Sorry, you need to enable JavaScript to visit this website.

'വിജയ സമ്മേളനം' എന്ന ആഘോഷം

ആരോ പറഞ്ഞു കേട്ടു, മലയാളം ടെലിവിഷൻ ചാനലുകളിൽ ഇപ്പോൾ ഏറ്റവും ജനപ്രിയം നേടിയിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനമത്രേ. അവിശ്വസിക്കേണ്ട കാര്യമില്ല. കാഴ്ചക്കാർ എത്രയുണ്ടെന്നു നോക്കി മനസ്സിലാക്കിയാലല്ലേ പരസ്യത്തിനു വേണ്ടിയുള്ള വാദവും അപഗ്രഥനവും ഫലപ്രദമാകൂ.  കണ്ണീരും കിനാവും കലർത്തിയുള്ള പരമ്പരകൾ കാണികളെ ടെലിവിഷനു മുന്നിൽ പിടിച്ചിരുത്തിയിരുന്ന കാലം ഉണ്ടായിരുന്നു. ആ കിന്നാരം ഒരുക്കാൻ പലതുകൊണ്ടും ഇടക്കാലത്ത് വിഷമമായി.  പക്ഷേ തങ്ങളെ കോൾമയിർ കൊള്ളിക്കുന്ന പരിപാടി ഇല്ലാതായതുകൊണ്ട് കാണികൾ വേവലാതിപ്പെടുന്നില്ല എന്നു വേണം വിചാരിക്കാൻ.
കഥയും കാര്യവും കഥയില്ലായ്മയും ഇഷ്ടപ്പെടുന്ന ഓരോ വിഭാഗത്തെയും ആകർഷിക്കുന്നതായിരിക്കുന്നു മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്താസമ്മേളനം. ഒരു മാസം ഞാൻ മുടങ്ങാതെ കണ്ടിട്ടുള്ള ഒരു പരിപാടി ഉണ്ടെങ്കിൽ അത് ഇതാകും.  


വിജയന്റെ വൈകുന്നേരത്തെ സമ്മേളനത്തെ അത്ര ആകർഷകമാക്കുന്ന ദൃശ്യ, ശ്രാവ്യഘടകം എന്തായിരിക്കും? ആപൽസന്ധിയുടെ അന്തരീക്ഷം മുഴുവൻ അദ്ദേഹം ആവാഹിക്കുന്നു ആ ഒരു മണിക്കൂറിൽ. രൂപമറിയാത്ത ശത്രു എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോവിഡ്19 ക്രൂരനായ കോമാളിയെപ്പോലെ എപ്പോൾ എവിടെ കയറിക്കൂടും എന്ന് വിദഗ്ധർക്കു പോലും  പറയാൻ വയ്യ. 
മനുഷ്യരാശിയുടെ തിരോധാനം ആരും ചുരുങ്ങുന്ന ചക്രവാളത്തിൽ കാണുന്നില്ലെങ്കിലും ഭയത്തിന്റെയും നാശചിന്തയുടെയും തിരയടി എവിടെയും കേൾക്കാം. ഒരു മാസം അത് ആവിഷ്‌കരിക്കാനും പ്രതിവിധി കണ്ടെത്താനും വേണ്ടി നടത്തിയ നിത്യവാർത്താസമ്മേളനം മതിയെന്ന് ഒരിക്കൽ വിജയനു തന്നെ തോന്നി. അതു കൂടിയായിരുന്നല്ലോ ആ ദൈനംദിന പരിപാടി നിർത്തിനോക്കാൻ കാരണം.  ജനാഭിലാഷം തന്നെയായിരിക്കണം അതു വീണ്ടും തുടങ്ങാൻ പ്രേരകവും. 


കേരളം കണ്ട മുഖ്യമന്ത്രിമാരിൽ വാർത്താസമ്മേളനം നടത്തുമ്പോൾ പുലർത്തുന്ന ഗൗരവത്തിന്റെ കാര്യത്തിൽ ഒന്നാമൻ വിജയനാവില്ല.  ഗൗരവം വിടാതെയാണെങ്കിലും ആക്ഷേപ ഹാസ്യം കലർത്തിയാണെങ്കിലും വിജയൻ വല്ലപ്പോഴും ഒരു ചിരി പാസാക്കും. ചിരിക്കാൻ ഈ ലോകത്തിൽ ഒന്നുമില്ല എന്ന മട്ടിലായിരുന്നു അച്യുതമേനോന്റെ പെരുമാറ്റം. അഥവാ ആരെങ്കിലും
ശുണ്ഠി പിടിപ്പിക്കാൻ നോക്കിയാലും മുഖം ഒന്നു ചുവക്കുകയോ വാക്ക് ഒന്നു കടുക്കുകയോ ചെയ്‌തെന്നേ വരൂ. വിജയന്റെ ഭാവഹാവങ്ങളിൽ പതഞ്ഞുപൊങ്ങുന്ന രോഷം അനുഭവിക്കുന്നവർക്ക് ഒട്ടും ഇഷ്ടപ്പെടില്ല. തന്റെ മുന്നിൽ മൈക്ക് തള്ളി വരുന്നവരെ ഒരു നോക്കു കൊണ്ട് അദ്ദേഹം വിരട്ടി വിടുന്നു. അതു പോരെങ്കിൽ 'കടക്ക് പുറത്ത്' എന്ന ആജ്ഞ തന്നെ പുറപ്പെടുവിക്കുന്നു. ഓരോ മന്ത്രിസഭാ യോഗം ചേരുമ്പോഴും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്ന പതിവ് അദ്ദേഹം ഔപചാരികമായിത്തന്നെ നിർത്തലാക്കി. എന്തെങ്കിലും പറയാനുള്ളപ്പോഴേ പത്രക്കാരെ കാണുകയുള്ളൂ എന്ന നിലപാട് മാധ്യമങ്ങളിൽനിന്ന് അദ്ദേഹത്തെ അകറ്റില്ലേ എന്ന സംശയം പലർക്കുമുണ്ടായി. ആളുകളെ സോപ്പിടാനും അമ്മായി കളിക്കാനും തന്നെ കിട്ടില്ലെന്നു നിശ്ചയിച്ചപ്പോൾ ധാർഷ്ട്യത്തിന്റെ സ്വരം കേട്ടുവെങ്കിൽ അങ്ങനെയാവട്ടെ എന്ന മട്ടിലായി മുഖ്യമന്ത്രിയുടെ മുഖം.  


കേരളത്തിന്റെ രണ്ടാമത്തെ മുഖ്യൻ ഒരു കാരണവരെപ്പോലെയായിരുന്നു. രണ്ടാമത് ആ കസേരയിൽ കേറിയ ആൾ ഗൗരവക്കാരനായിരുന്നു; പക്ഷേ പത്രങ്ങളുമായി കെറുവിച്ചുനിന്ന ആളല്ല. സ്വന്തം പാർട്ടിക്കാർ തന്നെ ശത്രുവിനെ സംഹരിക്കാൻ മാട്ടും മാരണവും പ്രയോഗിച്ചിരുന്ന ആളാണ് അദ്ദേഹമെന്നു പ്രചരിപ്പിക്കാൻ വേറെ ആരുടെയും തുണ വേണ്ടിവന്നില്ല. ഒന്നാമതും മൂന്നാമതും മുഖ്യമന്ത്രിയായി വന്നത് വിജയന്റെ പാർട്ടിയുടെ ആചാര്യനായിരുന്നു- ഇ.എം. എസ്. നമ്പൂതിരിപ്പാട്. പുതിയൊരു രാഷ്ട്രീയ സംസ്‌കാരവും ശൈലിയും അവകാശപ്പെട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 


ബൂർഷ്വാ പത്രത്തെയും ബൂർഷ്വാ രാഷ്ട്രീയത്തെയും ബൂർഷ്വാ കോടതിയെയും അവിശ്വസിച്ചും പഴി പറഞ്ഞുമായിരുന്നു അന്നും എന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ വിളയാട്ടം. എല്ലാ സ്ഥാപനങ്ങളെയും സങ്കൽപങ്ങളെയും പൊളിച്ചുകാട്ടാൻ അവയെത്തന്നെ ഉപയോഗിക്കുകയായിരുന്നു വിപ്ലവ തന്ത്രം. അങ്ങനെയൊക്കെയാണെങ്കിലും ഇ.എം.എസിന് പത്രങ്ങളുമായി ഇടഞ്ഞും ഇഷ്ടപ്പെട്ടും കഴിയാൻ താൽപര്യമായിരുന്നു. പത്രങ്ങൾക്കും അദ്ദേഹം രസം പകർന്നു.  ഒരു സമ്മേളനവും ഓർത്തുവെക്കാൻ കൊള്ളുന്ന ഒരു പ്രയോഗമെങ്കിലും ഇല്ലാതെ അവസാനിച്ചിരുന്നില്ല. 'അങ്ങേക്ക് എപ്പോഴും വിക്കുണ്ടോ' എന്ന ചോദ്യവും 'സംസാരിക്കുമ്പോൾ മാത്രമേ ഉള്ളൂ' എന്ന മറുപടിയും ആരും മറന്നിട്ടില്ല. 'ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും കരുതുന്ന മഞ്ഞുമലക്കു വേണ്ടിയുള്ള യുദ്ധം' അവസാനിക്കാത്ത ചർച്ചക്കു വിഷയമായി. മൂന്നു നൂറ്റാണ്ടിന്റെ വ്യത്യാസത്തോടെ അധികാരത്തിൽ എത്തിയ വിജയന്റെ രോഷവും ഇ.എം.എസിന്റെ തർക്കവും കുതർക്കവും രസകരമായി താരതമ്യപ്പെടുത്താം. ഒരു സമ്മേളനം തുടങ്ങും മുമ്പ്, പതിവായി മുൻനിരയിൽ ഇടം പിടിക്കാറുള്ള ഒരു വയോധികനെ കാണാഞ്ഞപ്പോൾ ഇ.എം.എസ് തന്നെ ഒരു ചോദ്യം എറിഞ്ഞു: '...നായർ വന്നില്ലേ?' ആരോ മറുപടിയുമായെത്തി: 'ഇന്ന് തിങ്കളാഴ്ച.' സഗൗരവം ഇ.എം.എസ് ചോദിച്ചു: 'എന്താ, തിങ്കളാഴ്ച നോൽക്കുന്ന ആളാണോ? തുടർന്നു വന്ന ചിരിയിൽ പങ്കു കൊള്ളാൻ നായരും എത്തി.
കണ്ണൂരിന്റെ പരുപരുപ്പിൽ നർമ്മം ചേർത്തായിരുന്നു ഇ.കെ. നായനാരുടെ അവതരണം. മുന്നിലിരിക്കുന്നവരെ വിമർശിക്കുമ്പോഴും അദ്ദേഹം ചിരിക്കാൻ വക നൽകി. എന്നിട്ടൊരു ഒറ്റവാക്കിൽ ചോദ്യവും: റൈറ്റ്. സൗഹൃദം എന്നു പറയാൻ വയ്യെങ്കിലും ബൂർഷ്വ പത്രങ്ങളുമായി വി.എസ്. അച്യുതാനന്ദൻ രസിച്ചും ആക്രമിച്ചും കഴിഞ്ഞുകൂടി. പി..കെ. വാസുദേവൻ നായർ ജന്റിൽമാൻ കമ്യൂണിസ്റ്റ് ആയിരുന്നു. വിമർശനവും ആരോപണവും തനിക്കൊരു ആഭരണമേ ആകുന്നുള്ളൂ എന്നു വരുത്തിയ കെ. കരുണാകരൻ എന്നും പത്രങ്ങൾക്ക് അഭിഗമ്യനായിരുന്നു. ആവുമ്പോഴൊക്കെ അദ്ദേഹം പത്രങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്തു.  ഒരു പത്രക്കാരനെയും ഒരിക്കലും പിണക്കാത്ത ഒരു മുഖ്യമന്ത്രിയേ ഉണ്ടായിരുന്നുള്ളൂ: എ.കെ. ആന്റണി.  പത്രങ്ങളെ ഉപയോഗിക്കേണ്ടതാണെന്ന് നേരത്തേ ആന്റണിയിൽനിന്ന് ഉമ്മൻ  ചാണ്ടി മനസ്സിലാക്കിയോ അതോ ഉമ്മൻ ചാണ്ടി ആന്റണിയിൽനിന്നോ?


ആന്റണിയുടേതിൽനിന്ന് തീർത്തും വ്യത്യസ്തമോ വിരുദ്ധം തന്നെയോ ആണെന്നു പറയാം പിണറായി വിജയന്റെ മാധ്യമ നയം.  പത്രക്കാരനെ സുഖിപ്പിക്കാൻ എന്നു തെളിച്ചും തോന്നിക്കുന്ന നിലപാട് അദ്ദേഹം ഒരിക്കലും എടുക്കില്ല. മസൃണത ഒരു ദുർബലതയാണെങ്കിൽ ആ ദുർബലത ലവലേശം അദ്ദേഹം ഉള്ളിലൊതുക്കുകയുമില്ല. മയത്തിൽ പറഞ്ഞാൽ നടത്താവുന്ന കാര്യം നിവൃത്തിയുണ്ടെങ്കിൽ അദ്ദേഹം കർക്കശമായേ പറയൂ.  അതാണ് ആ വ്യക്തിത്വത്തിന്റെ രൂപരേഖയും ഘടനയും. തന്റെ കാർക്കശ്യത്തിൽ അദ്ദേഹത്തിന് ഖേദമൊട്ടില്ലതാനും.  
പലപ്പോഴും ഓതിരത്തിന്റെയോ കടകത്തിന്റെയോ വായ്ത്താരിയും ചുവടും കാണാൻ ഇട വരുത്തുന്നതാകും വിജയന്റെയും മാധ്യമങ്ങളുടെയും തമ്മിലുള്ള സമാഗമം.  ഒരു പക്ഷേ ചൂടാർന്ന കോപ്പി മാത്രം കൊതിക്കുന്ന പത്രങ്ങളുടെ ഓരോ നീക്കത്തെയും അദ്ദേഹം ഗൂഢോദ്ദേശ്യമായി ശങ്കിക്കും. മാധ്യമ സിൻഡിക്കേറ്റ് രൂപം കൊണ്ടത് അങ്ങനെയാകാം. 'അർഥവും സംബന്ധവും അറ്റതാം ഏറെ തുണ്ടു വാർത്തകൾ' തേടിയുള്ള പത്രങ്ങളുടെ പോക്കും എന്തിനെയും സംശയിക്കുന്ന വിജയന്റെ മൂർച്ചയേറിയ വാക്കും സമാന്തരമായി സ്ഥലം പിടിക്കുന്നു. മറിച്ചായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഈണത്തിൽ അധിക്ഷേപം കുത്തിക്കേറുമായിരുന്നില്ല. 


ഒന്നും മറക്കുകയോ മറയ്ക്കുകയോ ചെയ്യുന്നതല്ല വിജയന്റെ സ്വഭാവം. എതിർപ്പിനെ നേരിടുകയും സംഘർഷത്തിൽ ആണ്ടിറങ്ങുകയുമാണ് അദ്ദേഹത്തിന് പഥ്യം. മറ്റൊന്നായിരുന്നു ഭാവമെങ്കിൽ സെൻകുമാറിനെയും ജേക്കബ് തോമസിനെയും വീഴ്ത്താൻ വഴി തേടി നടക്കുമായിരുന്നില്ല.  ഒരു ഘട്ടം വന്നപ്പോൾ തനിക്ക് ചെയ്യാൻ കഴിയുന്ന ഉപദ്രവം
ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിക്ക് ഉദാരത പ്രകാശിപ്പിക്കാമായിരുന്നു.  പക്ഷേ അങ്ങനെ വിട്ടുകളയുകയും വിട്ടുവീഴ്ച ചെയ്യുകയും അല്ല ഊരിപ്പിടിച്ച വാളുമായി വരിനിൽക്കുന്ന എതിരാളികളുടെ നടുവിലൂടെ ഇടം വലം നോക്കാതെ നടന്നുനീങ്ങിയ പിണറായി വിജയന്റെ ശൈലി.  


അദ്ദേഹം ഒന്നും മറക്കുന്നില്ല. കൊറോണയെപ്പറ്റിയുള്ള സായാഹ്ന സമ്മേളനത്തിൽ പൊതുവെ കണ്ടത് കണ്ടു പരിചയമില്ലാത്ത വിജയന്റെ ശാന്തമുഖമായിരുന്നു.  പൊട്ടിത്തെറി കാത്തിരുന്നവർ അത്ഭുതം കൂറി. വല്ലാത്ത പ്രകോപനം വരുമ്പോൾ ഉറഞ്ഞു കേറും എന്നു പേടിക്കുമ്പോൾ പെട്ടെന്നാകും അദ്ദേഹം 'ശാന്തവീചിയതിൽ വീചി പോലെ'യാകുന്നത്.  കഴിഞ്ഞ വ്യാഴാഴ്ച പതിവു വിട്ട് ഒച്ച ഉയർന്നു, കലമ്പൽ കൂട്ടുന്ന ഓർമകൾ ഉയിർത്തെണീറ്റു.  തന്നെയും കുടുംബാംഗങ്ങളെയും ഇകഴ്ത്തിക്കാട്ടുന്ന കഥകൾ അദ്ദേഹം ഉരുക്കഴിച്ചു.  അദ്ദേഹത്തിന്റെ രോഷം അസ്ഥാനത്തായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ 'പൊന്നാപുരം കോട്ട' പോലുള്ള വീടിനെയും :'കമല ഇന്റർനാഷണൽ' എന്ന ഭാര്യയുടെ കമ്പനിയെപ്പറ്റിയുമുള്ള കഥകൾ ഇറങ്ങിയ വഴിക്കേ പൊളിച്ചുകളയാമായിരുന്നു.  സത്യത്തോളം മൂർച്ചയുള്ള കൃപാണമില്ല.  പക്ഷേ മഹാശ്വേതാ ദേവി വിജയന്റെ വീടിനെപ്പറ്റി പ്രസ്താവന ഇറക്കിയപ്പോഴേ അതിനദ്ദേഹം ഫലപ്രദമായ ഒരു മറുപടി നൽകിയുള്ളൂ. ഓർക്കുക, നമ്മുടെ രാഷ്ട്രീയം പൊതുവെയും വിജയന്റെ പാർട്ടി വിശേഷിച്ചും വളർത്തിയെടുത്ത ഒരു ശൈലീവൈകൃതമുണ്ടല്ലോ, ഓരോ പ്രസ്താവത്തെയും ആരോപണവും  ആരോപണത്തെ വിധിന്യായവും ആക്കിയെടുക്കുന്ന സംസ്‌കാരം, അതിന്റെ വിനയാണ് ഭരണത്തിലും പ്രതിപക്ഷത്തും മലീമസത കണ്ടെടുക്കാനുള്ള നിത്യവ്യഗ്രത.  അതുകൊണ്ട് രാഷ്ട്രീയ നേതാക്കന്മാരുടെ 'പൊന്നാപുരം കോട്ട'കളെപ്പറ്റിയുള്ള പുരാണം തുടരും. വിജയന്റെ അരിശത്തിനുള്ള അവസരവും നിലനിൽക്കും. 

Latest News