല വിശപ്പുള്ളത് കൊണ്ട് മറ്റൊന്നും നോക്കാതെ മുഴുവൻ കഴിച്ചു. ബില്ല് വന്നപ്പോൾ ശരിക്കും ഞെട്ടി. സാധാരണ മൂന്നുനേരം വയറു നിറച്ചു സാൻഡ്‌വിച്ച് കഴിക്കുന്ന വില. ഭാര്യയോട് ഇതിലും നല്ലത് സാൻഡ്‌വിച്ചായിരുന്നു എന്ന് മലയാളത്തിൽ പറഞ്ഞു. നമുക്ക് പോകേണ്ട സ്ഥലത്തേക്കുള്ള വഴി ഹിന്ദിയിൽ ചോദിച്ചപ്പോൾ നല്ല മലയാളത്തിൽ അയാൾ വാ കാണിച്ചുതരാം എന്ന് പറഞ്ഞു അടുത്തുള്ള ബസ്‌റ്റോപ്പിലെത്തിച്ചു. പറ്റിയ അമളി ഓർത്തു ഞങ്ങൾ പരസ്പരം നോക്കി ഊറി ചിരിച്ചു. 


അന്നും അടുത്ത രണ്ടു ദിവസങ്ങളിലുമായി പ്രധാനപ്പെട്ട കേന്ദ്രങ്ങളൊക്കെ കാണാൻ സാധിച്ചു. അതിൽ ലോറെ മ്യൂസിയത്തിൽ 15-19 നൂറ്റാണ്ടുകളിലെ 30000 ലധികം ആർട്ട് വർക്കുകളാണ് ടൂറിസ്റ്റുകളെ ആകർഷിക്കുന്നത്. അതിൽ ഏറെ പ്രാധാന്യമുള്ളവയാണ് ലോക പ്രശസ്ത ചിത്രമായ മൊണാലിസയും വീനസ് ഡി മിലോയും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് 1300 ഓളം കലാരൂപങ്ങളുടെ പ്രതിമകളുടെ കാഴ്ചയുമായി പെറ്റിറ്റ് പാലസിൽ പ്രായം 16 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. അടുത്തത് കത്തീഡ്രൽ ചർച്ച് ആണ്. 150 വർഷം പണിയെടുത്ത് 11-ാം നൂറ്റാണ്ടിൽ പണിത, ആഭരണാലംകൃതമായ ഒരു ചരിത്ര സ്മാരകമാണത്. മറ്റൊരു ശ്രദ്ധാകേന്ദ്രം 1860 ൽ പണിത ഗാമിർ പാലസ് ആണ്. വിവിധ തരം കലകളുടെ ചിത്ര രചനയും പ്രതിമകളും നൂറ്റാണ്ടുകളുടെ കലാചരിത്രം മനസ്സിലാക്കാൻ സാധിക്കും. നെപ്പോളിയന്റെ വിജയവീഥിയായി പട്ടണത്തിന്റെ ഹൃദയഭാഗത്തു കിടക്കുന്ന, 17-ാം നൂറ്റാണ്ടിൽ നിർമിച്ച  കോൺകോഡ് പ്ലേസ് ആണ് മറ്റൊരു ആകർഷണീയ കേന്ദ്രം. നെപ്പോളിയനുമായുള്ള ഏറ്റുമുട്ടലിൽ രക്തസാക്ഷികളായ ഫ്രഞ്ച് സൈന്യത്തിന്റെ ഓർമ്മക്ക് വേണ്ടി നിർമ്മിച്ച അർക്ക ഡി ട്രയംഫ് നിൽക്കുന്നത് ലോകത്തിലെ തന്നെ ആഡംബര വാണിജ്യ വീഥി എന്നറിയപ്പെടുന്ന ചാംസ് എലിസിസിന്റെ നടുവിലാണ്. പാരീസിന്റെ ഏറ്റവും ഉയരമുള്ള കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സെക്രെ ക്രോറെ ചർച് ഒരു പ്രത്യേക ആകർഷണമാണ്. അവിടെ നിന്നും പാരീസിന്റെ നല്ലൊരു ഭാഗം ആകാശ കാഴ്ച കാണാൻ സാധിക്കുന്നത് ഏതൊരു സഞ്ചാരിയെയും ആനന്ദ പുളകിതനാക്കും. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലപാതയിലൂടെ പോകുവാനായി ഉണ്ടാക്കിയ കനാലും ബോട്ട് സർവീസുകളും പാരീസിന്റെ മാത്രം പ്രത്യേകതയാണ്. ലോറെ മ്യൂസിയത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ലക്‌സംബർഗ് ഗാർഡൻ ലോകത്തിലെ രണ്ടാമത്തെ വലിയ പാർക്കാണ്. അതിനടുത്തുള്ള അഷ്ടഭുജ ഗ്ലാസ് നിർമ്മിത കെട്ടിടവും ഒരു പ്രധാന വിനോദകേന്ദ്രമാണ്.
നാലു ദിവസങ്ങൾ കൊണ്ടും പാരീസിലെ മുഴുവൻ വിനോദകേന്ദ്രങ്ങൾ കാണാൻ സാധിച്ചില്ലെങ്കിലും ഒട്ടുമിക്ക പ്രധാന കേന്ദ്രങ്ങളും സന്ദർശിച്ച ഈ യാത്ര വിനോദത്തോടൊപ്പം ചരിത്രം നേരിട്ട് കാണാനും പഠിക്കാനുമുള്ള അവസരം കൂടിയായി. വ്യത്യസ്ത കാലഘട്ടങ്ങളിലെ ചിത്ര രചനകൾ, പെയിന്റിങ്ങുകൾ, പ്രതിമകൾ തുടങ്ങിയവ കണ്ടപ്പോൾ യൂറോപ്യൻ രാജ്യങ്ങളുടെ സംസ്‌കരങ്ങൾക്കിടയിലൂടെയുള്ള യാത്ര ആയാണ് അനുഭവപ്പെട്ടത്.


യാത്രക്കിടയിൽ വിഷമമുണ്ടാക്കിയ ഒരു കാര്യം കൂടി കുറിക്കട്ടെ. ജീവിതത്തിൽ ആദ്യമായി പോക്കറ്റടിക്ക് ഇരയായതും ഈ പട്ടണത്തിൽ വെച്ചാണെന്നുള്ളത് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. പാരീസിൽ ഇറങ്ങിയ ആദ്യ ദിവസം തന്നെ യാത്രക്കിടയിൽ ട്രെയിനിൽ വെച്ചാണ് അത് സംഭവിച്ചത്. യാത്രാരേഖകളും കൂടുതൽ പണവും ഒഴിച്ച് ബാക്കിയുള്ള ബാങ്ക് എടിഎം കാർഡുകളും ഹോട്ടലിലെ സേഫ് ബോക്‌സിൽ വെച്ചതുകൊണ്ട് പിന്നീടുള്ള ദിവസങ്ങൾ ബുദ്ധിമുട്ടില്ലാതെ യാത്ര പൂർത്തീകരിക്കാൻ സാധിച്ചു. രണ്ടാം ദിവസം ഭാര്യയുടെ ബാക്ക് പാക്കിൽ നിന്നും വാങ്ങിവെച്ച സുവനീറുകൾ നഷ്ടപ്പെട്ടപ്പോഴാണ് പോക്കറ്റടിയിലെ വൈദഗ്ധ്യമുള്ളവർ ഞങ്ങളോടൊപ്പം യാത്രയിലുടനീളം ഉണ്ടെന്ന് മനസ്സിലാക്കിയത്. അതുകൊണ്ട് തന്നെയാവാം ട്രെയിനുകളിൽ പോക്കറ്റടി സൂക്ഷിക്കുക എന്ന് ഫ്രഞ്ചിലും ഇംഗ്ലീഷിലും ഇടയ്ക്കിടെ അനൗൺസ് ചെയ്യുന്നത്. ചാരിറ്റിയുടെ പ്രവർത്തനങ്ങളുമായി നടക്കുന്ന റൊമാനിയൻ പെൺകുട്ടികളും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുടിയേറിപ്പാർത്ത ചെറുപ്പക്കാരുമാണ് ഇതിന്റെ പിന്നിലെന്ന് തുടർന്നുള്ള ദിവസങ്ങളിൽ മനസ്സിലായി. മനസ്സിന് കുളിർമ്മയും ഒട്ടേറെ ചരിത്രപഠനങ്ങളും ഒപ്പം ബിസിനസ് ദൗത്യവും പൂർത്തീകരിച്ച സന്തോഷത്തോടുകൂടി എയർ ഇന്ത്യ ഫ്‌ളൈറ്റിൽ ദൽഹിയിലേക്ക് യാത്ര തിരിച്ചു.

Latest News