Sorry, you need to enable JavaScript to visit this website.

ഒന്നര മാസത്തിനിടെ നാല് കോവിഡ് ചര്‍ച്ചകള്‍; പ്രധാന പ്രശ്നങ്ങളില്‍ ഇനിയും തീരുമാനമായില്ല

ന്യൂദല്‍ഹി- കോവിഡ് ലോക്ക്ഡൗണിനിടെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ നാല് ചര്‍ച്ചകള്‍ക്ക് ശേഷവും പ്രധാന പ്രശ്നങ്ങള്‍ തീരുമാനമാവാതെ കിടക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിശ്ചലമായിരിക്കെ, രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് മോഡിയുമൊത്തുള്ള നാലാമത്തെ വീഡിയോ കോണ്‍ഫറന്‍സിലും പരിഹാരമാവാതെ കിടക്കുന്നത്. കൊറോണ വൈറസ് പടര്‍ത്തിയ ഭീതിതമായ അനിശ്ചിതത്വത്തിനിടെ ലോക്ക്ഡൗണ്‍ എന്ന് തീരുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതാവുന്നത് പോലെ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളും ചോദ്യചിഹ്നമായി തുടരുന്നുവെന്നത് കോവിഡിനോളംതന്നെ പേടിപ്പെടുത്തുന്നു.

കോവിഡ് പ്രതിസന്ധിയില്‍ നിശ്ചലമായ സാമ്പത്തിക രംഗത്തെ രക്ഷിക്കാന്‍ ആവിഷ്കരിക്കേണ്ട പദ്ധതികളെ കുറിച്ച് ഈ യോഗത്തിലും പ്രധാനമന്ത്രി മിണ്ടിയില്ല എന്നത് എല്ലാ സംസ്ഥാനങ്ങളേയും ഒരുപോലെ നിരാശപ്പെടുത്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇക്കാര്യം ഇന്ന് മോദിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചെങ്കിലും പതിവ് മറുപടികള്‍ക്ക് അപ്പുറം ഇത് എങ്ങും എത്തിയില്ല. കോറോണയില്‍ നിശ്ചലമായ  സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാന്‍ നീതി അയോഗ് പരിവർത്തനപരമായ ആശയങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം ചര്‍ച്ചയില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. 

കൊറോണ കാലത്ത് വരുമാനം നിലച്ച സംസ്ഥാനങ്ങള്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമെന്നോണം കേന്ദ്രത്തോട് ആവശ്യപ്പെട്ട സാമ്പത്തിക സഹായാഭ്യര്‍ത്ഥന ഇത്തവണയും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാനങ്ങളുടെ, നേരത്തേ തടഞ്ഞുവച്ച ജിഎസ്ടി വരുമാനം പോലും ഈ ആപല്‍ഘട്ടത്തില്‍ വിതരണം ചെയ്തിട്ടില്ല.

എല്ലാ സംസ്ഥാനങ്ങളും മിക്കവാറും എല്ലാ ചര്‍ച്ചകളിലും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതാണ് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം. അവരെ നാട്ടിലെത്തിക്കുന്നത് മാത്രമല്ല, ജോലിയില്ലാതായ അവരെ പുനരധിവസിപ്പിക്കുന്നതും സംസ്ഥാനങ്ങളുടെ മാത്രം പ്രശ്നമായി കേന്ദ്രം കണക്കാക്കുന്നു. തൊഴിലാളി പ്രശ്നത്തിന് പരിഹാരം കാണാനുള്ള ആദ്യപടി അവരുടെ തിരിച്ചുവരവിനുള്ള ഗതാഗത സൗകര്യം ഒരുക്കുക എന്നതാണ്. ഇതിനുവേണ്ടി പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ഉദ്ധവ് താക്കറേ ഇന്നത്തെ ചര്‍ച്ചയില്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയെങ്കിലും കേന്ദ്രം തീരുമാനം അറിയിച്ചിട്ടില്ല.

രാജ്യത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട തൊഴിലാളികള്‍ക്കൊപ്പം ലോകത്ത് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതില്‍ തീരുമാനം ആയിട്ടില്ല. നോര്‍ക്ക വഴി ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന രജിസ്ട്രേഷന്‍ കേന്ദ്രം നല്‍കിയ എന്തെങ്കിലും ഉറപ്പിന്റെ പിന്‍ബലത്തിലല്ല, എന്നെങ്കിലും ഇക്കാര്യത്തില്‍ അനുകൂലമായി പ്രതികരണം ഉണ്ടാവുമെന്ന വിശ്വാസത്തിലുള്ള മുന്നൊരുക്കം മാത്രമാണ് എന്നാണ് മനസിലാവുന്നത്.

പ്രശ്നങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ച സംസ്ഥാനങ്ങള്‍ക്ക് ജീവിത പ്രശ്നങ്ങളല്ല, ജീവനാണ് വലുത് (Jaan Hai toh Jahan Hai) എന്ന പതിവ് മറുപടിയാണ് മോഡിയില്‍നിന്ന് ലഭിച്ചത്. ഒരു പ്രശ്നം കഴിഞ്ഞ് അടുത്തത് എന്ന രീതിക്ക് പകരം, എല്ലാം സമാന്തരമായി പരിഹരിക്കേണ്ടത് തന്നെയല്ലേ.

ഇത്തവണ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ യോഗത്തില്‍നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാത്തതിനാലാണ് പിണറായി വിജയന് പകരം ചീഫ് സെക്രട്ടറിയെ വിടേണ്ടിവന്നത്. കോവിഡ് കാലത്തെ ഏറ്റവും സുപ്രധാന ചര്‍ച്ച മൂന്നുമണിക്കൂറിലേറെ നീളുമ്പോഴും മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കപെടേണ്ടതാണ്.

Latest News