ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1,543 പേർക്ക് കോവിഡ്

ന്യൂദൽഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 1,543 പേർക്കാണ് ഒരു ദിവസത്തിനകം പുതുതായി രോഗം സ്ഥിരീകരിച്ചത്. 62 പേർക്ക് ജീവൻ നഷ്ടമായി. കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിതരെ കണ്ടെത്തിയ ദിവസമാണിത്. 29,435 പേർക്കാണ് ഇതോടെ രോഗം കണ്ടെത്തിയത്. 934 പേർ മരിക്കുകയും ചെയ്തു. 6869 പേർ ഇതേവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. 23.33 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 
അതിനിടെ, രാജ്യത്തെ തന്നെ കോവിഡ് സ്‌പോട്ടുകളിൽ ഒന്നായ ദൽഹിയിലെ ആശുപത്രികളും കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുന്നു. കഴിഞ്ഞ ദിവസം പട്പട്ഗഞ്ചിലെ മാക്‌സ് സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയിൽ 33 ആരോഗ്യ പ്രവർത്തകരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 നഴ്‌സുമാരും രണ്ടു ഡോക്ടർക്കും ഉൾപ്പടെയാണ് ആശുപത്രി ജീവനക്കാരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് മലയാളി നഴ്‌സുമാരും ഉണ്ട്. പട്പട്ഗഞ്ചിലെ മാക്‌സ് ആശുപത്രിയിൽ ഇതോടെ പതിനൊന്നു മലയാളി നഴ്‌സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയിൽ പോസീറ്റീവായി കണ്ടെത്തിയ ജീവനക്കാരെ എല്ലാം തന്നെ കോവിഡ് ചികിത്സ മാത്രം നൽകുന്ന സാകേതിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരിൽ ഏഴു മലയാളി നഴ്‌സുമാരും ഉണ്ടെന്നാണ് വിവരം.
     പട്പട്ഗഞ്ച് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 145 നഴ്‌സുമാരെ 14 ദിവസത്തെ നിരീക്ഷണത്തിലേക്കും മാറ്റി. ആശുപത്രി അടച്ചു പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. നേരത്തെ സാകേതിലെ മാക്‌സ് ആശുപത്രിയിൽ 39 നഴ്‌സുമാരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന ഒരു നഴ്‌സിനും ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. 
    ഇതിന് മുൻപായി കഴിഞ്ഞ ദിവസം വടക്കു കിഴക്കൻ ദൽഹിയിലെ ബാബു ജഗജീവൻ റാം ആശുപത്രിയും സീൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഞായാഴ്ച ഒരു നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹിന്ദു റാവു ആശുപത്രിയും അടച്ചു പൂട്ടിയത്. ദൽഹിയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് പിടിപെടുന്നത് തുടരുകയാണ്. ദൽഹി രോഹിണിയിലെ അംബേദ്കർ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ 29 ആരോഗ്യപ്രവർത്തകർക്ക് പുതുതായി രോഗബാധ കണ്ടെത്തി. ഇതിൽ ആറ് ഡോക്ടർമാരും, 20 നഴ്സുമാരും  മൂന്ന് ശൂചീകരണ തൊഴിലാളികളും ഉൾപ്പെടുന്നു.നേരത്തെ 51 പേരെ ഇവിടെ നിരീക്ഷണത്തിലാക്കിയിരുന്നു.     കോവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ദൽഹിയിലെ ഏഴ് ആശുപത്രികളിലാണ് മെഡിക്കൽ ഓഡിറ്റിംഗിന് ഉത്തരവിട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച് ശുപാർശ സർക്കാർ നാഷണൽ സെന്റർ ഫോർ ഡിസിസ്സ് കൺട്രോളിന് കൈമാറി.    
    ദൽഹി എംയിസ്, സഫ്ദർജംഗ്, ആർഎംഎൽ, മാക്സ് സാകേത്, ഇന്ദ്രപ്രസ്ഥ അപ്പോളോ, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ എന്നീ ഏഴു ആശുപത്രികളിലാകും മെഡിക്കൽ ഓഡിറ്റ് നടക്കുക. ആശുപത്രികളിലെ സുരക്ഷ ക്രമീകരണങ്ങൾ, കോവിഡ് പ്രോട്ടോകോൾ ഉൾപ്പെടെ ഓഡിറ്റിംഗിന് വിധേയമാക്കും.
 

Latest News