ബീജിങ്- ചൈനീസ് കമ്പനികളുടെ കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ ആശങ്ക അറിയിച്ച് ചൈന. ചൈനീസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ നിലവാരമില്ലാത്തതാണെന്ന മുന്‍വിധി തെറ്റാണെന്ന് ചൈനീസ് എംബസി വക്താവ് അറിയിച്ചു.'കയറ്റുമതി ചെയ്യുന്ന മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിന് ചൈന മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍ ചില വ്യക്തികള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലാവരം സംബന്ധിച്ച് തെറ്റായ വിലയിരുത്തലുകള്‍ നടത്തുന്നത് അന്യായവും നിരുത്തരവാദപരവുമായ നടപടിയാണ്. ഇത് മുന്‍വിധികളോടെയുള്ള സമീപനമാണെന്നും' ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു.
കൊറോണയ്ക്കുള്ള ചൈനീസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്നും തിരിച്ചുനല്‍കാനും നിര്‍ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈന നിലപാട് അറിയിച്ചത്. ഈ കിറ്റുകള്‍ നല്‍കുന്ന ഫലത്തിലെ കൃത്യത സംബന്ധിച്ച സംശയങ്ങളാണ് ഐസിഎംആറിനെ തീരുമാനത്തിലേക്ക് നയിച്ചത്. ഐസിഎംആര്‍ ഫലങ്ങള്‍ വിലയിരുത്തുന്നതും തീരുമാനങ്ങളെടുക്കുന്നതിലും തങ്ങള്‍ ഉത്കണ്ഠാകുലരാണെന്നും അദ്ദേഹം പറഞ്ഞു.ചൈനയുടെ നാഷനല്‍ മെഡിക്കല്‍ പ്രൊഡക്ട് അഡ്മിനിസ്‌ട്രേഷന്‍ സര്‍ട്ടിഫൈ ചെയ്ത കിറ്റുകളാണ് തങ്ങള്‍ നല്‍കുന്നതെന്ന് ചൈനീസ് കമ്പനികളുടെ മേധാവികളും അറിയിച്ചിട്ടുണ്ട്.
`