ന്യൂദൽഹി- കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ യുദ്ധക്കപ്പലുകളോട് സന്നദ്ധമായിരിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. മൂന്നു യുദ്ധക്കപ്പലുകളോട് ഗൾഫ് തീരത്തേക്ക് നീങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂറ്റൻ കപ്പലായ ഐഎൻഎസ് ജലാശ്വയോടും മറ്റ് രണ്ടു കപ്പലുകൾക്കുമാണ് നിർദ്ദേശം നൽകിയത്.
ജലാശ്വയിൽ ജീവനക്കാർക്ക് പുറമെ ആയിരം യാത്രക്കാരെ കൊണ്ടുവരാനാകും. ശാരീരിക അകലം പാലിച്ച് എണ്ണൂറ് പേരെ എത്തിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. എയർ ഇന്ത്യയുടെ ജംബോ വിമാനം ഉപയോഗിച്ചും ഗൾഫിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ നീക്കം നടക്കുന്നുണ്ട്.
കുടുംബപരമായ അത്യാവശ്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, വർക്ക് വിസയുടെ കാലാവധി കഴിഞ്ഞവർ, വിസിറ്റ് വിസയിൽ പോയവർ, രോഗികൾ, ഗർഭിണികൾ എന്നിവരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചുകൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നത്.






