കൊറോണ; 55 വയസിന് മുകളില്‍ പ്രായമുള്ള പോലിസുകാര്‍ അവധിയെടുത്ത് വീട്ടിലിരിക്കാന്‍ നിര്‍ദേശം

 

മുംബൈ- അമ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള പോലിസുകാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കമ്മീഷണറുടെ നിര്‍ദേശം. മുംബൈയില്‍ കൊറോണ വൈറസ് ബാധിച്ച് മൂന്ന് പോലിസുകാര്‍ മരിച്ച സാഹചര്യത്തിലാണ് തീരുമാനം.സേനയിലുള്ളവരുടെ ജീവന് തങ്ങള്‍ വിലകല്‍പ്പിക്കുന്നുവെന്നും പ്രായമായ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരാതെ നിര്‍ബന്ധമായും വീട്ടിലിരിക്കണമെന്നും  നിര്‍ദേശത്തില്‍ പറയുന്നു. തിങ്കളാഴ്ച 56 വയസുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ ശിവജി സോനാവാനെ വൈറസ് ബാധ മൂലം മരിച്ചിരുന്നു. കുര്‍ള ട്രാഫിക് ഡിവിഷനിലെ പോലിസുകാരനായിരുന്നു അദ്ദേഹം.

ശിവജിയെ കൊറോണ ഹോട്ട്‌സ്‌പോട്ടായ ലാ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വകോല പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രകാന്ത് പെന്റുല്‍ക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സന്ദീപ് സര്‍വ് എന്നിവരും വൈറസ് ബാധിച്ച് മരിച്ചിരുന്നു.പ്രായമുള്ള പോലിസുകാരില്‍ കൊറോണ മരണത്തിനുള്ള സാധ്യത പരിഗണിച്ചാണ് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയില്‍ ഗര്‍ഭിണികള്‍ക്ക് കൊറോണ പരിശോധനക്കായി മൊബൈല്‍ ഡിസ്പന്‍സറികള്‍ ആരംഭിച്ചിട്ടുണ്ട്.
 

Latest News