വാഷിങ്ടണ്‍: യുഎസിലെ പ്രമുഖ മെഡിക്കല്‍ നിരീക്ഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ കൊറോണ വൈറസിന്റെ പുതിയ ലക്ഷണങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രണ്ട് മുതല്‍ പതിനാല് ദിവസത്തിനുള്ളില്‍ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിറയല്‍,തുടര്‍ച്ചയായി വിറയല്‍,പേശി വേദന,തലവേദന,മണവും രുചിയും നഷ്ടപ്പെടുക എന്നിവയാണ് പുതിയ ലക്ഷണങ്ങള്‍.അതേസമയം ഈ ലക്ഷണങ്ങളൊന്നും ലോകാരോഗ്യസംഘടനയുടെ വെബ് പേജില്‍ രേഖപ്പെടുത്തിയിട്ടില്ല.
ലോകാരോഗ്യ സംഘടനയുടെ വെബ്പേജില്‍, പനി, വരണ്ട ചുമ, ക്ഷീണം, വേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് കോവിഡ്-19ന്റെ ലക്ഷണങ്ങള്‍.
സിഡിസി, ഡബ്ല്യുഎച്ച്ഒ വെബ്സൈറ്റുകളില്‍ ഇതിനകം സൂചിപ്പിച്ച ലക്ഷണങ്ങള്‍ പനി, ചുമ, ശ്വാസംമുട്ടല്‍, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയായിരുന്നു. പുതിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരും നിര്‍ബന്ധമായും ഡോക്ടര്‍മാരെ സമീപിക്കണമെന്ന് സിഡിസി പറയുന്നു.