മുംബൈ- ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ പ്രമുഖ പ്രതികളുടെ വായ്പകള്‍ അടക്കം അമ്പത് പേരുടെ 68,607 കോടി രൂപ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് വെളിപ്പെടുത്തി ആര്‍ബിഐ.വിവരവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.സാകേത് ഗോഖലെ എന്നയാളാണ് വിവരവകാശ പ്രകാരം അപേക്ഷ നല്‍കിയത്. ഫെബ്രുവരി 16ന് കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി ഇക്കാര്യം സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും മന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് താന്‍ വിവരാവകാശ അപേക്ഷ നല്‍കിയതെന്ന് സാകേത് ഗൊഖലെ പറഞ്ഞു.സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് വായ്പ എഴുതിത്തള്ളിയത്. 2019 സെപ്തംബര്‍ 30 വരെയുള്ള റിപ്പോര്‍ട്ടാണ് ആര്‍ബിഐ നല്‍കിയത്.
പട്ടികയില്‍ ഒന്നാമതുള്ള മെഹുല്‍ ചോക്‌സിയുടെ കമ്പനി ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടിയാണ് എഴുതിത്തള്ളിയത്.മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ് എന്നിവ യഥാക്രമം 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തിട്ടുണ്ട് .ചോക്‌സി നിലവില്‍ ആന്റിഗ്വ ആന്റ് ബാര്‍ബഡോസ് ദ്വീപുകളിലെ പൗരനാണ്, അദ്ദേഹത്തിന്റെ അനന്തരവനും വായ്പാ തട്ടിപ്പുകേസിലെ പ്രതിയുമായ നീരവ് മോഡി നിലവില്‍ ലണ്ടനിലാണുള്ളത്. പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത് മറ്റൊരു വായ്പാതട്ടിപ്പ് കേസ് പ്രതിയും ആര്‍ഇഐ അഗ്രോ ലിമിറ്റഡിന്റെ ഡയറക്ടറുമായ സന്ദീപ് ജുജുന്‍വാലയും സഞ്ജയ് ജുന്‍ജുന്‍വാലയുമാണ്. ഇരുവരുടെയും കമ്പനിയുടെ 4314 കോടിരൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇരുവരും എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലാണുള്ളത്. മറ്റൊരു വായ്പാതട്ടിപ്പുകേസിലെ പ്രതിയും ഡയമണ്ട് വ്യാപാരിയുമായ ജതിന്‍മെഹ്തയുടെ കമ്പനിയുടെ 4000 കോടിയും എഴുതിത്തള്ളിയതില്‍ ഉള്‍പ്പെടുന്നു.